ADVERTISEMENT

ദുബായ് ∙ കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ്  നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ അറിയിച്ചത് ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നു  . ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് മാസങ്ങളായി ഇരട്ടിയിലേറെ നിലനിൽക്കുന്ന സാഹചര്യത്തിൽ കുടുംബത്തെ കാണാതെ വർഷങ്ങളായി ഗൾഫിൽ കഴിയുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

ferry-service-from-kerala-to-gulf3
ദുബായിൽ നിന്ന് സർവീസ് നടത്താനുദ്ദേശിക്കുന്ന യാത്രാ കപ്പൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

കഴിഞ്ഞ മാസം ഷിപ്പിങ് കോർപറേഷൻ ഒാഫ് ഇന്ത്യ, നോർക്ക റൂട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവുയമായി നടത്തിയ വെര്‍ച്വൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.  കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് ആരംഭിക്കുന്നതിനായി, ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവരും ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക.

ferry-service-from-kerala-to-gulf2
ദുബായിൽ നിന്ന് സർവീസ് നടത്താനുദ്ദേശിക്കുന്ന യാത്രാ കപ്പൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

അതേസമയം, മാസങ്ങൾക്ക് മുൻപേ ഷാർജ ഇന്ത്യൻ അസോസിയേഷൻ കപ്പൽ സർവീസിനായി പ്രയത്നിച്ചുവരികയായിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടെ ഇക്കാര്യത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നതിൽ എല്ലാവരും സന്തോഷത്തിലാണ്.

ferry-service-from-kerala-to-gulf1
ദുബായിൽ നിന്ന് സർവീസ് നടത്താനുദ്ദേശിക്കുന്ന യാത്രാ കപ്പൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

 വൻതുക വിമാന ടിക്കറ്റിന് നൽകാനില്ലാതെ കേരളത്തിൽ കുടുംബത്തോടൊപ്പം ഒാണം, പെരുന്നാൾ, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കാനാകാത്ത പ്രവാസി മലയാളികൾക്ക്  ഏറെ സന്തോഷം പകരുന്നതായിരുന്നു ഷാർജ ഇന്ത്യൻ അസോസിയേഷൻ പങ്കുവച്ച വിവരം. പതിനായിരം രൂപയ്ക്ക് വൺവേ ട‌ിക്കറ്റ്, 200 കിലോ ഗ്രാം ലഗേജ്, ഭക്ഷണം, വിനോദപരിപാടികൾ, മൂന്ന് ദിവസം കൊണ്ട് നാടുപിടിക്കാം.

ദുബായിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും കപ്പൽ സർവീസ് നടത്താനാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ശ്രമിച്ചത്. ആദ്യം പരീക്ഷണ സർവീസ് നടത്താനാണ് തീരുമാനമെന്നും ഇത് വിജയിച്ചാൽ മാസത്തിൽ 2 ട്രിപ്പുകൾ നടത്താനാണ് പദ്ധതിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു ട്രിപ്പിൽ 1,250 പേർക്ക് യാത്ര ചെയ്യാം 

ship-service1
കേരളത്തിലേക്ക് സർവീസ് നടത്താനുദ്ദേശിക്കുന്ന യാത്രാ കപ്പൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സർവീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ നിർമാണം പൂര്‍ത്തിയായി, പിന്നീട് അവർ വേണ്ടെന്ന് വച്ച കപ്പലാണ് ദുബായ്–കേരള സർവീസിന് കണ്ടുവച്ചിട്ടുള്ളത്. ഒരു ട്രിപ്പിൽ 1250 പേർക്ക് വരെ യാത്ര ചെയ്യാവുന്ന കപ്പലാണിത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. കാർഗോ കമ്പനികളുമായി ചേർന്നാണ് സർവീസ് ഏർപ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ്  10,000 രൂപയ്ക്ക് നൽകാൻ സാധിക്കുന്നത്.

ship-service
കേരളത്തിലേക്ക് സർവീസ് നടത്താനുദ്ദേശിക്കുന്ന യാത്രാ കപ്പൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

ചർച്ചകൾ നടക്കുന്നു;ഫലം വന്നാൽ കപ്പൽ യാത്രയ്ക്ക് ഒരുങ്ങാം

അതേസമയം, ഈ ആവേശകരമായ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ചർച്ചകൾ നടത്തിവരുന്നു. പ്രധാന പങ്കാളികൾക്കിടയിൽ ഏറ്റവും ഒടുവിൽ നടത്തിയ ചർച്ചകളിലൂടെ സമവായത്തിലെത്തി. ഇന്ത്യൻ അസോസിയേഷൻ ഷാർജയും ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒരു കൺസോർഷ്യം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു. ആറ് മാസത്തെ ഓപറേഷൻ പാസഞ്ചർ കപ്പൽ ചാർട്ടർ ചെയ്തുകൊണ്ട് പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനം ആരംഭിക്കുക എന്നതാണ് ഈ കൺസോർഷ്യത്തിൻ്റെ കാഴ്ചപ്പാട്. 

പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സർവീസ് കൊണ്ടുവരുമെന്ന് ഇൗ വർഷം ജൂണിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രസ്താവിച്ചിരുന്നു. ഇതിനായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചതായും അന്ന് അദ്ദേഹം വ്യക്തമാക്കി. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡവലപ്പ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. 

English Summary:

Ferry service from Kerala to Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com