കാണാതായ യുവാവിനെ 38 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി ഷാർജ പൊലീസ്
Mail This Article
ഷാർജ ∙ കാണാതായ യുവാവിനെ 38 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഷാർജയിലെ ആശുപത്രിയിൽ കണ്ടെത്തി. നോർവീജിയൻ പൗരത്വമുള്ള പാക്കിസ്ഥാനി യുവാവ് സഖ് ലൈൻ മുനിറിനെ(22)യാണ് ഷാർജ പൊലീസ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ സഖ് ലൈനെ കണ്ടെത്തിയതായി ഷാർജ പൊലീസിൽ നിന്ന് വിവരം ലഭിച്ചുവെന്ന് സഖ് ലൈന്റെ പിതാവ് അസ്ഹർ മുനിർ പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സഖ് ലൈനെ കാണാതായത്. പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തിയായതിനാൽ ഏറെ ദുഃഖിതരായ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസിനെ കൂടാതെ തിരച്ചിൽ നടത്തിവരികയായിരുന്നു. ആരോടും സഖ്‌ലൈൻ സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പാക്കിസ്ഥാനിൽ ചികിത്സയ്‌ക്ക് കൊണ്ടുപോകുന്നതിന് മുൻപായി മകന് മാനസികോല്ലാസം നൽകുന്നതിനാണ് കുടുംബം നോർവേയിൽ നിന്ന് യുഎഇയിലെത്തിയത്. നവംബർ 30 ന് രാജ്യത്ത് എത്തിയ അവർ ഇന്ന് ( 9 ന്) പാക്കിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നു.
∙ സഖ് ലൈൻ വീടുവിട്ടിറങ്ങിയത് എങ്ങനെ?
ഷാർജയിലെ അൽ ഖാസിമിയയിൽ ബന്ധുവിനൊപ്പമാണ് അസ്ഹറും സഖ്‌ലൈനും താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി അസ്ഹറിന് ചില കാര്യങ്ങൾക്കായി ദുബായിലേക്ക് പോകേണ്ടി വന്നു. യാത്രയ്ക്കിടെ ഭക്ഷണത്തിനായി ഒരു റസ്റ്ററന്റിന് മുൻപിൽ നിർത്തിയതിനാൽ മടങ്ങിവരവ് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തു. ഒരിക്കലും മകനെ തനിച്ചാക്കി എവിടെയും പോകാറില്ലെങ്കിലും അന്ന് സഖ് ലൈനെ തന്റെ ബന്ധുവിനൊപ്പം വീട്ടിൽ തന്നെ നിർത്തി. പിന്നീട് ബന്ധു ഒരു റസ്റ്ററന്റിലേക്ക് രാത്രി ഭക്ഷണത്തിനായി പോയപ്പോൾ സഖ് ലൈൻ തന്റെ മൊബൈൽ ഫോണുമായി വീട്ടിൽ നിന്ന് സ്ഥലം വിടുകയായിരുന്നു. പാകിസ്ഥാനികളുടെ പരമ്പരാഗത വസ്ത്രമായ കുർത്ത– പൈജാമയാണ് കാണാതാകുമ്പോൾ സഖ് ലൈൻ ധരിച്ചിരുന്നത്. സഖ് ലൈൻ വീട് വിട്ടുപോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചു. ഇതോടൊപ്പം, മകനെ കാണാനില്ലെന്ന് ഷാർജ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഇന്നലെ( വെള്ളി) വൈകിട്ട് കസ്‌ബ കനാലിന് സമീപം സഖ് ലൈനെ കണ്ടെത്തിയ ഒരാളാണ് സ്വിച്ഡ് ഒാഫായിരുന്ന അദ്ദേഹത്തിന്റെ ഫോൺ ഓണാക്കിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചു. 38 മണിക്കൂറിന് ശേഷം ഷാർജ പൊലീസ് സന്തോഷവാർത്ത എത്തിച്ചുവെന്നും സഖ് ലൈനെ കണ്ടെത്താൻ നടത്തിയ പൊലീസിന്റെ ത്വരിത നടപടിക്ക് ബന്ധുക്കൾ നന്ദി പറഞ്ഞു.