ഗർബ യുനെസ്കോ സാംസ്‌കാരിക പൈതൃകം; ബഹ്‌റൈൻ ഇന്ത്യൻ സമൂഹം ആഘോഷത്തിൽ
Mail This Article
മനാമ∙ ഗുജറാത്തിലെ ഗർബ നൃത്തത്തെ യുനെസ്‌കോ സാംസ്‌കാരിക പൈതൃകമായി പ്രഖ്യാപിച്ചത് ആഘോഷിക്കുന്നതിനായി ഇന്ത്യൻ സമൂഹം മനാമ ശ്രീനാഥ് ജി ക്ഷേത്രത്തിൽ ഒത്തുചേർന്നു. 200 വർഷം പഴക്കമുള്ള മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ നർത്തകർ ഗർബ നൃത്തരൂപം പ്രദർശിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ തട്ടായി ഹിന്ദു സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഗുജറാത്തി സമൂഹവും ഇന്ത്യയിലെ ബഹ്‌റൈൻ സമൂഹത്തിലെ നിരവധി ആളുകളും പങ്കെടുത്തു.
മനാമ ശ്രീനാഥ്ജി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഒമ്പത് ദിവസങ്ങളിൽ എല്ലാ വർഷവും പരമ്പരാഗതമായി ഗർബ നൃത്തം അവതരിപ്പിക്കപ്പെടുന്നുണ്ട്.കല, ആചാരങ്ങൾ തുടങ്ങി മാനവരാശിയുടെ അമൂർത്തമായ സാംസ്കാരികപാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിനാണ് യുനെസ്കോ പട്ടിക പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ കൂടിയാട്ടം, മുടിയേറ്റ് എന്നിവയുൾപ്പെടെ ഇന്ത്യയിൽനിന്ന് ഇതുവരെ 14 ഇനങ്ങളാണ് ഇടംനേടിയിരുന്നത്. ഈ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള 15-ാമത്തെകലാരൂപമാണ് ഗുജറാത്തിലെ ഗർബ. സാമൂഹികവും ലിംഗഭേദവും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത കലാരൂപം എന്ന നിലയിൽ ആണ് ഗർബയെ തിരഞ്ഞെടുത്തത് . നൃത്തരൂപമെന്ന നിലയിൽ, ഗുജറാത്തിലെ ഗർബ ആചാരപരവും ഭക്തിപരവുമായ വേരുകളിൽ ആഴത്തിൽ വേരൂന്നിയതുമാണ്. കൂടാതെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ഉൾക്കൊള്ളുകയും ചെയ്യുന്നു ,
ആഘോഷത്തിൽ ഇന്ത്യൻ സ്‌ഥാനപതി വിനോദ് കെ ജേക്കബ് സംബന്ധിച്ചു. ഗർബ നൃത്തരൂപം സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും , ചരിത്രപ്രസിദ്ധമായ ശ്രീനാഥ്ജി ക്ഷേത്രത്തിലെ ആഘോഷം ഇന്ത്യയും ബഹ്‌റൈൻ രാജ്യവും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ പാരമ്പര്യത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂസഫ് ലോറി, നബീജ് അജൂർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.