ADVERTISEMENT

തിരുവനന്തപുരം∙ സൗദി അറേബ്യയിൽ രണ്ടര  വർഷത്തെ തടവിന് ശേഷം തിരുവനന്തപുരം വിതുര സ്വദേശി റഷീദിന് ഇനി സ്വന്തം നാട്ടിൽ  രണ്ടാം ജീവിതം. സാമൂഹിക പ്രവർത്തകൻ ചമഞ്ഞെത്തിയ സുഹൃത്തിന്റെ വാക്ക് കേട്ടതിനാലാണ് താൻ ജയിലിൽ അകപ്പെടാൻ ഇടയായതെന്ന് റഷീദ് പറഞ്ഞു.

സംഭവം ഇങ്ങനെയാണ്: നാല് വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വീസയിൽ റഷീദ്  ജിദ്ദയിലെത്തുന്നത്. എന്നാൽ സ്വദേശിയായ സ്പോൺസർ റഷീദിനെ തന്‍റെ സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്യാൻ നിർബന്ധിച്ചു. സ്വദേശിവത്ക്കരണം ശക്തമായ രാജ്യത്ത് പരിശോധന ശക്തമാക്കിയ സമയത്താണ് റഷീദിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. സ്വദേശി തൊഴിലെടുക്കേണ്ട തസ്തികയിൽ വിദേശിയെ കണ്ട പൊലീസ് അടുത്ത തവണ പരിശോധനക്കെത്തുമ്പോൾ തൊഴിൽ സ്ഥലത്ത് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് റഷീദിന് മുന്നറിയിപ്പ് നൽകി. ഇത് കേട്ട് ഭയന്ന റഷീദ് തൊഴിലിടം വിട്ട് സുഹൃത്തിന്‍റെ അടുത്ത് അഭയം തേടി. പാസ്പോർട്ട് സ്പോൺസറുടെ അടുത്ത് ആയതിനാൽ ഉടൻ നാട്ടിലെത്താൻ സാമൂഹിക പ്രവർത്തകൻ ചമഞ്ഞ് അടുത്തെത്തിയ ഷാൻ എന്നയാളുടെ വാക്ക് കേട്ടതാണ് റഷീദിന് വിനയായത്.  ഇതിനിടയിൽ റഷീദ് ഒളിച്ചോടിയെന്ന പരാതിയും സ്പോൺസർ കൊടുത്തിരുന്നു.

ജിദ്ദയിലെ  നാട് കടത്തൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിടച്ച്  മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നാണ് ഷാൻ റഷീദിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനായി  4,000 റിയാൽ റഷീദിൽ നിന്ന് കൈക്കലാക്കിയ ഷാനിനെ പിന്നീട് കണ്ടിട്ടില്ലെന്ന് റഷീദ് പറയുന്നു.  മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റഷീദ്  28 മാസമാണ് ജയിലിൽ കിടന്നത്.  ഇതിനിടയിൽ ജിദ്ദയിൽ നിന്ന് റിയാദിലെ ജയിലിലേക്ക് റഷീദിനെ മാറ്റിയിരുന്നു.  ജയിൽ മോചനത്തിനായി  വിവിധ  കേന്ദ്രങ്ങളെ  റഷീദിന്‍റെ മാതാപിതാക്കൾ  സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

∙ വിഷയം എം.എ.യൂസഫലിയുടെ ശ്രദ്ധയില്‍
തുടർന്ന്  വിഷയം  ലുലു ഗ്രൂപ്പ്  ചെയർമാൻ എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്  റഷീദിന്  മോചനം സാധ്യമായത്.  ഇതുമായി ബന്ധപ്പെട്ട   നിയമപ്രശ്നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ  ഇടപെടൽ മൂലം   പരിഹരിച്ചാണ്   റഷീദിനെ സൗദി കോടതി ജയിൽ മോചിതനാക്കിയത്.   കഴിഞ്ഞ  ശനിയാഴ്ച രാത്രി റിയാദിൽ നിന്ന് മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ  തിരുവനന്തപുരത്തെത്തിയ റഷീനെ സഹോദരൻ റമീസും മറ്റ് ബന്ധുക്കളും സ്വീകരിച്ചു.  സഹോദരന്‍റെ മോചനത്തിനായി  പരിശ്രമിച്ച എം.എ. യൂസഫലിക്കും ലുലു ഗ്രൂപ്പ് റിയാദ് ഓഫിസിനും റമീസ് നന്ദി പറഞ്ഞു

English Summary:

Young Malayali Freed After 2.5 Years in Saudi Prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com