പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഭക്ഷ്യ കമ്പനി
Mail This Article
ദോഹ ∙ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നീളമേറിയ വാക്യമെഴുതി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഭക്ഷ്യ കമ്പനിയായ മസ്സറാത്തി. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിലാണ് 35,000 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് 'ഖത്തറിലെ ഏറ്റവും മികച്ചത്' എന്ന വാക്കിന്റെ അറബിക് പദമുണ്ടാക്കി എക്‌സ്‌പോയുടെ സുസ്ഥിര ഭക്ഷ്യ പങ്കാളിയായ മസ്സറാത്തി കമ്പനി ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ദോഹ എക്‌സ്‌പോ അധികൃതരുടെ സഹകരണത്തോടെയാണിത്.
ഇതാദ്യമായല്ല ദോഹ എക്‌സ്‌പോ ഗിന്നസ് ലോക റെക്കോർഡിന് വേദിയാകുന്നത്. ഉദ്ഘാടനത്തിന് മുൻപേ തന്നെ ദോഹ എക്‌സ്‌പോയുടെ പ്രധാന കെട്ടിടത്തിന് ലോകത്തിലെ ഏറ്റവും വലിയ ഹരിത മേൽക്കൂരയ്ക്കുള്ള ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് 3-ഡി പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ ഫ്രീസ്റ്റാൻഡിങ് കോൺക്രീറ്റ് കെട്ടിടത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ എക്‌സ്‌പോയിലെ പവിലിയന് ലഭിച്ചത്.