കൂടുതൽ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിന് യുഎഇ; ലക്ഷ്യം നിറവേറ്റിയില്ലെങ്കിൽ കുറഞ്ഞ പിഴ 96,000 ദിർഹം
Mail This Article
ദുബായ്∙ കൂടുതൽ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിന് ടാർഗറ്റ് നിശ്ചയിച്ച് പദ്ധതി ശക്തമായി നടപ്പാക്കാൻ യുഎഇ . 20 മുതൽ 49 ജീവനക്കാരുള്ള 14 പ്രത്യേക സാമ്പത്തിക മേഖലകളിലായി പ്രവർത്തിക്കുന്ന 12,000-ത്തിലധികം കമ്പനികൾക്ക് 2024-ലും 2025-ലും ഒരു യുഎഇ പൗരനെ വീതം നിയമിക്കേണമെന്ന നിർദേശം നൽകി കഴിഞ്ഞു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) അടുത്തിടെ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ സംവിധാനം വഴി ഈ അറിയിപ്പ് നൽകി. സമയബന്ധിതമായി ലക്ഷ്യം കൈവരിക്കണമെന്നാണ് നിർദേശം.
കമ്മ്യൂണിക്ഷേനും ധനകാര്യവും ഇൻഷുറൻസും,റിയൽ എസ്റ്റേറ്റും സാങ്കേതിക പ്രവർത്തനങ്ങളും വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും സാമൂഹിക പ്രവർത്തനവും കലയും വിനോദവും ഖനനവും പരിവർത്തന വ്യവസായങ്ങളും നിർമ്മാണവും ഗതാഗതവും സംഭരണവും തുടങ്ങിയ വിവിധ മേഖലകളിൽ ഇതോടെ സ്വദേശിവത്കരണം ശക്തമാക്കും.
“എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ വേഗത്തിൽ നിറവേറ്റാനും വർഷാവസാനത്തിന് മുൻപ് കാലതാമസം ഒഴിവാക്കാനും” തീരുമാനത്തിന് വിധേയരായ കമ്പനികളോട് മൊഹ്രെ നിർദേശിച്ചിട്ടുണ്ട്. വീഴ്ച്ച വരുത്തുന്ന പക്ഷം 2024-ൽ നിയമിക്കാത്ത ഓരോ യുഎഇ പൗരനും 96,000 ദിർഹം വീതം ഈ കമ്പനികൾക്ക് പിഴ ചുമത്തും. 2025 ജനുവരി മുതൽ പിഴ ശേഖരിക്കും. അതേസമയം, 2025 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിന് 108,000 ദിർഹം പിഴ ചുമത്തും, 2026 ജനുവരിയിൽ ഈ പിഴ ശേഖരിക്കും. മൊഹ്‌റുമായി ധാരണയിലെത്തുന്ന കമ്പനികൾക്ക് അവരുടെ സംഭാവനകൾ തവണകളായി അടയ്ക്കാൻ അനുവദിക്കും.