ഫ്ലൂ പടരുന്നു; ബഹ്റൈനിൽ കഴിവതും മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യ വിദഗ്ധർ
Mail This Article
മനാമ ∙ രാജ്യം പതുക്കെ തണുപ്പിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ബഹ്റൈനിൽ ആളുകളിൽ ശൈത്യകാല രോഗങ്ങളും പിടിപെട്ടു തുടങ്ങി. പ്രത്യേകിച്ച് സ്‌കൂൾ കുട്ടികളിൽ ഫ്ലൂ പോലുള്ള രോഗങ്ങളാണ് ഈ കാലാവസ്‌ഥയിൽ പടരാൻ സാധ്യത ഉള്ള അസുഖങ്ങൾ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രാജ്യത്തെ മിക്ക മെഡിക്കൽ സെന്ററുകളിലും പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളാണ് കൂടുതലും ചികിത്സയ്ക്കായി എത്തുന്നത്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്ന പ്രത്യേക തരത്തിലുള്ള വൈറസ് ആണ് രോഗം പരത്തുന്നത്. മിക്ക ആളുകളും സ്വയം സുഖം പ്രാപിക്കുന്നുണ്ടെങ്കിലും അസുഖം ബാധിച്ചവർക്ക് അത് വീണ്ടെടുക്കാൻ കുറച്ച് സമയമെടുക്കുന്നു എന്നുള്ളതാണ് രോഗത്തിന്റെ പ്രത്യേകത.
പലരിലും ശ്വാസ തടസ്സം, മൂക്കൊലിപ്പ്, തലവേദന എന്നിവയൊക്കെയാണ് രോഗ ലക്ഷണങ്ങൾ. ബഹ്‌റൈനിലെ പല ഹെൽത്ത് സെന്ററുകളിലും കുട്ടികളും പ്രായമായവരുമായ നിരവധി പേരാണ് ശൈത്യ കാല രോഗത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയ്ക്കായി എത്തുന്നത്. ശരീരവേദന, തലവേദന, ക്ഷീണം എന്നിവയാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ. അസുഖ ലക്ഷണങ്ങൾ ഉള്ളവർ പൊതു സ്‌ഥലത്ത് തുമ്മുന്നതും ആളുകൾ കൂട്ടം കൂടിയുള്ള സ്‌ഥലങ്ങളിൽ പോകുന്നതും കഴിവതും ഒഴിവാക്കുക എന്നതാണ് രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുൻ കരുതൽ. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും കുട്ടികളും കഴിവതും മാസ്‌ക് ഉപയോഗിക്കണമെന്നും സ്വിമ്മിങ് പൂളുകൾ, പാർട്ടികൾ മുതലായവ ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.