വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്
Mail This Article
മസ്കത്ത്∙ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഒമാനില്‍ വീസയില്ലാതെ പ്രവേശിക്കാനാകുമെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ് (ആര് ഒ പി). ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വീസാ നടപടികളില്‍ മാറ്റമില്ലെന്നും മുന്‍കാലങ്ങളിലേത് പോലെ തുടരുന്നതായും ആര് ഒ പി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാശ്മിയെ ഉദ്ധരിച്ച് പ്രാദേശിക ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, യു എസ്, കാനഡ, യൂറോപ്യന്‍ വീസകളുള്ള ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് വരുമ്പോള്‍ ഓണ്‍ അറൈവല്‍ വീസാ സൗകര്യമുണ്ട്. കനേഡിയന്‍ റസിഡന്‍സിനും ഒമാനിലേക്ക് സൗജന്യമായി ഓണ്‍ അറൈവല്‍ വീസയില്‍ പ്രവേശിക്കാനാകും. 14 ദിവസത്തേക്കാണ് വീസ ലഭിക്കുക. കാലതാമസമില്ലാതെ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകുമെന്നും മേജര്‍ മുഹമ്മദ് അല്‍ ഹാശ്മി പറഞ്ഞു.
ഒമാനും ഖത്തറും ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് വീസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി യാത്രചെയ്യാമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചത്. ഹെന്‍ലി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീസ ഫ്രീയായോ ഓണ്‍ അറൈവല്‍ വീസയിലോ ആണ് യാത്ര ചെയ്യാനാവുക എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഒമാന്റെ കാര്യത്തില്‍ കൃത്യത വരുത്തിയിരിക്കുകയാണ് അധികൃതര്‍.