ADVERTISEMENT

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബു‍ർജ് ഖലീഫയില്‍ ശ്രീരാമന്‍. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം വ്യാജമാണെന്നുളളതാണ് യാഥാ‍ർഥ്യം. അയോധ്യയിലെ പ്രാണപ്രഥതിഷ്ഠയുമായി  ബന്ധപ്പെട്ട് ബുർജ് ഖലീഫയില്‍ രാമന്‍റെ ചിത്രം തെളിഞ്ഞുവെന്നായിരുന്നു ചിത്രം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച് പലരും കുറിച്ചത്. എന്നാല്‍ ഇത് വ്യാജ ചിത്രമാണ്. 

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളില്‍ ശക്തമായ നിയമമുളള രാജ്യമാണ് യുഎഇ. മറ്റുളളവരുടെ സ്വകാര്യതയെ മാനിക്കുക, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക, മറ്റുളളവരുടെ വിശ്വാസത്തെയും മതത്തെയും ബഹുമാനിക്കുക എന്നതടക്കമുളള കാര്യങ്ങളില്‍ വ്യക്തമായ നിർദ്ദേശം  നല്‍കുന്നു യുഎഇ. നിയമം ലംഘിച്ചാല്‍ പിഴയടക്കമുളള ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. എന്നിരുന്നാലും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഭയം വേണ്ട, ജാഗ്രത മതി.

വ്യക്തിഗതവിവരങ്ങളുടെ ലംഘനം- കിംവദന്തികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ 2021 ലെ ഫെഡറൽ ഡിക്രി നിയമത്തിന്‍റെ നമ്പർ 34 ലെ ആർട്ടിക്കിൾ 6 പ്രകാരം ആറു മാസത്തെ തടവുശിക്ഷയും 20,000 ദിർഹം മുതല്‍ 1,00,000 ദിർഹം (ഏകദേശം 22,00000 ഇന്ത്യന്‍ രൂപ) വരെ പിഴയും കിട്ടും. പങ്കുവയ്ക്കുന്ന വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായോ ഇ പേയ്മെന്‍റ് രീതികളുമായോ ബന്ധപ്പെട്ടതാണെങ്കില്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യമായി കണക്കാക്കിയായിരിക്കും ശിക്ഷയെന്ന് നിയമവിദഗ്ധർ പറയുന്നു.

യുഎഇ നിർദ്ദേശിച്ചിട്ടുളള മാധ്യമ ഉളളടക്ക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്ത വിവരങ്ങള്‍ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചാല്‍ സൈബർ ക്രൈം നിയമത്തിന്‍റെ ആർട്ടിക്കിൾ 16 അനുസരിച്ച് അഡ്മിനിസ്ട്രേറ്റർക്ക് അല്ലെങ്കില്‍ അക്കൗണ്ട് നിയന്ത്രിക്കുന്നയാള്‍ക്ക് പിഴ ചുമത്തും. 1 വ‍ർഷം വരെ തടവും 30,000 ദിർഹം മുതല്‍ 3,00,000 ദിർഹം വരെയാണ് പിഴ. 

രാജ്യത്തെ മോശമാക്കുന്ന രീതിയിലുളള അഭിപ്രായപ്രകടനങ്ങളോ ഭരണാധികാരികളെയും ഭരണചിഹ്നങ്ങളെയും അപകീ‍ർത്തിപ്പെടുത്തുന്ന  പരാമർശങ്ങളോ നടത്തിയാല്‍ സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 20 മുതല്‍ 28  വരെയുളള നിയമങ്ങള്‍ അനുസരിച്ച് ശിക്ഷിക്കപ്പെടും. പരമാവധി 5 വർഷം വരെ തടവും 500,000 ദിർഹം വരെ പിഴയും ശിക്ഷകളിൽ ഉൾപ്പെടുന്നു. മറ്റ് രാജ്യങ്ങളെയും നിയമങ്ങളെയും യുഎഇ ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും രാജ്യത്തെ സംബന്ധിക്കുന്ന അപകീർത്തികരമായതോ അവഹേളിക്കുന്നതോ ആയ പരാമർശങ്ങള്‍ക്ക് 100,000 മുതല്‍ 500,000 ദിർഹം (ഏകദേശം 1 കോടി ഇന്ത്യന്‍ രൂപ) വരെ പിഴ കിട്ടും.

ഇന്‍ഫർമേഷന്‍ നെറ്റ് വർക്ക് ഉപയോഗിച്ച് ഒരാള്‍ മറ്റൊരാളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയോ വശീകരിക്കുകയോ ചെയ്താല്‍ തടവും 250,000 ദിർഹം മുതൽ ഒരു മില്യൻ ദിർഹം വരെ പിഴയും ലഭിക്കും. ഇര കുട്ടിയാണെങ്കില്‍ സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം 5 വ‍ർഷത്തില്‍ കുറയാത്ത തടവും കിട്ടും.

പൊതു ധാർമികതയെ ഹനിക്കുന്നതോ അശ്ലീലസാഹിത്യം ഉള്ളതോ ആയ ഒരു വെബ്‌സൈറ്റ് സൃഷ്‌ടിക്കുന്നതും നിയന്ത്രിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും കുറ്റകരമാണ്. തടവും 250,000 മുതല്‍ 500,000 ദിർഹം വരെ പിഴയും  കിട്ടും.

ഇസ്‌ലാമിക പുണ്യസ്ഥലങ്ങളെയോ ആചാരങ്ങളെയോ ദുരുപയോഗം ചെയ്യുകയോ  മറ്റേതെങ്കിലും മതത്തിന്‍റെ പുണ്യസ്ഥലങ്ങളെയോ ആചാരങ്ങളെയോ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. തടവിനൊപ്പം  250,000 ദിർഹം മുതൽ ഒരു മില്യൻ ദിർഹം ( ഏകദേശം 2.26 കോടി ഇന്ത്യന്‍ രൂപ) വരെ പി കിട്ടാവുന്ന കുറ്റമാണിത്. ഇസ്‌ലാം മതത്തിന്‍റെ തത്വങ്ങള്‍ക്കെതിരായ മതനിന്ദ ഉള്‍പ്പടെയുളള പ്രവൃത്തികള്‍ക്ക് 7 വ‍ർഷം വരെ തടവുശിക്ഷ കിട്ടാം.

സമൂഹ മാധ്യമങ്ങള്‍ ഉള്‍‍പ്പടെയുളള ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ മറ്റൊരാളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്താല്‍ 250,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ കിട്ടും. 

വ്യക്തികളുടെ സമ്മതമില്ലാതെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുളള പ്രവൃത്തികളുണ്ടായാലും ശിക്ഷ കിട്ടും. ഫോട്ടോ എടുക്കല്‍, ഒളിഞ്ഞുനോക്കല്‍ ഉള്‍പ്പടെയുളള പ്രവൃത്തികളെല്ലാം ഇതിന്‍റെ പരിധിയില്‍ വരും. 6 മാസത്തെ ശിക്ഷയും  150,000 ദിർഹം മുതല്‍ 500,000 ദിർഹം വരെ പിഴയും ലഭിക്കുമെന്ന് നിയമവിദഗ്ധ‍ർ ചൂണ്ടിക്കാട്ടുന്നു.

English Summary:

Know social media laws in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com