തലയോട്ടിയിലെ നീക്കം ചെയ്ത അസ്ഥിയുമായി ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക്; ജീവിതത്തിലേക്ക് മടക്കം
Mail This Article
കാസർകോട് ∙ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സ്വന്തം തലയോട്ടിയിലെ നീക്കം ചെയ്ത അസ്ഥി(ബോൺ ഫ്ലാപ്)യുമായി ദുബായിൽ നിന്ന് കോഴിക്കോടേക്ക് മൂന്നര മണിക്കൂർ വിമാന യാത്ര. അവിടെ നിന്ന് ആംബുലൻസിൽ നാലര മണിക്കൂർ മംഗളൂരുവിലേക്ക് യാത്ര. ദുബായിലെ ആശുപത്രിയിൽ ഓപറേഷൻ വഴി നീക്കം ചെയ്ത തലയോട്ടി അസ്ഥി കഴിഞ്ഞ ദിവസം മംഗളൂരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി തലയോട്ടിയിൽ തിരികെ വച്ചു. കാസർകോട് വിദ്യാനഗർ ചാലക്കുന്ന് സ്വദേശി സി.എ.അബ്ദുൽ നിസാഫ്(36) ജീവിതത്തിലേക്ക് പിച്ച വയ്ക്കുമ്പോൾ വീട്ടുകാർക്കും സഹോദര തുല്യം കാരുണ്യം ചെയ്തവർക്കും സന്തോഷ നിമിഷം.
യുഎഇ കരാമയിൽ എഡിസിബി മെട്രോ സ്റ്റേഷനു സമീപം കഫ്റ്റീരിയ മുറ്റത്ത് ഇരുന്ന് ചായ കുടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കാറാണ് അബ്ദുൽ നിസാഫിന്റെ ജീവിതം തട്ടിത്തെറിപ്പിച്ചത്. നവംബർ 15ന് വൈകിട്ട് ഇന്ത്യൻ സമയം വൈകിട്ട് ഏഴരയോടെയായിരുന്നു ഒന്നിനു പിറകെ മറ്റൊരു കാർ കൂടി ഇടിച്ച് കഫറ്റീരിയയിലുണ്ടായ വാഹനാപകടം. തലയിൽ ഗുരുതരമായ പരുക്ക്. നെഞ്ചത്ത് ഏറ്റ ഇടിയിൽ വാരിയെല്ലിന് ചെറിയ പരുക്കും ഉണ്ടായിരുന്നു. ദുബായ് റാഷിദിയ ആശുപത്രിയിൽ ഗുരുതരനിലയിൽ പ്രവേശിപ്പിക്കപ്പെട്ട അബ്ദുൽ നിസാഫിനെ അപകട നില തരണം ചെയ്യുന്നതിന് അന്നു തന്നെ അടിയന്തര ഓപറേഷൻ ചെയ്തു. തലച്ചോറിനേറ്റ ആഘാതത്തിൽ ഇൻഫക്ഷൻ കാരണം ഇടതു ഭാഗം തലയോട്ടി അസ്ഥി നീക്കം ചെയ്തു. 3 മാസത്തിനകം അത് തിരികെ വയ്ക്കണമെന്ന നിബന്ധനയിലാണ് നീക്കിയത്. 8 ദിവസം വെന്റിലേറ്ററിലായിരുന്നു. 8-ാം ദിവസമാണ് കണ്ണു തുറന്നത്. പിന്നീട് 7 ദിവസം അത്യാഹിത വിഭാഗത്തിലും തുടർന്നു വാർഡിലേക്കും മാറ്റി.
കാസർകോട് നിന്നു വാർഡ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞ് ദുബായ് കെഎംസിസി കാസർകോട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് ബ്രദേഴ്സ്, ജനറൽ സെക്രട്ടറി അസ്‍കർ ചൂരി എന്നിവർ അപകടത്തിനു പിറ്റേന്നു തന്നെ ആശുപത്രിയിൽ സഹായവുമായി എത്തിയിരുന്നു. അപകടമുണ്ടായി ഒരാഴ്ച കഴിഞ്ഞ ഉടൻ ഭാര്യ തൻവീറ 8 മാസം പ്രായമായ മകളുമായി എത്തി. ജീവൻ നിലനിർത്താൻ കഴിഞ്ഞ ചാരിതാർഥ്യത്തിലായി ഡോക്ടറും കെഎംസിസി ഭാരവാഹികളും. കിടപ്പിൽ നിന്നു നടന്നു നീങ്ങാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിന് അൽനാഹ്ദയിലെ എൻഎംസി റിഹാബിലേറ്റേഷൻ സെന്ററിലേക്ക് മാറ്റി.
പരസഹായത്തോടെയും വീൽ ചെയർ സൗകര്യത്തോടെയും ചലനശേഷി വീണ്ടെടുത്തു തുടങ്ങിയതോടെ തലയോട്ടി അസ്ഥി നാട്ടിൽ കൊണ്ടു പോയി തിരികെ വയ്ക്കുന്നതിനു ഡോക്ടർ നിർദേശിച്ചു. അബ്ദുൽ നിസാഫിനെയും തലയോട്ടി അസ്ഥിയും നാട്ടിലെത്തിക്കുന്നത് വലിയ കടമ്പയായി. പ്രത്യേക വിമാനത്തിൽ മാത്രമേ അനുവദിക്കൂ എന്ന നിബന്ധന വച്ചതോടെ കെഎംസിസി ഭാരവാഹികൾ അത് മറികടക്കാൻ കോൺസുലേറ്റിന്റെയും എയർഫ്ലൈ ദുബായ് കമ്പനിയുടെയും പ്രത്യേക സഹായം തേടി. അവർ പ്രത്യേക അനുമതിയോടെ കാരുണ്യം കാട്ടി. ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്തിൽ കൂടെ കൊണ്ടുപോകാനായി വച്ച ഡ്രൈ ഐസിൽ വച്ച തലയോട്ടി അസ്ഥി കവർ ഭാരം വിമാന യാത്രയുടെ സുരക്ഷിതത്വത്തിനും നിയമം പാലിക്കുന്നതിനും 2.5 കിലോഗ്രാം ആയി ചുരുക്കണമെന്ന് അധികൃതർ. 9.6 കിലോഗ്രാം ആയിരുന്നു ഭാരം. അത് 2.5 കിലോഗ്രാം ആയി ചുരുക്കി.
ഏറ്റവും ചുരുങ്ങിയത് 60 ഡിഗ്രി ഊഷ്മാവിൽ ആയിരിക്കണം ഇതിന്റെ സുരക്ഷിതത്വം എന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. 78 ഡിഗ്രി ഊഷ്മാവ് നിലനിൽക്കുന്ന ഡ്രൈ ഐസിലാണ് തലയോട്ടി അസ്ഥി മംഗളൂരു യൂണിറ്റി ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ തൻവീറിന്റെ കയ്യിലായിരുന്നു ഇത്. ജനുവരി 15ന് മംഗളൂരു യൂണിറ്റി ആശുപത്രിയിൽ നടത്തിയ ഓപറേഷനിൽ തലയോട്ടി അസ്ഥി അബ്ദുൽ നിസാഫിനു തിരികെ വച്ചു പിടിപ്പിച്ചു. ഒരാഴ്ച പിന്നിട്ടുവെങ്കിലും തലച്ചോറിനെ ബാധിച്ച ഓർമയില്ലായ്മയ്ക്ക് പരിഹാരമായില്ല. ശുചിമുറിയിലേക്കും മറ്റും എടുത്തു കൊണ്ടു പോകണം. ഓർമക്കുറവിന് പരിഹാരമാകണമെങ്കിൽ ഒന്നര വർഷം വരെ കാത്തു നിൽക്കേണ്ടി വരും എന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന സമാധാനത്തിലാണ് ഇവർ. 12 വർഷത്തോളം ഗൾഫിലുണ്ടായിരുന്ന അബ്ദുൽ നിസാഫ് കോവിഡ് കാലത്ത് നാട്ടിൽ മടങ്ങിയെത്തിയതായിരുന്നു. അപകടത്തിന് 1 മാസം മുൻപാണ് സന്ദർശക വീസയിൽ ഗൾഫിലേക്ക് പോയത്. അവിടെ തൊഴിൽ തേടുന്നതിനിടയിലായിരുന്നു വാഹനം ഇടിച്ച് ദുരന്തത്തിനിരയായത്. ഭാര്യയുടെയും 8 മാസം പ്രായമുള്ള മകൾ ഉൾപ്പെടെ 3 പെൺമക്കളും ഒരു മകനും അടക്കം 4 മക്കളുടെയും ആശ്രയമാണ് അബ്ദുൽ നിസാഫ്. നിസാഫിന് നാട്ടിലെത്താനുള്ള വിമാനച്ചെലവ്, ആംബൂലൻസ് ചെലവ് എന്നിവ ദുബായ് കെഎംസിസി ആണ് വഹിച്ചത്.