ADVERTISEMENT

ദുബായ് ∙ കഫ്റ്റീയക്കാരൻ ബാലു, ബാർബർ ബാലു. മലയാളസിനിമയിലെ യുവനടനും പ്രവാസിയുമായ ബാലശങ്കർ യുഎഇയിലെ അറിയപ്പെടുന്ന യുട്യൂബർ ഖാലിദ് അൽ അമെറിയുമായി ചേർന്നൊരുക്കിയ വിഡിയോകൾ വൈറലാകുന്നു. കഫ്റ്റീരിയ, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലെ രസകരമായ രംഗങ്ങൾ ചിത്രീകരിച്ച വിഡിയോകളാണ് ലോകത്തെങ്ങുമുള്ള മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. 

സിനിമാ അഭിനയവും പ്രവാസ ജീവിതവും ഒന്നിച്ചുകൊണ്ടുപോകുന്ന കലാകാരന്മാരിൽ ഒരാളാണ് എറണാകുളം ആലുവ സ്വദേശിയായ ബാലശങ്കർ. മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടൻ പ്രേമം ഫെയിം കിച്ചു എന്ന കൃഷ്ണശങ്കറിന്റെ സഹോദരൻ. കഴിഞ്ഞ 19 വർഷമായി യുഎഇയിൽ പ്രവാസിയാണ് ബാലശങ്കർ. കുറച്ചുകാലം പ്രവാസിയായിരുന്ന പിതാവ് വേണുഗോപാലില്‍ നിന്നാണ് കലാപ്രേമം മൊട്ടിട്ടത്. സ്കൂൾ കാലത്ത് തന്നെ പാട്ടിലും നൃത്തത്തിലും സജീവമായിരുന്നു. ബികോം പൂർത്തിയാക്കി പ്രവാസിയായി. 2002ൽ യുഎഇയിലെത്തി ബാങ്കിങ് മേഖലയിലും ലോജിസ്റ്റിക്കിലും ജോലി തുടങ്ങി. അപ്പോഴും ഉള്ളിലെ കലാകാരൻ ബാലയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. 2003ൽ ആദ്യമായി ശ്രുതി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റേജ് പരിപാടിയിൽ പാടി. സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ആ പാട്ടിന് ലഭിച്ചകൈയടി മുന്നോട്ടുപോകാൻ പ്രചോദനമായി. തുടർന്ന് കലാഭവൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു. സുഹൃത്ത് സഹീർ അബ്ബാസിന്റെ ഫ്രണ്ട്സ് ഫോർ എവർ സ്ഥാപനത്തിലായിരുന്നു നൃത്ത അരങ്ങേറ്റം. കലാപരിപാടികളുടെ പ്രധാന കേന്ദ്രമായ ദുബായ് അൽ നാസർ ലിഷർലാൻഡിലടക്കം കലാപ്രകടനം നടത്താൻ സാധിച്ചത് തുടർക്കഥ.

balasankar4
ബാലശങ്കർ

ശേഷം സ്ക്രീനിൽ
2011ൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്ത് ലെൻ പ്രസാദാണ് സംവിധായകൻ അരുൺ ശേഖറിനെ പരിചയപ്പെടുത്തിയത്. 2015ൽ അരുൺ സംവിധാനം ചെയ്ത, ജയസൂര്യ നായകനായി അഭിനയിച്ച 'ജിലേബി' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ പ്രവേശനം നടത്തി. തുടർന്ന് ദുബായിലെ സിനിമാ പ്രവർത്തകരുടെ ആശ്രയമായ മിനി ശർമയുടെ കമ്പനിയിൽ രണ്ടു വർഷം ജോലി ചെയ്തു. രാജീവിന്‍റെ ദ് കമ്പനി ഫിലിംസിലും പ്രൊഡക്‌ഷൻ മാനേജറായി ജോലി ചെയ്തു. നിലവിൽ ദുബായിലെ എ സ്റ്റുഡിയോയിൽ പ്രൊഡക്‌ഷൻ മാനേജറാണ്. ഈ കാലയളവിൽ തമിഴ്, ബോളിവുഡ് സിനിമയുമായി അടുത്ത് പ്രവർത്തിക്കാൻ സാധിച്ചു. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും പ്രവർത്തിച്ചു.

balasankar2
ബാലശങ്കർ ഖാലിദ് അൽ അമെറിക്കൊപ്പം

2017ൽ ദുബായിലെ റെഡിയോ ആർജെ ജോൺ സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ 'ഓമനക്കുട്ടൻ' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കുറച്ചുകാലം നാട്ടിൽ പ്രവർത്തിച്ചു. 2020ല്‍ റിലീസായ,  ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം 'വെള്ള'ത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ഒട്ടേറെ ചിത്രങ്ങൾ: സബാഷ് ചന്ദ്രബോസ്, കൊച്ചാൾ, ഗോൾഡ്, തല്ലുമാല, സുലേഖ മൻസിൽ, ജവാനും മുല്ലപ്പൂവും, സു സു സുധി വാത്മീകം,  ഉടുക്ക്,  ടേയ്ക്ക് ഒാഫ്, ബോളിവുഡ് ചിത്രം ഡിഷും, തമിഴ് ചിത്രം സർവർ സുന്ദരം എന്നീ ചിത്രങ്ങളിൽ പ്രൊഡക്‌ഷൻ രംഗത്ത് പ്രവർത്തിച്ചു. ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു.  ഫഹദ് ഫാസിൽ, ജയസൂര്യ എന്നിവരെ ഉൾപ്പെടുത്തി യുഎഇ എക്സ്ചേഞ്ചിന് വേണ്ടി ആഷിഖ് അബു സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലടക്കം ഒ‌‌ട്ടേറെ പരസ്യ ചിത്രങ്ങളിലും  പ്രവർത്തിച്ചു.

balasankar31

ഖാലിദ് അൽ അമെറി ഒരു സംഭവം
പ്രവാസജീവിതവും സിനിമാഭിനയവുമായി മുന്നോട്ടുപോകുമ്പോഴാണ് പ്രശസ്ത സ്വദേശി യുട്യൂബർ ഖാലിദ് അൽ അമെറി തന്റെ  കൂടെ റീൽ ചെയ്യാൻ ഒരു അഭിനേതാവിനെ തേടുന്നതായി കാസ്റ്റിങ് ഡയറക്ടറും  സുഹൃത്തുമായ ഐവർ പറഞ്ഞത്. ഇദ്ദേഹത്തിന്റെ പ്രേരണയിൽ കുറച്ച് വിഡിയോകൾ അയച്ചുകൊടുത്തു. ഒട്ടേറെ കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തിയ ഓഡിഷനിൽ നറുക്കുവീണു. അങ്ങനെ ആദ്യമായി ചെയ്ത വിഡിയോ ആണ് റസ്റ്ററൻ്റ്  ജീവനക്കാരനായ ബാലു. ഈ വിഡിയോ ഇതിനകം 35 ദശലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. 'ബാർബർ ബാലു'വാണ് അടുത്ത വിഡ‍ിയോ. ബാലുവിന്റെ വിഐപി ഫേഷ്യൽ ഇതിനകം വൈറലായി.

യുഎഇയിലെ പ്രശസ്ത യുട്യൂബറായ ഖാലിദ് അൽ അമെറി ഒരു സംഭവമാണെന്ന് ബാലശങ്കർ പറയുന്നു. ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം വളരെ സ്നേഹപൂർവമായിരുന്നു സമീപിച്ചത്. അതുകൊണ്ടു തന്നെ വളരെ ആസ്വദിച്ചായിരുന്നു രണ്ട് വിഡിയോകൾക്ക് വേണ്ടിയും അഭിനയിച്ചത്. അറബ് സമൂഹവും ലോകത്തെങ്ങുമുള്ള മലയാളികളും ചിരിയോടെ വിഡിയോകൾ ഏറ്റെടുത്ത സ്ഥിതിക്ക് അതുമായി മുന്നോട്ടുപോകാനാണ് ബാലയുടെ ലക്ഷ്യം. അതോടൊപ്പം മികച്ച കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ സിനിമാ അഭിനയവും തുടരും. ഫോൺ :+971569867484, +91 6282 217 520.  തങ്കമണിയാണ് ബാലശങ്കറിന്റെ മാതാവ്. ഒരു മകളുണ്ട്–ഗൗരി ശങ്കർ.

English Summary:

Bala Shankar's videos are viral in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com