സ്വദേശിവത്കരണം കർശനമാക്കി യുഎഇ; 3 വർഷത്തിനകം 4000 സ്വദേശികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി
Mail This Article
ദുബായ് ∙ മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏറെയുള്ള ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവൽക്കരണം കർശനമാക്കാൻ സ്വദേശിവൽക്കരണ മന്ത്രാലയം. 'നാഫിസു'മായി സഹകരിച്ചുള്ള നിയമനങ്ങൾക്ക് ടീച്ചേഴ്സ് എന്ന പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ സ്വദേശി ഉദ്യോഗാർഥികൾക്കു നിർദേശം നൽകി.
∙ ഈ വർഷം 1000 സ്വദേശികൾ
ഈ വർഷം മുതൽ 1000 സ്വദേശികൾക്ക് വിദ്യാലയങ്ങളിൽ നിയമനം നൽകും. 4 ഘട്ടങ്ങളായുള്ള പ്രക്രിയയിലൂടെ 2027 ആകുമ്പോഴേക്കും 4000 സ്വദേശികൾക്ക് സ്വകാര്യ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ നൽകണം. അധ്യാപക – അധ്യാപകേതര തസ്തികകളിലാകും നിയമനം. ബിരുദധാരികൾ അധ്യാപകരും സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവർ, ഓഫിസ് ജീവനക്കാരും അവരുടെ സഹായികളുമായും ജോലി ചെയ്യും. വിദേശികളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ ആനുകൂല്യങ്ങളുള്ള തൊഴിൽ കരാറുകളായിരിക്കും സ്വദേശികൾക്ക്.
∙ പരിശീലനത്തിന് ടീച്ചർ ആപ്
മന്ത്രാലയത്തിന്റെ ടീച്ചർ എന്ന സ്മാർട് സംവിധാനത്തിലൂടെ യോഗ്യരായ സ്വദേശി ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകിയ ശേഷമാകും നിയമനം. ഘട്ടങ്ങളായി പൂർത്തിയാക്കുന്ന സ്വദേശിവൽക്കരണത്തിൽ 4 പ്രധാന മേഖലയിലെ തസ്തികളിലാകും നിയമനം.
സ്കൂൾ -ഓഫിസ് അഡ്മിനിസ്ട്രേഷൻ, സ്കൂൾ പ്രഫഷനുകൾ, അറബിക് ഭാഷാ അധ്യാപകർ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം, നഴ്സറി അധ്യാപകർ, വിദ്യാഭ്യാസ കൗൺസിലർ എന്നിവയ്ക്കു പുറമെ സ്ഥാപനങ്ങളുടെ നേതൃപദവികളിലും സ്വദേശികൾ വരുന്ന വിധത്തിലായിരിക്കും നാഫിസ് പൂർത്തിയാക്കുക.ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള സ്വദേശികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കാൻ പരിശീലിപ്പിക്കുക. അഡ്മിനിസ്ട്രേറ്റീവ്, അസിസ്റ്റന്റ് പ്രഫഷനലുകളെ ഹൈസ്കൂളുകളിൽ നിയമിക്കാനും 'നാഫിസ് ' വഴിയാണ് പരിശീലനം.
∙ പരിശീലനം നൽകി നിയമനം
ഒഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം. കരാർ പ്രകാരമുള്ള പരിശീലനം പൂർത്തിയായാൽ നിയമനവുമായി ബന്ധപ്പെട്ട തൊഴിൽ കരാറിനു രൂപം നൽകും. അധ്യാപന മേഖലയിൽ മികവ് തെളിയിക്കാനുള്ള സ്വദേശികളെ സൃഷ്ടിക്കുകയാണ് ദൗത്യം. സ്വദേശിവൽക്കരണം സാക്ഷാത്കരിക്കാൻ രാജ്യത്തെ 5 ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നാഫിസ് ധാരണാപത്രം ഒപ്പുവച്ചു.
∙ ആരോഗ്യ മേഖലയിലും സ്വദേശികൾ
അബുദാബിയിൽ ഈ വർഷം 3800 സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ നിയമനം നൽകുമെന്ന് ഹെൽത്ത് അതോറിറ്റി. കഴിഞ്ഞ 6 മാസത്തിനകം 1200 സ്വദേശികളെയാണ് ഈ രംഗത്തേക്ക് റിക്രൂട്ട് ചെയ്തത്. ആരോഗ്യരംഗത്ത് പ്രതിവർഷം സ്വദേശി തോത് ഒരു ശതമാനം എന്ന നിലയിൽ ഉയർത്തും. ഒപ്പം അഡ്മിനിസ്ട്രേഷൻ ഡിപ്ഫആർട്ട്മെന്റുകളിലെ പ്രതിവർഷ സ്വദേശി തോത് രണ്ട് ശതമാനമാക്കും.
പുതിയ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുമ്പോഴും നിലവിലുള്ളവ പുതുക്കുന്ന സമയത്തും സ്വദേശിവത്കരണ വ്യവസ്ഥകൾ അതോറിറ്റി മുന്നോട്ട് വയ്ക്കും. കൂടാതെ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയും സ്വദേശി ജീവനക്കാരുടെ തോത് ഉറപ്പാക്കും. 2025 ആകുമ്പോഴേക്കും 5000 സ്വദേശികളെ പുതുതായി നിയമിക്കണമെന്ന നിയമം 2023 ജൂലൈയിലാണ് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയത്.