ADVERTISEMENT

അബുദാബി∙ ലോകം ഉറ്റുനോക്കുന്ന അബുദാബിയിലെ പ്രഥമ പരമ്പരാഗത ഹിന്ദു  ശിലാക്ഷേത്രം ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖകരും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇതിനകം ഓൺലൈനിൽ ദർശനത്തിന് സമയം ബുക്ക് ചെയ്തവരെ 18ന്  പ്രവേശിപ്പിച്ചു തുടങ്ങും. എന്നാൽ, തിരക്ക് കാരണം യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന അബുദാബി ബാപ്സ് ഹിന്ദു മന്ദിർ . ചിത്രം:മനോരമ
ഉദ്ഘാടനത്തിന് ഒരുങ്ങുന്ന അബുദാബി ബാപ്സ് ഹിന്ദു മന്ദിർ . ചിത്രം:മനോരമ

2019 ഡിസംബറിൽ യുഎഇ തലസ്ഥാനത്ത് നിർമാണം ആരംഭിച്ച ഐതിഹാസിക ബാപ്സ് ഹിന്ദു മന്ദിറിന്‍റെ നിർമാണം പൂർത്തിയായെങ്കിലും മിനുക്കുപണികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. യുഎഇയിലെ ഒരു എമിറേറ്റിനെ പ്രതിനിധീകരിക്കുന്ന ഏഴ് ശിഖരങ്ങളാണ് ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന്.  ലോകമെമ്പാടുമുള്ള ഐക്യത്തിന്‍റെയും ശാന്തിയുടെയും ഒരുമയുടേയും സ്നേഹത്തിന്‍റെയും പ്രതീകമായി ക്ഷേത്രം വർത്തിക്കുമെന്ന് സ്വാമി ബ്രഹ്മവിഹാരി  പറഞ്ഞു. ചരിത്രപരമായ ഭൂമി സമ്മാനത്തിന് സ്വാമി ബ്രഹ്മവിഹാരി  നന്ദി പ്രകടിപ്പിക്കുകയും മന്ദിര സ്ഥാപനത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിൽ മാത്രമല്ല, ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള  പ്രതീകാത്മകവും ചരിത്രപരവുമായ നാഴികക്കല്ലാണ് ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി ഗണേശ്വർ , അശോക് കൊട്ടേച, വിശാൽ പട്ടേൽ, വിക്രം വോറ തുടങ്ങിയവരും പങ്കെടുത്തു.

ത്രിവേണി സംഗമം
ക്ഷേത്രത്തിലെ ത്രിവേണി സംഗമം. ചിത്രം: മനോരമ
മന്ദിറിലെ കൊത്തുപണികൾ. ചിത്രം–മനോരമ
മന്ദറിലെ കൊത്തുപണികൾ ചിത്രം: മനോരമ

∙ കാഴ്ചകൾ അതിഗംഭീരം
ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്.  മുഴുവൻ സമുച്ചയവും പാർക്കിങ്ങും ചെറിയ പിനാക്കിളുകളുള്ള പ്രധാന കൊടുമുടിയും അടക്കമുള്ള മുഴുവൻ കാഴ്ചയും ഗംഭീരമാണ്. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള മറ്റ് വിവരണങ്ങൾ എന്നിവയിൽ നിന്നുള്ള പ്രധാന നിമിഷങ്ങൾ തുടങ്ങിയവ കരകൗശല വിദഗ്ധരുടെ സൃഷ്ടികളിൽ പതിഞ്ഞിട്ടുണ്ട്.  രണ്ടായിരത്തോളം ശില്പികൾ രാജസ്ഥാൻ ശിലകളിൽ കൈകൊണ്ട് കൊത്തിയ ഈ ക്ഷേത്രം യാഥാർഥ്യമാക്കുന്നതിൽ പങ്കാളികളായ എല്ലാവരുടെയും നിസ്വാർത്ഥ സേവനത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. കൂടാതെ, ത്രിവേണി സംഗമം, ഗൗമുഖ് മണികൾ, വിശാലമായ ഹാൾ, ഫൂ‍ഡ് കോർട്ട് എന്നിവയും ശ്രദ്ധേയം.

മന്ദിറിലെ കൊത്തുപണികൾ. ചിത്രം–മനോരമ
മന്ദറിലെ കൊത്തുപണികൾ: ചിത്രം മനോരമ

∙ ലോകാത്ഭുതങ്ങളിൽ ഒന്നാകും
മന്ദിറിന്‍റെ നിർമാണത്തിൽ നേരത്തെ യുഎഇ സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ  സംതൃപ്തി രേഖപ്പെടുത്തുകയും മൂല്യങ്ങൾ, ഐക്യം, സാംസ്കാരിക സമ്പുഷ്ടീകരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിൽ അതിന്‍റെ അഗാധമായ സ്വാധീനം അംഗീകരിക്കുകയും ചെയ്തിരുന്നു. മന്ദിർ ലോകാത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം രൂപപ്പെടുത്തുന്നതിൽ വൈദികരുടെയും സന്നദ്ധപ്രവർത്തകരുടെയും ഗണ്യമായ സംഭാവനകളെ അഭിനന്ദിച്ചു. ബാപ്സ് ഹിന്ദു മന്ദിർ അത് പ്രതിനിധീകരിക്കുന്ന ശാശ്വത മൂല്യങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിന്‍റെയും മൂർത്തീഭാവമായി നിലകൊള്ളുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്‍റെ തെളിവാണ് ഇതിന്‍റെ നിർമാണം. അതോടൊപ്പം രാജ്യാന്തര സൗഹാർദ്ദം വളർത്തിയെടുക്കുകയും ചെയ്യുന്നു. 

English Summary:

UAE’s Largest Hindu BAPS Temple in Abu Dhabi Gets Ready, to be Inaugurated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com