തൊഴിലാളികൾക്ക് ആശ്വാസമായി ഐ.സി.ബി.എഫ് മെഡിക്കൽ ക്യാംപ്
Mail This Article
ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസി എപെക്സ് സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപിൽ മുന്നൂറോളം പേർ പങ്കാളികളായി.
താഴ്ന്ന വരുമാനക്കാർക്കുവേണ്ടി മെഷാഫിലെ കിംസ് ഹെൽത്ത് കെയർ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ഇ.എൻ.ടി, കാർഡിയോളജി, ഡന്റൽ, ഡെർമറ്റോളജി, ഓർത്തോപീഡിക്‌സ്, ഫിസിയോതെറപ്പി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം കൂടാതെ രോഗികൾക്കാവശ്യമായ മരുന്നുകളും സൗജന്യമായി നൽകി.
ക്യാംപ് ഇന്ത്യൻ സ്ഥാനപതി വിപുൽ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായി. ഐ.സി.ബി.എഫ് കോഓർഡിനേറ്റിങ് ഓഫിസറും എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെ, കിംസ് ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് അസീം, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗലു, ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറർ കുൽദീപ് കൗർ തുടങ്ങിയവർ പങ്കെടുത്തു. ഐ.സി.ബി.എഫ് മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കർ ഗൗഡിന്റെ നേതൃത്വത്തിൽ ലേബർ ക്യാംപിലെ തൊഴിലാളികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു.