ADVERTISEMENT

കുവൈത്ത് സിറ്റി ∙ ദീർഘകാലമായി നിർത്തിവച്ച സന്ദർശന വീസകൾ കുവൈത്ത് ഇന്നു മുതൽ പുനരാരംഭിക്കും. ഫാമിലി വിസിറ്റ് വീസ, ടൂറിസ്റ്റ് വീസ, കൊമേഴ്സ്യൽ വിസിറ്റ് വീസ എന്നിവയ്ക്ക് മെറ്റ പ്ലാറ്റ്ഫോം വഴി അപ്പോയ്മെന്റ് എടുത്ത് അതാതു ഗവർണറേറ്റുകളിലെ റെസിഡൻസി കാര്യ വിഭാഗത്തിലെത്തി അപേക്ഷ സമർപ്പിക്കാം.

400 ദിനാർ (ഒരു ലക്ഷത്തിലേറെ രൂപ) ശമ്പളമുള്ള വിദേശികൾക്കു മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ ഫാമിലി വിസിറ്റ് വീസയിൽ കൊണ്ടുവരാം. സഹോദരങ്ങൾ, ജീവിതപങ്കാളിയുടെ മാതാപിതാക്കൾ തുടങ്ങി മറ്റു ബന്ധുക്കളെ ഫാമിലി വിസിറ്റ് വീസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 800 ദിനാർ (2.1 ലക്ഷം രൂപ) ശമ്പളം ഉണ്ടായിരിക്കണം.

∙ മറ്റു നിബന്ധനകൾ
സന്ദർശന വീസയിൽ കൊണ്ടുവരുന്നവർക്ക് കുവൈത്ത് ദേശീയ വിമാനങ്ങളിൽ മടക്ക യാത്രാ ടിക്കറ്റ് എടുത്തിരിക്കണം. സന്ദർശന വീസ റെസിഡൻസ് വീസയാക്കി മാറ്റില്ലെന്നു സത്യവാങ്മൂലം നൽകണം. ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. വീസാ തീരുന്നതിനു മുൻപ് രാജ്യം വിട്ടില്ലെങ്കിൽ സ്പോൺസർക്കും സന്ദർശകനുമെതിരെ നിയമ നടപടി സ്വീകരിക്കും.

∙ ടൂറിസ്റ്റ് വീസ
53 രാജ്യക്കാർക്ക് വീസ ഓൺ അറൈവൽ ടൂറിസ്റ്റ് വീസ അനുവദിക്കും. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (www.moi.gov.kw) അപേക്ഷിച്ച് മുൻകൂട്ടി വീസ എടുക്കണം. ജിസിസി രാജ്യങ്ങളിലെ താമസക്കാരായ പ്രഫഷണലുകൾക്കും ഹോട്ടലുകളോ കമ്പനിയോ മുഖേന ടൂറിസ്റ്റ് വീസ ലഭിക്കും.

∙ കൊമേഴ്സ്യൽ വിസിറ്റ് വീസ
കുവൈത്ത് കമ്പനിയുടെയോ സ്ഥാപനത്തിന്റെ അഭ്യർഥന പ്രകാരം കൊമേഴ്സ്യൽ വിസിറ്റ് വീസ അനുവദിക്കും.  സന്ദർശകന് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർവകലാശാല ബിരുദമോ സാങ്കേതിക യോഗ്യതകളോ ഉണ്ടായിരിക്കണം.

ദീർഘകാലമായി നിർത്തിവച്ച ഫാമിലി വിസിറ്റ് വീസ പുനരാരംഭിച്ചതിൽ ആഹ്ലാദത്തിലാണ് കുവൈത്തിലെ പ്രവാസി മലയാളികളും കുടുംബാംഗങ്ങളും. എന്നാൽ കുവൈത്ത് ദേശീയ എയർലൈനുകളിൽ യാത്ര ചെയ്യണമെന്ന നിബന്ധന മലബാറുകാരെ പ്രയാസത്തിലാക്കും. കോഴിക്കോട്, കണ്ണൂർ, മംഗലാപുരം എയർപോർട്ടുകളിൽനിന്ന് കുവൈത്ത് ദേശീയ എയർലൈനുകൾക്ക് നേരിട്ടു വിമാന സർവീസില്ലാത്ത മലബാറിലെ പ്രവാസികളുടെ യാത്ര കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ആക്കേണ്ടിവരും. അല്ലെങ്കിൽ മറ്റു ഏതെങ്കിലും സെക്ടർ വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യേണ്ടിവരും.

English Summary:

Kuwait Visit Visa 2024: Everything You Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com