ADVERTISEMENT

ദുബായ് ∙ യുഎഇയില്‍ ഗോള്‍ഡന്‍ വീസ ആരംഭിച്ചത് 2019 ലാണ്. രാജ്യത്ത് മികച്ച സംഭാവനകള്‍ നല്‍കുന്നവ‍ർക്കാണ് തുടക്കത്തില്‍ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നതെങ്കിലും പിന്നീട് ‌കൂടുതല്‍ ഇളവുകള്‍ നല്‍കി. ഇതോടെ കൂടുതല്‍ പേർക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചു. 10 വ‍ർഷത്തേക്കുളള യുഎഇ താമസവീസയാണ് ഇതിലെ പ്രധാന ആക‍ർഷണം. യുഎഇയില്‍ താമസ വീസയെടുക്കുമ്പോള്‍ സ്പോണ്‍സർ ആവശ്യമാണ്. ജോലി ചെയ്യുന്ന കമ്പനിയോ യുഎഇ താമസവീസയുളള കുടുംബാംഗമോ സ്പോണ്‍സറാകാം. എന്നാല്‍ ഗോള്‍ഡന്‍ വീസയ്ക്ക് സ്പോണ്‍സർ ആവശ്യമില്ല. സാധാരണ വീസകളെപ്പോലെ രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ലെന്ന സൗകര്യവും ഗോള്‍ഡന്‍ വീസയ്ക്കുണ്ട്.

ഗോള്‍ഡന്‍ വീസയുളളവരുടെ പങ്കാളിയെയും കുട്ടികളെയും അവർക്ക് സ്പോണ്‍സർ ചെയ്യാം. പെണ്‍മക്കള്‍ അവിവാഹിതരാണെങ്കില്‍ എത്രവയസുവരെയും അവരെ സ്പോണ്‍സർ ചെയ്യാം. ആണ്‍കുട്ടികളെ സ്പോണ്‍സർ ചെയ്യുന്നതിനുളള പ്രായപരിധി 18 ല്‍ നിന്ന് 25 ആയി ഉയർത്തുകയും ചെയ്തിരുന്നു. ഗോള്‍ഡന്‍ വീസയുളളവർക്ക് സ്പോണ്‍സർ ചെയ്യാന്‍ കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും പരിധിയില്ല. മാത്രമല്ല രാജ്യത്തിന് പുറത്ത് ആറുമാസത്തിലധികം നിന്നാലും വീസ റദ്ദാകില്ലെന്നുളളതും പ്രധാനമാണ്.

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ കണക്ക് അനുസരിച്ച് 2023 ന്‍റെ ആദ്യപകുതിയില്‍ ഗോള്‍ഡന്‍ വീസകള്‍ നല്‍കുന്നതില്‍ 52 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 2022 നവംബർ വരെയുളള കണക്ക് അനുസരിച്ച് ദുബായ് ഇതുവരെ 1,50,000 ലധികം ഗോള്‍ഡന്‍ വീസകള്‍ നല്‍കിയിട്ടുണ്ട്.  ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്നവർ, മാധ്യമ-ഐടി മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർക്കും മാസ വരുമാനം 30,000 ദിർഹത്തിന് മുകളില്‍ ലഭിക്കുന്ന മറ്റ് മേഖലയിലുളളവർക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. എന്നാല്‍ ജോലിയെന്ന മാനദണ്ഡമില്ലാതെ വിവിധ വിഭാഗങ്ങള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കും.

∙വസ്തുവാങ്ങുന്നവർ
വസ്തുവാങ്ങുന്ന യുഎഇയിലെ പ്രവാസികൾക്ക് ഗോള്‍ഡന്‍ വീസ ലഭിക്കും. എന്നാല്‍ മൊത്തം വസ്തുമൂല്യം ഏറ്റവും കുറഞ്ഞത് 2 ദശലക്ഷം ദിർഹമായിരിക്കണമെന്നതാണ് വ്യവസ്ഥ. പൂർത്തിയായതും പരിഗണനയിലുളളതുമായ വസ്തുവാങ്ങുന്നവർക്കാണ് ആനുകൂല്യം. ഗോള്‍ഡന്‍ വീസ ലഭിക്കുന്നതിന് നിക്ഷേപകർ ഒരു ദശലക്ഷം ദിർഹം ഡൗണ്‍പെയ്മെന്‍റ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി.

Photo Credit: WorldStockStudio / ShutterStockphotos.com
Photo Credit: WorldStockStudio / ShutterStockphotos.com

 ∙ പണം നിക്ഷേപമായുളളവർ
രണ്ടു ദശലക്ഷം ദിർഹം ഏറ്റവും കുറഞ്ഞത് 2 വ‍ർഷത്തേക്ക്  യുഎഇയിലെ പ്രാദേശിക ബാങ്കില്‍ നിക്ഷേപമായുളള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കാന്‍ അർഹതയുണ്ട്. രാജ്യത്തെ മിക്ക ബാങ്കുകളും ഈ പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യാറുണ്ട്.

Photo Credit: Black Kings / ShutterStockphotos.com
Photo Credit: Black Kings / ShutterStockphotos.com

∙ സംരംഭകർ
ഒരു ദശലക്ഷം ദിർഹത്തില്‍ കുറയാത്ത വാർഷിക വരുമാനമുളള സ്റ്റാ‍ർട് അപ്പിന്‍റെ ഉടമയോ പങ്കാളിയോ ആണെങ്കില്‍ ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. സ്റ്റാ‍ർട് അപ്പുകള്‍ ഇടത്തരം സംരംഭങ്ങളുടെ (SMEs) വിഭാഗത്തിൽ രാജ്യത്ത് റജിസ്റ്റർ ചെയ്തവയായിരിക്കണം. 7 ദശലക്ഷം ദിർഹത്തില്‍ കുറയാത്ത മൂല്യത്തില്‍ വിറ്റുപോയ സംരംഭത്തിന്‍റെ ഉടമയോ ഉടമകളില്‍ ഒരാളോ ആണെങ്കില്‍ ആ വ്യക്തിയ്ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. എന്നാല്‍ ഇതിനായി സാമ്പത്തികമന്ത്രാലയത്തിന്‍റെയോ തത്തുല്യ യോഗ്യതയുളള പ്രാദേശിക അധികൃതരുടെയോ അംഗീകാരം ആവശ്യമാണ്. 

Photo Credit: Mongkolchon Akesin / ShutterStockphotos.com
Photo Credit: Mongkolchon Akesin / ShutterStockphotos.com

∙ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും
ശാസ്ത്ര ഗവേഷണ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയവർക്ക് എമിറേറ്റ്‌സ് സയൻ്റിസ്റ്റ്‌സ് കൗൺസിലിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷ നല്കാം. എൻജിനീയറിങ് , ടെക്നോളജി, ലൈഫ് സയൻസസ്, നാച്ചുറൽ സയൻസസ് എന്നീ വിഷയങ്ങളിൽ ലോകത്തെ  മികച്ച സർവകലാശാലകളിൽ നിന്നുള്ള പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ഗണ്യമായ ഗവേഷണ നേട്ടങ്ങളും ഉണ്ടായിരിക്കണം.

Photo Credit: Nordic Studio / ShutterStockphotos.com
Photo Credit: Nordic Studio / ShutterStockphotos.com

∙ മിടുക്കരായ വിദ്യാർഥികള്‍ 
യുഎഇയിലെ സ്‌കൂളുകളിൽ  മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്കും യുഎഇ സർവകലാശാലകളിൽ നിന്നും, ലോകത്തെ മികച്ച 100 സർവകലാശാലകളിൽ നിന്നും (യുഎഇ ലിസ്റ്റ് ചെയ്ത സർവ്വകലാശാലകള്‍)  പഠനമികവില്‍ ബിരുദം നേടിയവർക്കും 10 വർഷത്തെ വീസയ്ക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങള്‍ (അക്കാദമിക് മികവ്, ബിരുദം നേടിയ വർഷം, സർവ്വകലാശാല) പ്രകാരം ഗോള്‍ഡന്‍ വീസ അനുവദിക്കും.

English Summary:

UAE Golden Visa: Can be Obtained Even Without Employment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com