ഉമ്മുൽഖുവൈനിൽ കടൽഭിത്തിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി
Mail This Article
ഉമ്മുൽഖുവൈൻ∙ ഉമ്മുൽഖുവൈനിൽ പ്രത്യേക തരം കടൽഭിത്തി(വേവ് ബ്രേക്കർ)യിൽ കുടുങ്ങിയ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതേ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെയാണ് ബീച്ചിലെ വേവ് ബ്രേക്കറിന് ഇടയിൽ കിടന്ന നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്തിയില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി. സംഭവം പൊലീസ് ഓപ്പറേഷൻസ് റൂമിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിങ്, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിലെ സംഘം എന്നിവർ സ്ഥലത്തെത്തി.
കടൽത്തീരത്തുണ്ടായിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഏഷ്യൻ പൗരനായിരിക്കുമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്, ഷാർജ തീരത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ഉണ്ടായിരുന്ന ബോട്ട് മുങ്ങി മൃതദേഹം തിരമാലകൾ കൊണ്ടുപോയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഈ മാസം 3 ന് മോശം കാലാവസ്ഥയിൽ ബോട്ട് മുങ്ങിയതിനെ തുടർന്ന് രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഹെലികോപ്റ്ററിൽ ഇവരെ രക്ഷപ്പെടുത്തി ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നാഷനൽ ഗാർഡ് കമാൻഡിന് കീഴിലുള്ള നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്‍റർ (എൻഎസ്ആർസി) എക്‌സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഇരുവരെയും രക്ഷപ്പെടുത്തിയതായി പോസ്റ്റ് ചെയ്തു. കാണാതായവർ ഏഷ്യൻ പൗരന്മാരായ യുവാക്കളായിരുന്നു. യുഎഇ കോസ്റ്റ് ഗാർഡ് ഡിവിഷൻ/മൂന്നാം സ്ക്വാഡ്രൺ, ആഭ്യന്തര മന്ത്രാലയത്തിലെ എയർ വിങ് എന്നിവയുമായി ഏകോപിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് എൻഎസ്ആർസി അറിയിച്ചു