പൊലീസ് വേഷങ്ങൾ ചെയ്ത് ബോറടിച്ചു: ബിജു മേനോൻ
Mail This Article
ദുബായ് ∙ പൊലീസ് വേഷങ്ങൾ തുടർച്ചയായി അഭിനയിക്കേണ്ടി വരുമ്പോൾ അതു വ്യത്യസ്തമാക്കാൻ ഏറെ പ്രയത്നിക്കാറുണ്ടെന്ന് നടൻ ബിജു മേനോൻ. പല സിനിമകളിലും സംഭാഷണങ്ങളും പേരുകളുമൊക്കെ ആവർത്തനമായിരിക്കുമെന്നതിനാൽ വിരസമാകാറുമുണ്ട്. എന്നാൽ, പിതാവ് പൊലീസുകാരനായിരുന്നതിനാലും പൊലീസ് ക്യാംപിലാണ് വളർന്നത് എന്നതു കൊണ്ടും തുണ്ടിലെ ബേബിയെ നന്നായി ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നും ബിജു മേനോൻ പറഞ്ഞു. നവാഗത സംവിധായകൻ റിയാസ് ഷരീഫ് സംവിധാനം ചെയ്ത തുണ്ട് എന്ന മലയാള ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ മനോരമ ഒാൺലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുണ്ട് പൊലീസ് സ്റ്റോറിയല്ലെങ്കിലും ബേബി എന്ന പൊലീസുകാരന്‍റെ ജീവിതത്തിൽ ഒരു പരീക്ഷയെഴുതേണ്ട സാഹചര്യമുണ്ടാവുകയും അത് വിജയിക്കാൻ തുണ്ട് ഉപയോഗിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രതിസന്ധിയുമാണ് പ്രമേയമാകുന്നത്. എന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ പൊലീസായി വേഷമിട്ടു. കരിയറിൽ ഏറ്റവും കൂടുതൽ പ്രാവശ്യം വേഷമിട്ടത് പൊലീസായിട്ടാണ്. ഇതിൽ മിക്കതും അന്വേഷണവുമായി ബന്ധപ്പെട്ടുള്ള പൊലീസായിരുന്നു. അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളിൽ മാത്രമേ അല്ലാതുള്ള പൊലീസ് വേഷമിട്ടിട്ടുള്ളൂ. തുണ്ടിലെ കഥാപാത്രവും ഇതുപോലെ ഒരു പൊലീസുകാരൻ നേരിടുന്ന പ്രതിസന്ധികൾ നര്‍മത്തിൽ പറയുന്നതാണ്.
സിനിമ ഡിജിറ്റലിലേക്കു മാറിയതോടെ അതിന്‍റെ സ്വാതന്ത്ര്യം എല്ലാവരും അനുഭവിക്കുകയാണെന്ന് ബിജു മേനോൻ പറഞ്ഞു. ഹ്രസ്വചിത്രമോ ഫീച്ചർ ചിത്രമോ ചെയ്യാൻ ആധുനിക സാങ്കേതിക വിദ്യ വളരെ സഹായകമാകുന്നു. അതു ഗുണകരമായ ഒരു കാര്യമായിട്ടേ കാണാനാവൂ. കാരണം സിനിമയിൽ ഒരുപാട് പേർക്ക് ജോലി ലഭിക്കുന്നുണ്ടല്ലോ. പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന ചിത്രങ്ങൾ തിയറ്റർ വിജയം നേടുന്നു. അല്ലാത്തവ പരാജയവുമാകുന്നു. അതെന്തുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞാൽ എല്ലാ സിനിമയും വിജയിപ്പിക്കാൻ കഴിയും.
ഒരു ഫാമിലി ഫൺ ചിത്രമാണ് തുണ്ട് എന്നു സംവിധായകൻ റിയാസ് ഷരീഫ് പറഞ്ഞു. കുടുംബ പ്രേക്ഷകർക്കും പുതുതലമുറയ്ക്കും ഇഷ്ടമാകുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. വളരെ ലളിതമായ സിനിമ രണ്ട് മണിക്കൂറോളം ആസ്വദിച്ചിരിക്കാം. ഇത്തരമൊരു പ്രമേയം മനസിൽ വന്നതിന് ശേഷം ഒരുപാട് അന്വേഷണങ്ങളും പഠനവും നടത്തിയാണ് തിരക്കഥയിലേയ്ക്ക് പ്രവേശിച്ചതെന്നും നേരത്തെ ജംഷി ഖാലിദിന്റെ സഹായിയായി ഛായാഗ്രഹണ രംഗത്ത് പ്രവർത്തിച്ച റിയാസ് ഷെരീഫ് പറഞ്ഞു.
ചെറിയ വേഷമാണെങ്കിലും നല്ല സിനിമകളുടെ ഭാഗമാകാനാണ് താത്പര്യമെന്ന് സംവിധായകനും നടനുമായ റാഫി പറഞ്ഞു. തുണ്ടിൽ ബിജുമേനോന്റെ ബേബിക്ക് ഉപദേശം നൽകുന്ന നല്ലവനായ സഹപ്രവർത്തകനായാണ് അഭിനയിക്കുന്നത്. ബേബി എങ്ങനെയെങ്കിലും രക്ഷപ്പെട്ടോട്ടെ എന്നു കരുതിയാണ് പരീക്ഷയ്ക്ക് തുണ്ട് ഉപയോഗിക്കാൻ ഉപദേശിക്കുന്നത്. പക്ഷേ, അത് അയാളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു.
വ്യത്യസ്ത കഥയാണ് തുണ്ടിന്റേതെന്ന് നിർമാതാവ് ആഷിഖ് ഉസ്മാൻ പറഞ്ഞു. ഇത്തരമൊരു കഥ ഇതുവരെ സിനിമയായി വന്നിട്ടില്ല. എല്ലാ സിനിമകളും വിജയപ്രതീക്ഷയോടെയാണ് നിർമിക്കുന്നത്. ഏതെങ്കിലും പരാജയപ്പെട്ടാൽ അടുത്തത് വിജയിക്കുമെന്ന് പ്രതീക്ഷിക്കും. കഥയ്ക്ക് അനുയോജ്യമായതിനാലാണ് തുണ്ട് എന്ന പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജുമേനോനെ പിന്തുണയ്ക്കുന്ന പൊലീസുകാരന്റെ വേഷമാണ് തുണ്ടിലേതെന്ന് നടൻ ഗോകുലൻ പറഞ്ഞു.
റിവ്യു നടത്തുന്നവർ ഒരു കാര്യം ആലോചിക്കണം
ഒരാൾ ഒരു സിനിമയെക്കുറിച്ച് നടത്തുന്ന റിവ്യു ദോഷമാകുമോ എന്ന് അയാള്‍ ചിന്തിക്കണമെന്ന് ബിജു മേനോൻ പറഞ്ഞു. ഒരുപക്ഷേ, തുടക്കത്തിൽ ലഭിക്കുമായിരുന്ന സാമ്പത്തിക നേട്ടം റിവ്യു കൊണ്ടു ഇല്ലാതായേക്കും. സിനിമയുടെ പരാജയം പ്രേക്ഷകരുടെ തലയിൽ വയ്ക്കാൻ സംവിധായകർ ശ്രമിക്കുന്നത് പ്രതീക്ഷയോടെ താനെടുത്ത സിനിമ പരാജയപ്പെടുമ്പോഴുള്ള സമ്മർദം മൂലമായിരിക്കാം.
സിനിമ തുടങ്ങിയ കാലം മുതൽ റിവ്യു ഉണ്ടായിട്ടുണ്ടെന്ന് റാഫി പറഞ്ഞു. പണ്ടത് അച്ചടി മാധ്യങ്ങളിലൂടെയാണ് പുറത്തുവരാറ്. എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ പണ്ട് സാധിച്ചിരുന്നില്ല. ഇന്ന് സമൂഹമാധ്യമം വന്നതോടെ ആർക്കും അഭിപ്രായം തുറന്നുപറയാമെന്ന അവസ്ഥയായി. അതിനിയും കൂടിവരും. നിയന്ത്രിക്കാനുമാവില്ല. സ്വാഭാവികമായും മോശം റിവ്യു ഒരു സിനിമയെ ബാധിക്കുമെന്നും എന്നാൽ അതുകൊണ്ട് മാത്രം സിനിമ പരാജയപ്പെടുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അഭിനയ സാധ്യതയുള്ള ഏത് കഥാപാത്രവും ഏറ്റെടുക്കും
അഭിനയ സാധ്യതയുള്ള ഏതു കഥാപാത്രവും അവതരിപ്പിക്കാൻ തയാറാണെന്ന് ബിജു മേനോൻ. അതിന് കഥാപാത്രത്തിന്റെ പ്രായം പ്രശ്നമല്ല. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിത്തന്ന 'ആർക്കറിയാം' എന്ന ചിത്രത്തിലെ വയോധികന്റെ കഥാപാത്രം വിജയിച്ചതോടെ അത്തരം വേഷങ്ങളുമായി എന്നെ സമീപിക്കാൻ ആളുകൾക്ക് ആത്മവിശ്വാസമായി. ഇപ്പോൾ കുറച്ചുകൂടി മുതിർന്ന കഥാപാത്രങ്ങളിലേയ്ക്ക് പലരും തന്നെ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൗ മാസം 16 നാണ് ഗൾഫിലടക്കം തുണ്ട് റിലീസാകുന്നത്. ബിജുമേനോൻ, റാഫി, ഗോകുലൻ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ഉണ്ണിമായ, ഷാജു, നൗഷാദ് അലി തുടങ്ങിയവരും വേഷമിടുന്നു. റിയാസ് ഷെരിഫും കണ്ണപ്പനും ചേർന്നാണ് തിരക്കഥ. സംഗീതം–വിഷ്ണു വിജയ്.