കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: കോസ്‌മോസ് തലശ്ശേരി എസ്എ ടി ചാംപ്യന്മാരായി
Mail This Article
മസ്‌കത്ത് ∙ മസ്‌കത്ത് ടെന്നീസ് ക്രിക്കറ്റ് ലീഗിന്‍റെ (എം ടി സി എല്‍) ആഭിമുഖ്യത്തില്‍ നടന്ന ഒന്നാമത് കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കോസ്‌മോസ് തലശ്ശേരി എസ് എം ടി ജേതാക്കളായി. മസ്‌കത്തിലെ 12 പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ കോസ്‌മോസ് തലശ്ശേരി എസ് എം ടിയും ഡെസേര്‍ട്ട് ഇലവനും ഫൈനലില്‍ മാറ്റുരച്ചു. ഡെസേര്‍ട്ട് ഇലവനെ എട്ടു വിക്കിറ്റിന് പരാജയപ്പെടുത്തിയാണ് കോസ്‌മോസ് തലശ്ശേരി എസ് എം ടി കേരള പ്രീമിയര്‍ ലീഗിന്‍റെ ആദ്യ കിരീടം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഡെസേര്‍ട്ട് ഇലവന്‍ നിശ്ചിത ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോസ്‌മോസ് തലശ്ശേരി നിശ്ചിത 5.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ടൂര്‍ണമെന്‍റിലെ മികച്ച ബാറ്റ്‌സ്മാനും മികച്ച ആള്‍റൗണ്ടറും ആയി ഡെസേര്‍ട്ട് ഇലവന്‍റെ സിദ്ധു ബാബുവിനെ തിരഞ്ഞെടുത്തു. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി കോസ്‌മോസ് എസ് എം ടി തലശ്ശേരിയുടെ പി കെ ഷെരീഫിനെയും തിരഞ്ഞെടുത്തു.
ബി എച്ച് ടി ഇലവനും ടൈറ്റാന്‍സ് ഇലവനും യഥാക്രമം ടൂര്‍ണമെന്‍റിലെ മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എം ടി സി എല്ലിന്‍റെ ആദ്യ കേരള പ്രീമിയര്‍ ലീഗ് സീസണായിരുന്നു ഇത്. വരുന്ന വര്‍ഷങ്ങളില്‍ തുടര്‍ സീസണുകളുണ്ടാകുമെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കായിട്ടുള്ള ടൂര്‍ണമെന്‍റുകളും മറ്റു രാജ്യങ്ങള്‍ക്കായിട്ടുള്ള ടൂര്‍ണമെന്‍റുകളും ഉണ്ടാകുമെന്നും എം ടി എസ് ഓര്‍ഗനൈസര്‍മാരായ ഷഹീര്‍ അഹമ്മദ്, മുഹമ്മദ് റാഫി, ലിജു മേമന, അനുരാജ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ടൂര്‍ണമെന്‍റിനോട് അനുബന്ധിച്ച് നിരവധി പരിപാടികളും അരങ്ങേറി. ആസ്റ്റര്‍ ഹോസ്പിറ്റലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പും കുട്ടികള്‍ക്കായി പലവിധ ഗെയിമുകളും വിസിറ്റ് ആന്റ് വിന്‍ പരിപാടിയും നടന്നു. നിരവധി ക്രിക്കറ്റ് പ്രേമികളും കുടുംബങ്ങളും ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി.