കള്ളപ്പണം വെളുപ്പിച്ച 7 വിദേശികളെ നാടുകടത്താൻ കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി ∙ കള്ളപ്പണം വെളുപ്പിക്കൽ, ബ്ലാക്ക് മെയിൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി കുവൈത്ത് കോടതി 7 വിദേശികൾക്കു 7 വർഷം തടവു ശിക്ഷ വിധിച്ചു. ശിക്ഷയ്ക്കുശേഷം പ്രതികളെ നാടുകടത്താനും ഉത്തരവിട്ടു. വിദേശത്തുള്ള 5 പേരുടെ അഭാവത്തിലായിരുന്നു വിധി.
വിദേശ പ്ലാറ്റ്ഫോമുകൾ വഴി പണം നിക്ഷേപിച്ചാൽ പെട്ടെന്ന് വൻ ലാഭം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വദേശിയുടെ പക്കൽനിന്ന് 1.57 ലക്ഷം ദിനാർ (4.24 കോടി രൂപ) കുവൈത്തിലുള്ള 2 പ്രവാസി വനിതകൾ ഈടാക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് തന്റെ പേര് തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഭീമമായ തുക രാജ്യത്തിനു പുറത്തേക്കു അയയ്ക്കാൻ നിർബന്ധിച്ചതെന്ന് സ്വദേശി പറയുന്നു.
പിന്നീട് പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാൻ കൂടുതൽ തുക ആവശ്യപ്പെട്ടതോടെ പൊലീസിൽ പരാതിപ്പെട്ടതാണ് വൻ തട്ടിപ്പിന്റെ ചുരുളഴിച്ചത്. വനിതകളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് യൂറോപ്പ് ആസ്ഥാനമായാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ, ഇരയുടെ പണം പിടിച്ചെടുക്കൽ, ആശയവിനിമയ മാർഗങ്ങൾ ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.