യുഎഇയിൽ മഴ തുടരുന്നു; 70 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത
Mail This Article
ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അനുസരിച്ച് ഇന്നും നാളെയും(തിങ്കൾ) ആകാശം ഭാഗികമായി മേഘാവൃതവും കാലാവസ്ഥ അസ്ഥിരമായിരിക്കും. ചില പ്രദേശങ്ങളിൽ മിന്നലോടും ഇടിയോടും കൂടിയ മഴ പ്രതീക്ഷിക്കാം.അബുദാബിയിലെ സ്വീഹാൻ, അൽ ഐൻ, ഫുജൈറയിലെ ദിബ്ബ, മുസഫ, അൽ ഖാതിം എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ദഫ്‌റ മേഖലയിലെ താരിഫ്, അൽ മിർഫ, അൽ ഹംറ, ഹബ്‌ഷാൻ, ഉം ലൈല എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയാണ് പെയ്യുന്നത്.
രാജ്യത്തുടനീളമുള്ള സംവഹന മേഘങ്ങളുടെ വികസനമുണ്ടാകും. ഈ സംവഹന മേഘങ്ങൾ ക്ലൗഡ് സീഡിങ്ങിന് അനുയോജ്യമാണ്. ഈ മേഘങ്ങൾ രാജ്യത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ അവയെ നിരീക്ഷിക്കുകയും രാജ്യത്ത് പരമാവധി മഴ പെയ്യിക്കുന്നതിനായി ക്ലൗഡ് സീഡിങ് വിമാനങ്ങൾ അയക്കുകയും ചെയ്യുന്നുണ്ട്. ഇന്ന്(ഞായർ) രാത്രി വരെ തുടർച്ചയായി മഴയുംഅസ്ഥിരമായ കാലാവസ്ഥയുമാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നതെന്ന് എൻഎംസി വക്താവ് പറഞ്ഞു. ചിലപ്പോൾ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും ഉണ്ടാകും.
നാളെ ഉച്ച കഴിഞ്ഞ് മേഘങ്ങളുടെ അളവ് ക്രമേണ കുറയുമെന്നും രാത്രിയിൽ മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നും അറിയിച്ചു. രാജ്യത്തിലെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 23-നും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 21 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 12 മുതൽ 15ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. റാസൽഖൈമയിലെ ജയ്‌സ് പർവതത്തിൽ രാവിലെ 7.15 ന് 6.5 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. നേരിയ കാറ്റ് മുതൽ മിതമായ കാറ്റ് വരെ പ്രതീക്ഷിക്കാം. ചില സമയങ്ങളിൽ പുതിയതും ശക്തവുമായ മേഘങ്ങളുടെ പ്രവർത്തനം പൊടിയും മണലും വീശുകയും ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യും. കാറ്റ് തെക്ക് കിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിൽ 15 മുതൽ 25 വരെ വേഗത്തിൽ മണിക്കൂറിൽ 45 കി.മീ വേഗതയിൽ എത്തും. അറേബ്യൻ ഗൾഫും ഒമാൻ കടലും മിതമായ രീതിയിൽ പ്രക്ഷുബ്ധമാകും.