യുഎഇയിൽ ഇന്ന് കാറ്റും മഴയും ശക്തമാകുമെന്ന് മുന്നറിയിപ്പ്
Mail This Article
അബുദാബി ∙ നാട്ടിലെ കാലവർഷത്തെ അനുസ്മരിപ്പിക്കും വിധം യുഎഇയിൽ പരക്കെ മഴ. ഇന്നലെ പുലർച്ചെ തുടങ്ങിയ മഴ പല എമിറേറ്റുകളിലും ഇടതടവില്ലാതെ തുടരുകയാണ്. ഇന്നു കാറ്റും മഴയും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാൽ യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപന ജീവനക്കാർക്ക് റിമോട്ട് വർക്കിന് അനുമതി നൽകി. സ്കൂൾ, കോളജ്, സർവകലാശാല തുടങ്ങിയ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇന്നു റിമോട്ട് ക്ലാസിലേക്കു മാറാനും നിർദേശിച്ചിട്ടുണ്ട്.
ജോലി സ്ഥലത്ത് നിർബന്ധമായും എത്തേണ്ട അടിയന്തരസേവന മേഖലയിൽ ഒഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും ഇന്നു വീട്ടിലിരുന്ന് ജോലി ചെയ്യാം. മുൻകരുതലിന്റെ ഭാഗമായാണ് സ്വകാര്യ ജീവനക്കാർക്കും റിമോട്ട് വർക്ക് അനുവദിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടത്. തുറസ്സായ സ്ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ജീവനക്കാരുടെ സുരക്ഷ കമ്പനിയുടെ ബാധ്യതയാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വടക്കുകിഴക്ക് ദിശയിലേക്കുള്ള കാറ്റിന്റെ ഗതിമാറ്റവും ന്യൂനമർദം ശക്തിപ്രാപിക്കുന്നതുമാണ് കാലാവസ്ഥാ മാറ്റത്തിനു കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിൽ ഇന്നലെ പുലർച്ചെ തുടങ്ങിയ ചാറ്റൽ മഴ രാത്രി വൈകിയും തുടരുകയാണ്. പകൽ മുഴുവൻ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. നിലയ്ക്കാത്ത മഴ താപനില ഗണ്യമായി കുറച്ചു.
അബുദാബിയിൽ ഇന്നലെ പുലർച്ചെയും രാവിലെയും പെയ്ത മഴയ്ക്കുശേഷം ആകാശം മേഘാവൃതമായിരുന്നെങ്കിലും പിന്നീട് കാര്യമായ മഴയുണ്ടായില്ല. എമിറേറ്റിൽ അൽദഫ്ര ഭാഗത്താണ് മഴ ശക്തമായത്. ഈ പ്രദേശത്തെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മഴയുള്ളപ്പോൾ അബുദാബിയിലെ വേഗപരിധി 80 കി.മീ ആയി കുറയ്ക്കുന്നതിനാൽ വാഹനം ഓടിക്കുന്നവർ അതു പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.
ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലും മഴ പെയ്തു. ഇന്നു മഴ കനക്കുന്നതോടെ അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, ദുബായ് എമിറേറ്റുകളിൽ താപനില 2 മുതൽ 4 വരെ ഡിഗ്രിയിലേക്കു താഴുമെന്നാണ് സൂചന.
അറേബ്യൻ, ഒമാൻ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയും. ഇതു നാളെ ഉച്ചവരെ തുടരും. അതിനാൽ അടിയന്തരമായി പുറത്തിറങ്ങുന്നവർ മൂക്കും വായും ചെവിയും മറയക്കാൻ ശ്രദ്ധിക്കണം. ആസ്മ ഉൾപ്പെടെയുള്ള അലർജി രോഗമുള്ളവർ പുറത്തിറങ്ങാതിരിക്കുന്നതാണ് ഉചിതം. യുഎഇയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലുമുണ്ടായേക്കും. ചിലയിടങ്ങളിൽ ആലിപ്പഴം പെയ്യാനും സാധ്യതയുണ്ട്. മലവെള്ളപ്പാച്ചിലിനും അണക്കെട്ടുകൾ നിറഞ്ഞൊഴുകാനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങൾ, മലയിടുക്കുകൾ, ജലസംഭരണികൾ എന്നിവിടങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.