രാജ്യാതിർത്തികൾ കടന്നെത്തിയ രുചി വൈവിധ്യങ്ങൾ; സാംസ്കാരികോത്സവമായി ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽ
Mail This Article
മനാമ∙ രാഷ്ട്രത്തിന്‍റെ അതിർത്തികൾക്കപ്പുറത്ത് നിന്നും രുചികളുടെ വൈവിധ്യങ്ങൾ നിറഞ്ഞപ്പോൾ ദിയാർ മുഹറഖിൽ ആരംഭിച്ച ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽ സാംസ്കാരികോത്സവമായി മാറി. ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽ 2024 അതിന്‍റെ എട്ടാം പതിപ്പിനാണ് മറാസി ബീച്ചിൽ കഴിഞ്ഞ ദിവസം തുടക്കമിട്ടത്.ഫെബ്രുവരി 8ന് ആരംഭിച്ച് ഫെബ്രവരി 24 വരെ തുടരുന്ന ഫെസ്റ്റിവലിൽ നൂറിലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, പ്രാദേശികവും രാജ്യാന്തരവുമായ ഹോസ്പിറ്റാലിറ്റി വെണ്ടർമാർ എന്നിവരുടെ പങ്കാളിത്തവുമുണ്ട്.ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ)യുടെ ആഭിമുഖ്യത്തിലാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിപ്പിച്ചിരിക്കുന്നത്.
ഭക്ഷണ പ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ മികച്ച അനുഭവമായി മാറിയിരിക്കുകയാണ് ഈ ഭക്ഷ്യമേള. ബ്രാൻഡഡ് ബർഗറുകൾ മുതൽ സ്വദേശി രുചികളിൽ ഉള്ള പാസ്ത, വൈവിധ്യമാർന്ന കോഫികളും ചായകളും വരെയും ഫുഡ് ഫെസ്റ്റിവലിൽ ലഭ്യമാണ്. ട്വിസ്റ്ററുകൾ, വിവിധ തരം ഫ്രൈകൾ, ഷവർമകൾ , പിസ്സകൾ തുടങ്ങിയ ജനപ്രിയമായവവയും അവതരിപ്പിച്ചിട്ടുണ്ട്.രാജ്യത്തിന് പുറത്തുള്ള രുചികൾ ആസ്വദിക്കാനാണ് ഭക്ഷണപ്രിയർക്ക് ഏറെ ഇഷ്ടം എന്നുള്ളത് കൊണ്ട് തന്നെ ജാപ്പനീസ്,ചൈനീസ്,ഇന്ത്യൻ ശൈലിയിലുള്ള പലഹാരങ്ങളും ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളുടെ മനോഹരമായ ശേഖരവും ഇവിടെ ലഭ്യമാണ്.ഫെസ്റ്റിവൽ ഗ്രൗണ്ടിനോട് ചേർന്നുള്ള വിശാലമായ പാർക്കിങ് സ്ഥലത്തിന്‍റെ ലഭ്യത കാരണം മുൻ വർഷത്തെ ഫെസ്റ്റിവലിനെ അപേക്ഷിച്ച് ഇത്തവണ ജനങ്ങളുടെ പ്രാതിനിധ്യം വർധിക്കാനാണ് സാധ്യത.അതിനിടെ കഴിഞ്ഞ ദിവസം ഏഷ്യൻ കപ്പിലെ തത്സമയ മത്സരം കാണുന്നതിനല്ല സൗകര്യവും സംഘാടകർ ഒരുക്കിയത് ഇവിടെ എത്തിയ കായികപ്രേമികൾക്ക് അനുഗ്രഹമായി.
ബഹ്‌റൈൻ കലാകാരന്മാരെയും പ്രാദേശിക ബാൻഡുകളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികളുടെ സംഗമ വേദി കൂടി ആയി പ്രധാന വേദിയായി മാറാസി ബീച്ച് . ഇസ്മായിൽ ദവാസ് ബാൻഡ്, ദി റാവൻസ്, എക്യു ജാസ് എക്സ്പീരിയൻസ്, ഡിജെ സ്വിഫ്റ്റ്, ഒറാക്കിൾ പ്രോജക്ട്, റീലോക്കേറ്റേഴ്സ്, തുടങ്ങി നിരവധി ബാൻഡുകളുടെ പ്രകടനങ്ങളും സന്ദർശകർക്ക് ആസ്വാദ്യകരമാക്കാനുള്ള ദിവസങ്ങളാണ് ഫുഡ് ഫെസ്റ്റിവലിൽ ഇനിയുള്ളത്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ അർധരാത്രി വരെയാണ് സന്ദർശക സമയം. പ്രവേശനം സൗജന്യമാണ് .