ADVERTISEMENT

ദുബായ്∙ അറബ് സാഹിത്യകാരന്മാർക്ക് ആദരവായി ദുബായിൽ ഇനി 'ഗോൾഡൻ സാംസ്കാരിക വീസ'യും. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ് എഡി) എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറുമായി സഹകരിച്ച് കൊണ്ട് സുവർണ സാംസ്‌കാരിക വീസ പദ്ധതി അവതരിപ്പിച്ചു. ഇത് പ്രകാരം എല്ലാവർഷവും ദുബായിൽ നടക്കുന്ന എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ  ഒരു പ്രമുഖ അറബ് സാഹിത്യകാരന് ഗോൾഡൻ കൾച്ചറൽ വീസ സമ്മാനിക്കും. 16-ാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ പങ്കെടുത്തു കൊണ്ട് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഇതുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ 'ഗോൾഡൻ കൾച്ചറൽ വീസ' അറബിക് കവിതയുടെ പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയ പ്രശസ്ത ഈജിപ്ഷ്യൻ കവി അഹമ്മദ് ബഖീത്തിന്  സമ്മാനിച്ചു. നേരത്തെ ഇന്ത്യൻ സിനിമാ താരങ്ങളടക്കമുള്ളവർക്ക് സ്വയം സ്പോൺസർമാരായി ഗോൾഡൻ കൾചറൽ വീസ നൽകി വരുന്നുണ്ട്. എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിലെ  ‘ദ് വേൾഡ് ആസ് ആൻ ഓപ്പൺ ബുക്ക്’ എന്ന പേരിൽ നടന്ന സെഷനിൽ  അൽ മർറി മുഖ്യ പ്രഭാഷണം നടത്തി. ദുബായ് വിമാനത്താവളങ്ങളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി വകുപ്പ് ആരംഭിച്ച വിവിധ  നൂതന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കുട്ടി യാത്രക്കാർക്ക് സ്വന്തം പാസ്‌പോർട്ടിൽ എൻട്രി പെർമിറ്റുകൾ സ്റ്റാംപ് ചെയ്യാനുള്ള അവസരം നൽകുന്ന ലോകത്തെ ആദ്യ   പദ്ധതിയായ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറിനെക്കുറിച്ചും പരാമർശിച്ച അദ്ദേഹം ഇത് കുട്ടികൾക്കുള്ള യാത്രാനുഭവം രസകരമാക്കുന്നതിനൊപ്പം ദുബായിലെ വിമാനത്താവളങ്ങളിലൂടെയുള്ള മൊത്തത്തിലുള്ള യാത്രാനുഭവം പുനർനിർവചിക്കുന്നതിന് സഹായിക്കുന്നതായും  ചൂണ്ടിക്കാട്ടി. ദുബായിയുടെ മുന്നോട്ടുള്ള ചിന്തകളെയും 2026 നകം സർഗപരമായ സമ്പദ്ഘടനയുടെ ആഗോള തലസ്ഥാനമായി സ്വയം സ്ഥാപിക്കാനുള്ള തന്ത്രപരമായ ലക്ഷ്യങ്ങളെയും ഗോൾഡൻ കൾച്ചറൽ വീസാ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബായ് കൾച്ചറിന്റെ ഡയറക്ടർ ജനറൽ ഹല ബദ്രി വ്യക്തമാക്കി.

English Summary:

Dubai honors Arab writers with "golden cultural visa".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com