യുഎഇയിൽ ആലിപ്പഴ വർഷത്തിൽ ഒട്ടേറെ വാഹനങ്ങൾ തകർന്നു; വിദ്യാർഥികൾക്ക് ഇന്നും ഇ–ലേണിങ്
Mail This Article
അബുദാബി/ദുബായ് ∙ കലിതുള്ളി പെയ്ത മഴയിൽ യുഎഇയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെയായിരുന്നു മഴ. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഓഫിസുകളിലേക്കുള്ളവർ മണിക്കൂറുകളോളം വെള്ളക്കെട്ടിൽ കുടുങ്ങി.
ആലിപ്പഴ വർഷത്തിൽ ഒട്ടേറെ വാഹനങ്ങളും ഡിസ്പ്ലേ ബോർഡുകളും തകർന്നു. കെട്ടിടങ്ങളുടെ ചില്ലുകൾ വിണ്ടു. ശക്തമായ കാറ്റിൽ സ്ഥാപനങ്ങളുടെ ബോർഡുകളും നിർമാണ കേന്ദ്രത്തിലെ ആൾമറകളും റോഡിലെ ബാരിക്കേഡുകളും പറന്നുപോയി. ഇവ വെള്ളത്തിലൂടെ ഒഴുകിയെത്തി ചിലയിടങ്ങളിൽ മാർഗതടസ്സമുണ്ടാക്കി. ഡിഷ് ആന്റിനകൾ ഒടിഞ്ഞുവീണു. മരങ്ങൾ കടപുഴകി. പലയിടങ്ങളിലെയും കാർ ഷെഡുകളും തകർന്നു. അബുദാബി മോഡൽ സ്കൂൾ അങ്കണത്തിൽ ഷെഡ് തകർന്നുവീണ് വാഹനങ്ങൾക്കു നാശമുണ്ടായി.
ജനൽ അടയ്ക്കാൻ മറന്നവരുടെ ഫ്ലാറ്റിനകത്തേക്ക് വീശിയടിച്ച കാറ്റിൽ സീലിങ് ഇളകിവീണു. അബുദാബി, ഷാർജ, അജ്മാൻ ഉൾപ്പെടെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. വെള്ളക്കെട്ടിൽ വാഹനങ്ങളുടെ എൻജിനിൽ വെള്ളം കയറി പ്രവർത്തനരഹിതമായി. അൽഐൻ, അബുദാബി, ഷാർജ അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രവർത്തന രഹിതമായ വാഹനങ്ങളെ കെട്ടിവലിച്ച് ഗാരിജിലേക്ക് നീക്കാൻ പോയ ചില റിക്കവറി വാഹനങ്ങളും വെള്ളത്തിൽ മുങ്ങി.
പുലർച്ചെ മൂന്നോടെ തുടങ്ങിയ കാറ്റും മഴയും ആലിപ്പഴ വർഷവുമാണ് അബുദാബിയിലുള്ളവരെ ഉണർത്തിയത്. അൽഐനിൽ പുലർച്ചെ അഞ്ചോടെയാണ് കനത്ത ആലിപ്പഴവർഷം തുടങ്ങിയത്. അൽഐൻ ടൗൺ, സരൂജ്, ഖബീസ് എന്നിവിടങ്ങളിലാണ് ആലിപ്പഴ വർഷം ശക്തമായത്. അൽഐൻ വ്യവസായ മേഖല പുഴയ്ക്കു സമാനമായി. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ തടാകങ്ങൾ (വാദികൾ) നിറഞ്ഞൊഴുകി. മലവെള്ളപ്പാച്ചിലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. സമീപ പ്രദേശങ്ങളിലായി നിർത്തിയിട്ട ഒട്ടേറെ വാഹനങ്ങളും ഒലിച്ചുപോയി. റോഡിൽ മോട്ടർ ഉപയോഗിച്ച് പമ്പു ചെയ്താണ് വെള്ളക്കെട്ട് നീക്കുന്നത്.
മഴ ആഘോഷമാക്കി മലയാളിക്കുട്ടികൾ
പ്രവാസി മനസ്സിൽ കുളിരു കോരിയിട്ട കനത്ത മഴയെ ആഘോഷമാക്കി മലയാളി കുട്ടികൾ. പുലർച്ചെ പെയ്ത മഴ ആസ്വദിക്കാനായില്ലെങ്കിലും നേരം പുലരുംവരെ കാത്തിരുന്ന് കുട്ടികൾ വെള്ളത്തിലിറങ്ങി. നടപ്പാതയും റോഡും ഏതെന്നു തിരിച്ചറിയാനാവാത്ത വിധമുള്ള വെള്ളക്കെട്ടിൽ അവർ കളിച്ചുതിമിർത്തു. ആലിപ്പഴം വീണതു കാണാനും ശേഖരിക്കാനും കുട്ടികൾ പുറത്തിറങ്ങി.
മണിക്കൂറുകളോളം ചാടിക്കളിച്ചും മതിവരാത്ത തൃശൂർ സ്വദേശി ബിബിൻ ഫിലിപ്പും കൂട്ടുകാരും സൈക്കിൾ കൊണ്ടുവന്ന് വെള്ളത്തിലൂടെ ഓടിച്ചു. ഓൺലൈൻ ക്ലാസുണ്ടെന്ന് ഓർമിപ്പിച്ച് വീട്ടുകാർ എത്തിയെങ്കിലും ആഘോഷം അവസാനിച്ചില്ല. മഴവെള്ളത്തിൽ കളിക്കുമ്പോൾ നാട്ടിലെത്തിയ പ്രതീതിയാണെന്ന് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഫാത്തിമ സഹിദ പറഞ്ഞു.
മഴ തുടരുന്നു; വിദ്യാർഥികൾക്ക് ഇന്നും ഇ–ലേണിങ്
കനത്ത മഴ തുടരുന്ന യുഎഇയിൽ സർക്കാർ, സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് ഇന്നും ഇ–ലേണിങ് തുടരും. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
റിമോട്ട് വർക്ക് അനുമതി നൽകാൻ കമ്പനികൾക്ക് നിർദേശം
ജീവനക്കാർക്ക് ഇന്നും വിദൂര ജോലിക്കു (റിമോട്ട് വർക്ക്) അനുമതി നൽകണമെന്ന് സ്വകാര്യമേഖലാ സ്ഥാപനങ്ങളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നിർദേശം. അടിയന്തര ഘട്ടങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ച ശേഷമേ ജോലി ചെയ്യിക്കാൻ പാടുള്ളൂ. യാത്രയിലും ജോലി സ്ഥലത്തും തൊഴിലാളികളുടെ ആരോഗ്യസുരക്ഷ കമ്പനി ഉറപ്പാക്കണം.
തിരക്ക് കുറച്ച് കാലാവസ്ഥാ മുന്നറിയിപ്പ്
ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ സർക്കാർ ജീവനക്കാർക്കു വിദൂര ജോലിക്കും (റിമോട്ട് വർക്ക്) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇ–ലേണിങും (ഓൺലൈൻ ക്ലാസ്) അനുവദിച്ചതിനാൽ റോഡിൽ തിരക്കു കുറവായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളോടും റിമോട്ട് വർക്കിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാവിലെ മഴ മാറിയതോടെ ചില കമ്പനികൾ ജീവനക്കാരെ തിരിച്ചുവിളിച്ചു.
ആലിപ്പഴങ്ങളുടെ പിറവി
ഭൂമിയിൽ നിന്ന് നീരാവിയായി അന്തരീക്ഷത്തിലെത്തുന്ന ജലകണങ്ങൾ പൂജ്യം ഡിഗ്രി താപനിലയിലാണ് അന്തരീക്ഷത്തിൽ ഐസ് കട്ടകളായി മാറുന്നത്. മേഘങ്ങൾക്ക് രണ്ടു നിരകളുണ്ട്. ഇതിൽ മുകളിലത്തെ മേഘങ്ങളുടെ താപനില പൂജ്യത്തിലും താഴെയാണ്. ഇടിമിന്നലിനു കാരണമാകുന്ന മേഘങ്ങൾ ശക്തമായ കാറ്റോടു കൂടി താഴെത്തട്ടിലെ മേഘങ്ങളിലെ ജലകണങ്ങളെ മുകളിലേക്ക് ഉയർത്തുന്നു. ഇവിടെ എത്തുന്നതോടെ ജലകണങ്ങൾ ഐസ് കട്ടകളാകുന്നു. ചെറിയ വെള്ളാരം കല്ലിന്റെ മുതൽ പല വലുപ്പത്തിൽ ഇവ രൂപപ്പെടുന്നു.
ചില ഐസ് കട്ടകൾ പരസ്പരം കൂടിച്ചേർന്ന് വലിയ കട്ടകളാകുന്നു. കാറ്റിന്റെ പിടിയിൽ നിന്ന് ഇവ പുറത്തുകടക്കുന്നതോടെ മഴയായി പെയ്തിറങ്ങും. ഇന്നലെ അൽഐനിൽ പെയ്തിറങ്ങിയ ആലിപ്പഴം തറനിരപ്പിൽ നിന്ന് അര അടി ഉയരത്തിൽ അടിഞ്ഞു കൂടി. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പമാണ് ആലിപ്പഴം പെയ്തിറങ്ങുന്നത്. കാണാൻ രസമുണ്ടെങ്കിലും അപകടകാരിയാണ് ആലിപ്പഴ വർഷം. ഇത്രയും ഉയരത്തിൽ നിന്നു പതിക്കുന്ന ആലിപ്പഴം ഭൂമിയിലുണ്ടാക്കുന്ന നാശം ചെറുതല്ല. അൽഐനിൽ നൂറു കണക്കിന് കാറുകളാണ് ആലിപ്പഴ മഴയിൽ തകർന്ന് ചില്ലു പൊട്ടിയും ബോഡി മുഴുവൻ നശിച്ചും നൂറുകണക്കിനു വാഹനങ്ങളാണ് ഇന്നലെ വർക്ക് ഷോപ്പുകളിലെത്തിയത്.