ADVERTISEMENT

ദുബായ് ∙ യുഎഇയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും കാന‍ഡയിലേക്കും മികച്ച ശമ്പളം തേടി പോയ നഴ്സുമാരിൽ പലരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നു.  ഗൾഫില്‍, പ്രത്യേകിച്ച് യുഎഇയില്‍ വർഷങ്ങളോളം ജോലി ചെയ്ത ഇവർക്ക് യൂറോപ്പിലെയും അമേരിക്കയിലെയും കാനഡയിലെയുമൊക്കെ ജീവിതവുമായി പൊരുത്തപ്പെടാനാകുന്നില്ല. കോവിഡ്19 കാലാനന്തരമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും നഴ്സുമാർ കൂട്ടത്തോടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറന്നത്.

കോവിഡിന് ശേഷം നഴ്സിങ് മേഖലയിൽ നിരവധി ഒഴിവുകൾ മറ്റ് രാജ്യങ്ങളിൽ വന്നതാണ് കാരണം. അവിടെ ജോലി ലഭിച്ചെങ്കിലും യുഎഇയുമായി താരതമ്യപ്പെടുത്തുമ്പോൾ പലർക്കും ജീവിതം സുഖകരമാകുന്നില്ല. ജോലി കിട്ടാനല്ല, അതു തുടരനാണ് കഷ്ടപ്പെ‌ടുന്നത്. കഷ്ടിച്ച് ഒന്നോ രണ്ടോ വർഷം കഴിയുന്നതോടെ ഇവർ മടക്കയാത്ര കൊതിക്കുന്നതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. 

ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെട്ടിയും തൂക്കി വിമാനം കയറുന്നതിന് മുൻപ് ഒരുവട്ടം കൂടി ആലോചിക്കണമെന്നാണ് ഇത്തരത്തിൽ ദുബായിൽ നിന്ന് ഒരു വർഷം മുൻപ് യുകെയിലെത്തി ജോലി ചെയ്ത്, തിരികെ യുഎഇയിലേക്ക് വന്ന മലയാളി നഴ്സ് പറയുന്നത്. തന്‍റെ യാത്രയെക്കുറിച്ചും യുകെയിലെ ജോലി, ജീവിതം, മടക്കയാത്ര എന്നിവയെക്കുറിച്ചും  തൃശൂർ സ്വദേശിനി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു:

∙ ഞാൻ ചൂടിനെ പ്രണയിച്ചുപോയി!‌
യുഎഇയിലെ നല്ല ജോലി ഉപേക്ഷിച്ചാണ് പലരും നഴ്സായ ഭാര്യയുടെ കൂടെ യുകെയിലേക്ക് പോകുന്നത്. അവിടെ ലഭിക്കുന്നതോ കഠിനാധ്വാനം ചെയ്യേണ്ടുന്ന ജോലിയും. ഇങ്ങനെ എത്തപ്പെടുന്ന പലരും പിന്നീ‌‌‌ട് അവിടെ നിന്ന് യുഎസിലും മറ്റും പോകാൻ ശ്രമിക്കുന്നു.ഇങ്ങനെ യുഎസിലെത്തിയ പലരും എന്നോട് ചോദിച്ചു, നിനക്കും അമേരിക്കയിലേക്ക് ട്രൈ ചെയ്തുകൂടെ എന്ന്. ഞാൻ പറഞ്ഞു, ഇനി ഒരു യൂറോപ്യൻ രാജ്യവും അമേരിക്കയും എനിക്ക് അറിയുകയും വേണ്ട, പരിചയപ്പെടുകയും വേണ്ട. എനിക്കിത്  ധാരാളമായി. അത്ര മാത്രം മ‌ടുത്തു. കാരണം നമ്മള്‍ ഇതെല്ലാം ട്രൈ ചെയ്തതാണ്. ദുബായിൽ നിന്ന് രക്ഷപ്പെടുന്നതാണ് നല്ലതെന്ന് പലരും പലപ്രാവശ്യം പറഞ്ഞിരുന്നു. 

സുഹൃത്തുക്കൾ ഒക്കെ പോകുന്നുമുണ്ടായിരുന്നു. ഇപ്പോഴും തുടരുന്ന ഒരു ട്രെന്‍ഡാണിത്. കുട്ടികൾ ജനിച്ചാൽ അവിടെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരും. സാമ്പത്തിക വളർച്ചയുടെ സാധ്യതകൾ തേടിയാണ് ആളുകൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നത്. പിന്നെ വേറൊരു കാര്യം നാട്ടിൽ നിന്നൊക്കെ വളരെ ദൂരെയാണ് നമ്മളെന്ന തോന്നൽ അനുഭവിക്കേണ്ടി വരും. ഒരു തുരുത്തിൽ ഒറ്റപ്പെട്ട പോലൊരു പ്രയാസം.

അവിടെയുള്ളവർ മുഴുവൻ അനുഭവിക്കുന്ന ഒരുകാര്യമാണത്. എന്‍റെ ഭർത്താവിന്‍റെ സഹോദരന്മാർ ലണ്ടനിലുണ്ട്. അവർ ഇടയ്ക്കിടെ ഫോൺ ചെയ്യും. ദുബായിലുണ്ടായിരുന്നപ്പോൾ നമ്മൾക്കിങ്ങനെ ഫോൺ ചെയ്യാനുള്ള നേരമില്ലായിരുന്നു. ഭർത്താവിനാണെങ്കിൽ ഡ്യൂട്ടി കഴിഞ്ഞിട്ട് ഒന്നിനും സമയം കിട്ടാറില്ല. പക്ഷേ അവിടെ ചെന്നപ്പോൾ എനിക്ക് കാര്യം മനസ്സിലായി എനിക്ക് ജോലി കഴിഞ്ഞുള്ള നേരത്ത് വേറൊന്നും ചെയ്യാനില്ലെന്ന്. ഫോൺ ചെയ്യുക മാത്രമേ പരിപാടിയുള്ളൂ. പക്ഷേ നാട്ടിലേക്ക് നിരന്തരം ഫോൺ ചെയ്താൽ അവർക്ക് മടുക്കൂലെ? മാത്രമല്ല, അവിടെയാണെങ്കിൽ അവർ പലവക തിരക്കിലായിരിക്കുമല്ലോ.

അപ്പോൾ അവിടെ, യുകെയിലെ ഷെഫീൽഡിൽ എത്തിയപ്പോൾ അനിയൻമാർക്കൊക്കെ സന്തോഷമായി. അവിടെ ഈ മേമേടെ മക്കളുടെ അടുത്ത് ഞങ്ങൾ ഇടയ്ക്കൊക്കെ ചെല്ലുന്നു, ഒത്തുകൂടുന്നു.. അങ്ങനത്തെ ഒരു വൈബുള്ള സാധനം. കാരണം അവിടെ ഓരോ മനുഷ്യൻമാരും ഓരോ മനുഷ്യരെയും കിട്ടാനും കാണാനും കാത്തിരിക്കുകയാണ്. ഇവിടെ കുറ‍ഞ്ഞപക്ഷം  മലയാളി സംസ്കാരമുണ്ട്, നമ്മുടെ ഒരു ജീവിതമുണ്ട്. നമുക്ക് നാട് മിസ് ചെയ്യില്ല. നമുക്ക് ഇവിടെ ഓക്കെയാണ്. ഞങ്ങൾ ഇവിടെ തിരിച്ചു വന്നു. ഒരു ദിവസം കൊണ്ട് ഷെഫീൽഡിലെ റൂമുപോലും മറന്നു!

ഞങ്ങൾ കുറേയേറെ വർഷം യുഎഇയിൽ ജീവിച്ചിട്ടും ഇവിടുത്തെ ദേശീയ ആഘോഷങ്ങളില്‍ പോലും പങ്കെടുത്തിട്ടില്ല. പക്ഷേ, അവിടെയെത്തിയപ്പോള്‍ ശരിക്കും ഞാൻ യുഎഇയെ സ്നേഹിച്ചു. ഞാൻ ഭർത്താവിനെ യുകെയിലേക്ക് കൊണ്ടുവരികയാണെന്ന് പറഞ്ഞപ്പോൾ കൂട്ടുകാരി എന്നോട് ചോദിച്ചു, എങ്ങനെയുണ്ട് ചേച്ചീ അവിടുത്തെ ജീവിതം എന്ന്. അപ്പോൾ ഞാൻ ഒരു കാര്യം മാത്രം പറഞ്ഞു, ഞാൻ ചൂടിനെ പ്രണയിച്ചുപോയി! അത്രമാത്രം അവിടെ തണുപ്പാണ്.

∙ വെള്ളമില്ലായ്മയിൽ നിന്ന് വെള്ളത്തിലേക്ക് വന്ന സന്തോഷം
ടോയ്​ലറ്റിൽ വെള്ളം ഉപയോഗിക്കാത്തതാണ് ഞാൻ നേരിട്ട മറ്റൊരു പ്രശ്നം. അവിടെ എപ്പോഴും മഴയാണെങ്കിലും ടോയ്​ലറ്റിൽ വെള്ളം ഉപയോഗിക്കാൻ പറ്റാത്തത് ഇത്രയും കാലം ശീലിച്ചു വന്നതിൽ നിന്നുള്ള മാറ്റമായതിനാൽ പ്രയാസകരമായി. അത്തരം ടിഷ്യു കൾചറുമായി പൊരുത്തപ്പെടാൻ കഴിയാത്തത് ന്യൂനതായി. തണുപ്പിനെ വല്ലാതെ വെറുത്തുപോയ ദിനങ്ങളായിരുന്നു അവിടുത്തേത്. അപ്രതീക്ഷിത കാലാവസ്ഥാ മാറ്റമാണവിടെ. അഞ്ചാറ് മാസം കഴിഞ്ഞ് ഞാൻ ഭർത്താവിനെ കൂട്ടിക്കൊണ്ടുപോകാൻ യുഎഇയിൽ വന്നപ്പോൾ കണ്ട പ്രധാന വ്യത്യാസങ്ങളാണിവയെല്ലാം. കുറച്ച് കാലം കൂടി അവിടെ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ, ഈ സംസ്കാരങ്ങളുമായെല്ലാം എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞേനെ. പക്ഷേ, അതുവരെ പിടിച്ചു നിൽക്കാനുള്ള മനസ്സ് ഇല്ലായിരുന്നു.

ഞങ്ങൾ താമസിച്ചിരുന്ന യുകെയിലെ ഷെഫീൽഡ് ഒരു കുന്നിൻപ്രദേശമാണ്. ഭർത്താവ് അവിടെയെത്തിയ ശേഷം ആ സ്ഥലവുമായും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെയായി ഒത്തുപോകാൻ ഏറെ പ്രയാസപ്പെട്ടു. അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് എന്‍റെ കൂടി കടമയാണല്ലോ. എത്ര വഴക്കും സൗന്ദര്യപ്പിണക്കവും ഉണ്ടായാലും ഇത്തരം സന്ദർഭങ്ങളിൽ പിന്തുണച്ചേ തീരൂ. സാധാരണയായി കുറേയേറെ സംസാരിക്കുന്ന ഒരാൾ വെറുതെ വീട്ടിലിരിക്കുന്ന അവസ്ഥ ഖേദകരമാണ്. അതുകൊണ്ടു കൂടിയാണ് ഞങ്ങൾ മടങ്ങിവരവ് തീരുമാനിച്ചത്. ഭർത്താവും ഞാനും ഒരുപോലെ ചിന്തിക്കുന്നവരാണ്. ഇത്തരം കാര്യങ്ങളിൽ ഞങ്ങൾ ഒന്നിച്ചാണ്.

∙ നിശ്ചയദാർഢ്യത്തോടെ മുന്നോ‌‌ട്ട്
ഞാൻ ബിഎസ്​സി നഴ്സിങ് കഷ്ടപ്പെട്ട് പഠിച്ചതാണ്. എന്‍റെ മക്കളെ പോലും എനിക്കാ രണ്ട് വര്‍ഷം നന്നായി നോക്കാൻ സാധിച്ചിരുന്നില്ല. എനിക്കിവിടെ തിരിച്ചുവന്ന് വീണ്ടും ജോലിക്ക് അപേക്ഷകളയക്കാൻ കഴിഞ്ഞത് ഈ ബിരുദം ഉള്ളതുകൊണ്ടാണ്. ബിഎസ്​സിയില്ലായിരുന്നെങ്കിൽ തിരിച്ചുവരവു പോലും പ്രതിസന്ധിയിലായേനെ. ഭർത്താവിന്‍റെ നിർദേശപ്രകാരം ഞാൻ അവിടെ നിന്ന് വെറുതെ ഒന്നു പരീക്ഷിച്ചുനോക്കിയതാണ്. അത് വിജയകരമായപ്പോൾ ഭയങ്കര സന്തോഷവും ആത്മവിശ്വാസവും കൈവന്നു. ഒടുവിൽ ഒരു ദുഷ്കരഘട്ടത്തിൽ ഞങ്ങൾ ആ തീരുമാനമെടുത്തു – യുഎഇയിലേക്കുള്ള മടക്കയാത്ര. ജീവിതത്തിൽ വെല്ലുവിളി ഏറ്റെടുക്കാൻ നമ്മൾ തയ്യാറാകണം. ചില സാഹചര്യങ്ങൾ നമ്മെ അത്തരത്തിൽ പരുവപ്പെടുത്തിയെടുക്കും.

യുഎഇയില്‍ തിരിച്ചെത്തിയ ശേഷം പലയിടത്തും നഴ്സിങ് ജോലിക്ക് അപേക്ഷ നൽകി. ഇത്രയും കാലത്തെ പരിചയസമ്പത്ത് അതിന് തുണയ്ക്കുമെന്ന് കരുതി, അധികം വൈകാതെ പ്രമുഖ ആശുപത്രിയിൽ ജോലി ലഭിച്ചു. അഥവാ ഇവിടെ ജോലി ലഭിച്ചില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങിപോയി അവിടെ ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. ഭർത്താവാണെങ്കിൽ തന്‍റെ മേഖലയിൽ വീണ്ടും സജീവമാകണമെന്നാണ് തീരുമാനിച്ചത്.

∙ കഭി ഖുഷി കഭി ഗം; എന്‍റെ ഇന്ത്യ എന്ന് പറഞ്ഞു കരഞ്ഞു
മലയാളത്തെയും മണ്ണിനെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ. അതുകൊണ്ടു തന്നെ എനിക്ക് നാട് വല്ലാണ്ട് മിസ്സാകുമായിരുന്നു. ഷെഫീൽഡില്‍ ടിവിയിൽ 'കഭി ഖുഷി കഭി ഗം' എന്ന ഹിന്ദി ചിത്രം കാണുകയായിരുന്നു ഞാൻ ഒരിക്കൽ. കജോൾ സ്കൂളിൽ ഇന്ത്യൻ ദേശീയ ഗാനം കേൾക്കുമ്പോൾ കരയുന്ന രംഗമുണ്ടതിൽ. എന്‍റെ ഇന്ത്യ എന്ന് പറഞ്ഞ് ഞാനുമപ്പോൾ കരഞ്ഞു. മക്കൾ ജനിക്കുമ്പോൾ തന്നെ ഇംഗ്ലിഷ് പറയണമെന്നും അതിലാണ് സ്റ്റാറ്റസ് എന്നുമൊക്കെയുള്ള ചിന്താഗതി നമുക്ക് വേണ്ട. കുട്ടികൾ നമ്മൾ വളർത്തും പോലെ മതി. പക്ഷേ, കുട്ടികൾ സ്കൂളിൽ ഹാപ്പിയായിരുന്നു.

വളരെ നല്ല അന്തരീക്ഷമാണ് കുട്ടികൾക്ക്. എങ്കിലും ഇംഗ്ലിഷ് സംസ്കാരത്തിലേക്ക് അവർ വഴിമാറുമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. കുട്ടികൾക്ക് വലിയ സ്വാതന്ത്ര്യമാണവിടെ. 18 വയസ് കഴിഞ്ഞാൽ സ്വതന്ത്രരാകുക എന്നത് സാധാരണ കാര്യം. അല്ലാതെ മാതാപിതാക്കളുടെ കൂടെ താമസിക്കുക എന്നത് നാണക്കേടാണ്. പക്ഷേ, മലയാളികൾ ഇപ്പോഴും കുടുംബത്തോടൊപ്പം കഴിയുന്നുണ്ട്. എന്‍റെയൊരു ബന്ധുവീട്ടിൽ ചെന്നപ്പോൾ അവിടുത്തെ പയ്യൻ പറയുകയാണ്, അടുത്ത വർഷം ഞാൻ ടീനേജാകാൻ പോവുകയാണ്. അതോടെ മാറിത്താമസിക്കാൻ പോവുകയാണ് എന്ന്.

∙ പോസിറ്റീവ് വൈബ്; വെയർ ഹൗസ് ജോലി താങ്ങുമോ?
ഞാൻ യുട്യൂബ് ചാനലിൽ കണ്ട ഒരു കുടുംബത്തിന്‍റെ കഥയുണ്ട്. അവർ യുഎഇയിലായിരുന്നു. അതിലെ യുവതി എന്നെപ്പോലോ ബിഎസ്​സി ബിരുദമെടുത്ത് യുകെയിൽ ചെന്നു. പിന്നീട് അവരുടെ ഭർത്താവും 3 മക്കളും അവിടെയെത്തി. അവര്‍ക്കും അവിടെ സെറ്റായില്ലെന്ന് കണ്ടപ്പോൾ ഭർത്താവും മക്കളും കൂടി തിരിച്ചുപോന്നു. യുവതി ഒരു വർഷം കൂടി ജോലി ചെയ്തു പിന്നീട് തിരിച്ചുവന്നു. ഞാനും അവിടെ ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ എന്തോ ഒരു ഇഷ്ടക്കേട് തോന്നി. ഭർത്താവ് ഇവിടെ നിന്ന് ഫോൺ ചെയ്യുമ്പോഴൊക്കെ ഞാനക്കാര്യം പറഞ്ഞിരുന്നു. ആദ്യത്തെ മൂന്നു മാസം കൂട്ടുകാരികളുടെ കൂടെ താമസിച്ചിരുന്നപ്പോൾ കുറച്ച് ആസ്വദിച്ച് ജീവിച്ചെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ അവിടുത്തെ വൈബ് ശരിയാകാതെയായി.

ഞാനത് ഭർത്താവിനോട്  പറയുകയും ചെയ്തു. എന്നാൽ, ഇവിടെ നിന്ന് എല്ലാവരും വലിയൊരു സുവർണാവസരമാണ് കൈവന്നതെന്നും പൊയ്ക്കൂടെ എന്നും പറഞ്ഞു നിർബന്ധിച്ചു. അപ്പോൾ ഞാൻ മാത്രം നെഗറ്റീവ് പറയുന്നതായി തോന്നി. അവിടെ എത്തുന്ന പലരും ആദ്യം ജോലിയിൽ പ്രവേശിക്കാറ് വെയർ ഹൗസിലാണ്. ഞങ്ങൾ ആദ്യം തന്നെ അത് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. വളരെ കഷ്ടപ്പാടുള്ള ജോലിയാണത്. നൈറ്റ് ഡ്യൂട്ടിയൊക്കെ എടുക്കേണ്ടി വരും. പലരും വിഷാദത്തിൽ ആയിട്ടുണ്ടെന്ന് അറിയാമായിരുന്നു.

∙ തിരിച്ചറിവുകളുടെ കാലത്തെ കഥ
ജീവിതം എന്നത് തിരിച്ചറിവുകളിലൂടെ കടന്നുപോകുന്നതാണല്ലോ. ആ കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. ഇവിടെയെത്തിയപ്പോൾ ജീവിതത്തിന്‍റെ നല്ല വൈബ് തിരിച്ചുകിട്ടി. ജീവശ്വാസം കിട്ടിയ പോലുള്ള അനുഭവം. നാട്ടിൽ നിന്ന് യുകെയിലെത്തുന്നവർ പോലും ബുദ്ധിമുട്ടുകളാണ് പറയുന്നത്. എങ്കിലും കേരളത്തിലെ ഒരു നഴ്സിന് കൂടിപ്പോയാൽ 25,000 രൂപയാണ് പ്രതിമാസ ശമ്പളം ലഭിക്കുക. യുകെയിൽ അത് ഒരു ദിവസം ലഭിച്ചേക്കാം. അതുകൊണ്ട് എല്ലാം സഹിച്ച് അവിടെ ജോലി ചെയ്യുന്നവരാണ് നാട്ടിൽ നിന്ന് പോയവർ.

അതേസമയം, യുഎഇയിലെ വളരെ പ്രതീക്ഷയോടെയും ആശ്ചര്യത്തോടെയുമാണ് യുകെ മലയാളികൾ കാണുന്നത്. എന്തിനാണ് നിങ്ങൾ അവിടെ നിന്ന് ഇങ്ങോട്ട് വന്നതെന്നാണ് മിക്കവരും ചോദിച്ചത്. പക്ഷേ, ഞങ്ങൾ തിരിച്ചുവന്നപ്പോൾ പലരും ചോദിച്ചു, എന്തിനാണ് ചേച്ചീ അവിടെ കുടുംബമായി ജീവിച്ച് തുടങ്ങി, മടങ്ങിവന്നതെന്ന്. പക്ഷേ, നമ്മുടെ മനസ്സിന്‍റെ സമാധാനവും ഇഷ്ടവുമാണ് നമുക്ക് വലുത്.

ഒരുപക്ഷേ, ഞങ്ങളുടെ അഭിപ്രായവും അനുഭവവുമായിരിക്കില്ല മറ്റു പലർക്കും. അതുകൊണ്ട് ആരെയും ഞാൻ പിന്തിരിപ്പിക്കുകയോ നിരാശരാക്കുകയോ അല്ല. ഞാനെന്‍റെ അനുഭവം പറയുന്നു എന്നുമാത്രം. ഒരുകാര്യം കൂടി പറയട്ടെ, ജീവിതത്തിൽ എന്തു തീരുമാനമെടുക്കുമ്പോഴും ഒരു പുനരാലോചന വളരെ നല്ലതാണ്.

English Summary:

Nurses who Went to Europe in Search of Better Opportunities are Returning to the UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com