ADVERTISEMENT

ദുബായ്∙ ലോകത്തിലെ ഏറ്റവും വലിയ വാർഷിക ആഗോള ഭക്ഷ്യ-പാനീയ പ്രദർശനമേളയായ  29-ാമത്   ‘ഗൾഫൂഡ്’ ദുബായ് വേൾഡ് ട്രേഡ് സെന്‍ററില്‍ ആരംഭിച്ചു. ഈ മാസം  23 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിവേഗം വികസിക്കുന്ന മേഖലയായ ഫൂഡ് ആൻഡ് ബിവറേജസ്( എഫ് ആൻഡ് ബി) സമൂഹത്തെ  ദുബായിൽ ഒരു കുടക്കീഴിൽ അണിനിരത്തുന്നു.   

എക്‌സിബിഷനോടൊപ്പമുള്ള ‘ഇൻസ്‌പയർ ഗൾഫൂഡ്’ സമ്മേളനം കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അമ്‌ന ബിൻത് അബ്ദുല്ല അൽ ദഹ്‌ക്ക് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സമ്പ്രദായങ്ങളെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്ന വളർന്നുവരുന്ന ആധുനിക സാങ്കേതികവിദ്യകളുടെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ തിരിയണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമുള്ള മാർഗമായി പ്രാദേശിക ഉൽപന്നങ്ങളെ പിന്തുണയ്ക്കേണ്ടതിന്‍റെ പ്രാധാന്യവും വിശദീകരിച്ചു. ഭക്ഷ്യമേഖലയുടെ ഭാവിയും ഭക്ഷ്യസുരക്ഷയും സമയബന്ധിതമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്. കാരണം വർധിച്ചുവരുന്ന താപനില നമ്മുടെ പ്രകൃതിവിഭവങ്ങളെ അപകടത്തിലാക്കും. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങൾ സംയോജിപ്പിക്കാൻ ഇത് ആവശ്യമാണ്. 

കൂടുതൽ സുസ്ഥിരമായ പ്രാദേശിക ഉൽപന്നങ്ങളുടെ വിതരണത്തെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുക.  പ്രാദേശിക തലത്തിൽ ഭക്ഷ്യ ഉൽപ്പാദന മേഖലയുടെ അടിസ്ഥാന സ്തംഭങ്ങളിലൊന്ന് കാർഷിക സാങ്കേതികവിദ്യയാണ്. രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക ഉൽപാദന മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ ഉറപ്പാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണം. ഭക്ഷ്യ-പാനീയ മേഖലയ്ക്ക് എങ്ങനെ പരിവർത്തനം കൈവരിക്കാനും പങ്കാളികൾക്കിടയിൽ സഹകരണം വർധിപ്പിക്കാനും കൂടുതൽ വഴക്കമുള്ളതാക്കാനും കഴിയുമെന്നതിനെക്കുറിച്ചുള്ള ചർച്ചാ സെഷനിൽ അറബ് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റ് ചെയർമാൻ ഡോ. ഉബൈദ് സെയ്ഫ് ഹമദ് അൽ സാബി പ്രസംഗിച്ചു. ചെറുകിട കർഷകർക്ക് ധനസഹായം നൽകുന്നതിലൂടെ ഭക്ഷ്യ സുസ്ഥിരത കൈവരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

∙ ഇന്ത്യയുൾപ്പെടെ  127 രാജ്യങ്ങളുടെ പവിലിയനുകൾ
ഗൾഫൂഡ് 2024 ലോകത്തെങ്ങുമുള്ള ഭക്ഷണ–പാനീയ മേഖലയിലെ ബിസിനസ് പ്രക്രിയയിലെ ഒരു പ്രധാന കേന്ദ്രമാണ്. ഇത് പുതിയ ഉൽപ്പന്നങ്ങളും പുതുമകളും അനാവരണം ചെയ്യുന്നു, കൂടാതെ 127 രാജ്യങ്ങളുടെ പവിലിയനുകളും ഉൾപ്പെടുന്നു, അർമേനിയ, അസർബൈജാൻ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾ ആദ്യമായി പങ്കെടുക്കുന്നു. 

ഭക്ഷ്യ ഉൽപന്നങ്ങളും ചേരുവകളും പ്രദർശിപ്പിക്കുന്നതിനും ആധികാരിക പാചകരീതികൾ അവതരിപ്പിക്കുന്നതിനും യഥാർഥ ബിസിനസ്സ്, വാണിജ്യബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി ഗൾഫൂഡ് 2024 നിരവധി രാജ്യാന്തര ബ്രാൻഡുകളെയും പുതിയ പ്രദർശകരെയും ഒരുമിച്ച് കൊണ്ടുവരുന്നു. 12 ബില്യൻ ഡോളറിലധികം മൂല്യമുള്ള ഇടപാടുകളാണ് നടക്കുക.  ഭക്ഷ്യ-പാനീയ വ്യവസായത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിഹാരങ്ങളും ലോകത്തിന് ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താനും ഭൂഖണ്ഡാന്തര വ്യാപാര ഇടപാടുകൾ സുഗമമാക്കാനും ഭക്ഷ്യ-പാനീയ കയറ്റുമതിക്കാരുടെ അവസാന കേന്ദ്രബിന്ദുവായി പ്രവർത്തിക്കാനും ഗൾഫൂഡ് വേദി നൽകുന്നു.

∙ ഷട്ടിൽ ബസ് സർവീസും പാർക്കിങ് സൗകര്യവും
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ) ഗൾഫൂഡിനായി പാർക്കിങ് സ്ഥലങ്ങളും ഷട്ടിൽ ബസ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. സൗജന്യ ഷട്ടിൽ ബസുകൾ സന്ദർശകരെ വേള്‍ഡ് ട്രേഡ് സെന്‍ററിൽ നിന്നും തിരിച്ചും സർന്ദശകർക്ക് സേവനം നൽകും. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ദുബായ് വേൾഡ് ട്രേഡ് സെന്‍റർ ഏരിയയിലെ പാർക്കിങ് സ്ഥലം ഉപയോഗിക്കാം. ഇതര സ്ഥലങ്ങൾ ഇവയാണ്: ദുബായ് മാൾ സബീൽ എക്സ്പാൻഷൻ പാർക്കിങ്, അൽ വാസൽ ക്ലബ്ബിന് മുന്നിലെ പൊതു പാർക്കിങ്, അൽ കിഫാഫിലെ ബഹുനില പാർക്കിങ്.

English Summary:

The world's largest annual food and beverage expo kicked off in Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com