ADVERTISEMENT

ദുബായ്∙ ഗൾഫിലെ ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി യുഎഇ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തുള്ള  എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഇപ്രാവശ്യത്തെ നീറ്റ്–യുജി (നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്- യുജി)  പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടി അധികൃതർ പിൻവലിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതായി ഇന്ത്യൻ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി സമൂഹ മാധ്യമ പ്ലാറ്റ് ഫോമായ എക്സിൽ അറിയിച്ചു.

ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്ക് ഈ വർഷം നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ യുഎഇയിൽ മാത്രം മൂന്ന് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ. മുന്‍ വർഷങ്ങളിൽ പരീക്ഷയ്ക്ക് അബുദാബി ഇന്ത്യൻ സ്കൂൾ, ദുബായ് ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ എന്നിവ സംവിധാനമൊരുക്കി. കുവൈത്തിലെ കുവൈത്ത് സിറ്റി, ഖത്തറിലെ ദോഹ, ബഹ്റൈനിലെ മനാമ, ഒമാനിലെ മസ്കത്ത്, സൗദിയിലെ റിയാദ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ടാകും. ഇതടക്കം ഇന്ത്യക്ക് പുറത്ത് ആകെ 14 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. 

∙ യുഎഇയിൽ  ആയിരക്കണക്കിന് പരീക്ഷാർഥികൾ
ഇപ്രാവശ്യം മേയിൽ നടക്കുന്ന നീറ്റ്–യുജി പരീക്ഷ യുഎഇയിൽ മാത്രം അയ്യായിരത്തോളം വിദ്യാർഥികൾ എഴുതും. മുൻവർഷങ്ങളിലും ഇത്രയും കുട്ടികൾ പരീക്ഷ എഴുതിയിരുന്നു. പലരും മികച്ച മാർക്ക് വാങ്ങി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുമുണ്ട്.നേരത്തെ, യുഎഇയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ  ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ തീരുമാനങ്ങളിൽ പ്രവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് യുഎഇയിലെ പരിശീലന ക്ലാസുകളിൽ പങ്കെടുത്തും പേപ്പറുകൾ എഴുതിയും മണിക്കൂറുകളോളം മെറ്റീരിയൽ അവലോകനം ചെയ്തും തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഇനി പരീക്ഷയെഴുതാൻ ഇന്ത്യയിലേക്ക്  പോകേണ്ടി വരില്ലെന്നത് വളരെ ആശ്വാസകരമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനക്കൂലി ഇപ്പോഴും കുത്തനെ നിൽക്കുന്നതിനാൽ പരീക്ഷാ സമയമാകുമ്പോഴേയ്ക്കും ഇനിയും വർധിക്കുമെന്നതും  ആശങ്കയ്ക്ക് കാരണമായിരുന്നു. 

2021-ലാണ് നീറ്റ്-യുജി പരീക്ഷകൾക്കായി ഇന്ത്യ ആദ്യമായി രാജ്യാന്തര കേന്ദ്രങ്ങൾ തുറന്നത്. കോവിഡ്19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്നായിരുന്നു നടപടി. വർഷങ്ങളായി ഇന്ത്യക്ക് പുറത്തുള്ള കേന്ദ്രങ്ങൾക്കായി അപേക്ഷിക്കുന്ന രക്ഷിതാക്കൾക്ക് ഇത് ആശ്വാസമായി. നിലവിൽ യുഎഇയിൽ കേരളത്തിലെ പ്രമുഖ മെഡിക്കൽ പരിശീലന കേന്ദ്രങ്ങളുടെ ശാഖകൾ പ്രവർത്തിക്കുന്നതിനാൽ മിക്കവരും മക്കളെ ഇവിടെ തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ ഇപ്രാവശ്യം അയ്യായിരത്തിലേറെ പേർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതായാണ് വിവരം. 2021ൽ ആകെ 1,872,000 വിദ്യാർഥികൾ നീറ്റ് റജിസ്റ്റർ ചെയ്തു. ഇതിൽ 10,64,000-ലേറെ പേർ പെൺകുട്ടികളും 8,07,000 പേർ ആൺകുട്ടികളുമാണ്. ഇതാദ്യമായാണ് മെഡിക്കൽ പ്രവേശനത്തിൽ പെൺകുട്ടികളുടെ എണ്ണം 1,00,000 കടന്നത്. ഇതേ വർഷം ഇന്ത്യൻ ഹൈസ്‌കൂൾ പരീക്ഷാകേന്ദ്രത്തിൽ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടേതിനേക്കാൾ 40 ശതമാനം കൂടുതലായിരുന്നു. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ പേർ ഇവിടെയെത്തി. ഒരാൾ ദ്വീപ് രാഷ്ട്രമായ പാപുവ ന്യൂ ഗിനിയയിൽ നിന്നാണ് വന്നത്.

യുഎഇയിൽ ആദ്യമായി നീറ്റ് പരീക്ഷ നടന്ന 2021ൽ ദുബായ് ഇന്ത്യൻ ഹൈസ്കൂൾ മാത്രമായിരുന്നു കേന്ദ്രം. ആ വർഷം നൂറുകണക്കിന് പേർ പരീക്ഷയെഴുതി. യുഎഇ സമയം ഉച്ച മുതൽ വൈകിട്ട് വരെ  പെൻ ആൻഡ് പേപ്പർ മോഡിലായിരുന്നു പരീക്ഷ. 3 മണിക്കൂറും 20 മിനിറ്റും  പരീക്ഷയുടെ ദൈർഘ്യം. വിവരങ്ങൾക്ക് : http://neet.nta.nic.in

English Summary:

NTA adds 14 foreign exam centres for students to attempt the exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com