പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വാർഷിക സമ്മേളനം ഈ മാസം 25ന്
Mail This Article
കുവൈത്ത് സിറ്റി∙പ്രവാസി വെൽഫെയർ കുവൈത്തിന്‍റെ പത്താം വാർഷിക സമ്മേളനം ഫെബ്രുവരി 25 ഞായറാഴ്ച കുവൈത്ത് ദേശീയ അവധി ദിനത്തിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ജനപ്രിയ ടെലിവിഷൻ പരമ്പരയായ മറിമായം കലാകാരൻമാരുടെ സ്റ്റേജ് ഷോ ആണ് കലാപരിപാടികളിലെ മുഖ്യ ആകർഷണം. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും.
കുവൈത്ത് പ്രവാസി സമൂഹത്തിൽ സേവന പ്രവർത്തനങ്ങളുടെ മികവുമായാണ് പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് പ്രസിഡന്‍റ് ലായിക് അഹമ്മദ് പറഞ്ഞു. ഏറ്റവും കൂടുതൽ രക്തദാന ക്യാംപുകള് സംഘടിപ്പിച്ച സഘടനക്കുള്ള കുവൈത്ത് ബ്ലഡ് ബാങ്കിന്‍റെ പ്രത്യേക അവാർഡ് ലഭിച്ചത് തങ്ങളുടെ പ്രവർത്തനത്തിനുള്ള പ്രത്യക്ഷ അംഗീകാരം ആയിരുന്നെന്നും, മാധ്യമങ്ങൾ എന്നും പ്രവാസി വെൽഫെയർ കുവൈത്തിന്‍റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. പത്താം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ റസ്റ്റോറന്‍റ്, കഫ്റ്റീരിയ മേഖലകളിൽ 35 വർഷം പൂർത്തിയാക്കിയ മലയാളി ജീവനക്കാരെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. മുൻവർഷങ്ങളിൽ മുതിർന്ന പൗരൻമാരെയും, നഴ്സുമാരെയും, ടാക്സി ഡ്രൈവർമാരെയും ആദരിച്ചിരുന്നു. ലായിക് അഹമ്മദ്, റഫീഖ് അഹമ്മദ്, രാജേഷ് മാത്യു , റസീന മുഹ് യിദ്ദീൻ, റഫീഖ് ബാബു പൊൻമുണ്ടം , അനിയൻ കുഞ്ഞ് പാപ്പച്ചൻ , ഷൗക്കത്ത് വളാഞ്ചേരി , വിഷ്ണു നടേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.