മൂന്നു ദശകമായി സൗദിയിൽ; സ്വദേശവുമായി ബന്ധമില്ലാതെ 23 വർഷം, ഒടുവിൽ ജീവനറ്റ് നാട്ടിലേക്ക്
Mail This Article
റിയാദ് ∙ ഏറെ സങ്കീര്‍ണമായ നിയമനടപടികള്‍ക്ക് ശേഷം ആന്ധ്രപ്രദേശ് സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലില്‍ നാട്ടിലെത്തിച്ചു. റിയാദ് അസീസിയയില്‍ സുഹൃത്തിന്റെ മുറിയിൽ മരിച്ച ചിറ്റൂര്‍ സ്വദേശി ശിവയ്യയുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 30 വര്‍ഷം മുമ്പാണ് ശിവയ്യ സൗദിയിലെത്തിയത്.
നവംബര്‍ 5ന് സുഹൃത്തിന്റെ താമസസ്ഥലത്തുവച്ചായിരുന്നു മരണം. ഇഖാമയോ ബോര്‍ഡര്‍ നമ്പറോ പഴയ പാസ്പോര്‍ട്ടോ ഉണ്ടായിരുന്നില്ല. സ്പോണ്‍സറുടെ വിവരവും ലഭ്യമായില്ല. 2013 ല്‍ പൊതുമാപ്പ് സമയത്ത് ഇന്ത്യന്‍ എംബസി നല്കിയ ഔട്ട്പാസ് മാത്രമാണ് പൊലീസിന് ലഭിച്ചത്. നാട്ടിലെ രേഖകള്‍ വച്ചാണ് പൊതുമാപ്പ് സമയത്ത് ഇന്ത്യന്‍ എംബസി ഔട്ട്പാസ് നല്‍കിയത്. ആ അവസരം അന്നദ്ദേഹത്തിന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാനായി പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എംബസിയെയും സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂരിനെയും ബന്ധപ്പെട്ടു. ഇഖാമയല്ലാത്തതിനാല്‍ വിരലടയാളമെടുത്തെങ്കിലും മുമ്പ് റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ആ ശ്രമവും വിഫലമായി.
23 വര്‍ഷം മുമ്പാണ് ശിവയ്യ അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളായി. നാട്ടിലുള്ള മകന്റെ ആവശ്യപ്രകാരം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടര്‍ന്നു. ഇന്ത്യന്‍ എംബസിയില്‍നിന്ന് എന്‍ഒസി ലഭിച്ചു. അത് പ്രകാരം പൊലീസില്‍നിന്നു രേഖകള്‍ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തില്‍ രേഖകളില്ലാത്തതിനാല്‍ ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് ഡെത്ത് നോട്ടിഫിക്കേഷന്‍ സിവില്‍ അഫയേഴ്സിലേക്ക് ഓണ്‍ലൈന്‍ വഴി അയക്കാനായില്ല.
ഡെത്ത് നോട്ടിഫിക്കേഷന്‍ പ്രിന്റ് ചെയ്ത് സിവില്‍ അഫയേഴ്സിലെത്തിച്ചെങ്കിലും ഓണ്‍ലൈന്‍ വഴിയെത്താത്തതിനാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. പാസ്പോര്‍ട്ട് വകുപ്പില്‍നിന്ന് പരിഹാരം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരും നിസ്സഹായരായി. ഐടി എൻജിനീയര്‍മാരും പാസ്പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അന്വേഷണം നടത്തി. ഇന്ത്യന്‍ എംബസി വഴി വിദേശകാര്യ മന്ത്രാലയത്തിലും അപേക്ഷ നല്കി. ഇന്ത്യന്‍ എംബസി നല്കിയ കത്തുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വച്ച് സിവില്‍ അഫയേഴ്സിലും പാസ്പോര്‍ട്ട് ഓഫിസിലും സിദ്ദീഖ് അപേക്ഷ നല്കി.
ഈ രേഖകളെല്ലാം ബന്ധപ്പെട്ട മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലെത്തിയെങ്കിലും ഇഖാമ നമ്പര്‍ ലഭിച്ചില്ല. അവിടെ നിന്നുള്ള മറുപടികള്‍ സിദ്ദീഖ് വായിച്ചെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി. സിവില്‍ അഫയേഴ്സില് നല്കിയ അപേക്ഷ പ്രകാരം ഇഖാമയില്ലാതെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്കാന് ഉത്തരവായി. ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് വെച്ച് ജവാസാത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അതു വരെയുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
ഇന്ത്യയില്‍നിന്നു പാസ്പോര്‍ട്ടില്ലാതെ ശിവയ്ക്കു വരാനാകുമായിരുന്നില്ല. അത് കണ്ടെത്താനാവശ്യപ്പെട്ട് വീണ്ടും സിദ്ദീഖിനെ തിരിച്ചയച്ചെങ്കിലും ജവാസാത്ത് ഐടി വകുപ്പ് മേധാവിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. അദ്ദേഹത്തോടൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് ഡിപോര്‍ട്ടേഷന്‍ സെന്ററിലേക്ക് രേഖകള്‍ കൈമാറി. മുമ്പ് ഡിപോര്‍ട്ടേഷന്‍ സെന്ററുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇഖാമ സ്റ്റാറ്റസറിയാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് മറുപടി ലഭിച്ചിരുന്നത്.
ഡിപോര്‍ട്ടേഷന്‍ സെന്ററിലെത്തി ഉദ്യോഗസ്ഥരെ വിഷയം ബോധ്യപ്പെടുത്തി ഫൈനല്‍ എക്സിറ്റ് സീല്‍ ലഭിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ ചെലവില്‍ എംബാം, കാര്‍ഗോ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിലെത്തിച്ചു. സിദ്ദീഖും എയര്‍പോര്‍ട്ട് വരെ മൃതദേഹത്തെ അനുഗമിച്ചു.