ADVERTISEMENT

ദുബായ്∙'മഞ്ഞുമ്മൽ ബോയ്സും' അവരുടെ സൗഹൃദത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥയും നാട്ടിലെ പോലെ ഗള്‍ഫിലെ തിയറ്ററുകളിലും തകർത്തോടുമ്പോൾ സംഘത്തിലെ ഒരംഗം ആ സംഭവത്തിന്‍റെ നടുക്കത്തോടെ പ്രവാസ ലോകത്തുണ്ട്. കൊടൈക്കനാലിൽ വിനോദ സഞ്ചാരത്തിന് പോയി ഗുണ ഗുഹയിൽ വീണ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ സംഘത്തിലെ അനിൽ ജോസഫാണ് കഴിഞ്ഞ 5 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്നത്. ഇന്നലെ ദോഹയിലെ തിയറ്ററിൽ സിനിമ കണ്ടപ്പോൾ വല്ലാതെ വികാരഭരിതനായി അനിൽ. പഴയതെല്ലാം ഓർത്ത് കുറേ നേരം കരഞ്ഞു. ഇന്നലെ രാത്രി ഉറങ്ങാനേ സാധിച്ചില്ല. സുഹൃത്തും അയൽക്കാരനുമായ  യുഎഇയിലുള്ള സുഹൃത്ത്  ഡീൻ ജോസിനെ ഫോൺ വിളിച്ച് കുറേനേരം സംസാരിച്ചു. ഇരുവരും 1 മുതൽ 10 വരെ ഒന്നിച്ച് പഠിച്ചവരാണ്. എത്രയും പെട്ടെന്ന് നാട്ടിൽ പോയി എല്ലാവരെയും കാണാൻ കൊതി തോന്നുകയാണെന്നും അനിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു.

survivor-of-manjummel-incident-in-qatar-carries-emotional-scars
ജിൻസണിന്‍റെ വിവാഹത്തിന് ‘മഞ്ഞുമ്മൽ ബോയ്സ്’ ഒത്തുകൂടിയപ്പോൾ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙അതൊരു കാലം, സൗഹൃദം പൂത്തുവിടർന്ന ദിനങ്ങൾ
എറണാകുളം മഞ്ഞുമ്മൽ മാടപ്പാട്ട് സ്വദേശികളും അയൽക്കാരും ‘ചങ്ക് ദോസ്തുമാരുമായ’ അനിൽ ജോസഫും കുട്ടൻ എന്ന സിജു ഡേവിഡ് , സിക്സൺ, സിജു, സുഭാഷ്, സുജിത്, സുമേഷ്, കൃഷ്ണകുമാർ, അഭിലാഷ്, സുധി, ജിൻസൺ എന്നിവർ. പെയിന്‍റിങ്, വെൽഡിങ് തുടങ്ങിയ ജോലികൾ ചെയ്തുവന്നിരുന്ന ‌‌‌'മാടപ്പാട്ട് ബോയ്സ്' എല്ലാ ദിവസവും വൈകിട്ട് മഞ്ഞുമ്മൽ പള്ളി, ദർശന ക്ലബ് പരിസരങ്ങളിലും ഒത്തുകൂടും. വടംവലി, നീന്തൽ, ഫുട്ബോൾ, ഒളിച്ചുംപാത്തും കളി തുടങ്ങിയവയായിരുന്നു അന്നത്തെ പ്രധാന വിനോദങ്ങൾ. പിന്നെ, ഇടയ്ക്കിടെ ടൂർ പോകലും ഹരമായിരുന്നു. അങ്ങനെയാണ്  2006 സെപ്റ്റംബർ 2ന്  പ്രസാദ് എന്ന ഡ്രൈവറുടെ ക്വാളിസ് വാഹനത്തിൽ തമിഴ്​നാട്ടിലെ കൊടൈക്കനാലിലേക്ക് വിനോദ സഞ്ചാരത്തിന് പോയത്. അത് ജീവിതത്തിൽ മറക്കാനാകാത്ത  ദുരന്തദിനമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. 

കൊടൈക്കനാലിന്‍റെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങിയശേഷം സുധിയാണ് പ്രിയതാരം കമൽഹാസൻ അഭിനയിച്ച ഗുണ എന്ന സിനിമയുടെ പേരിലറിയപ്പെടുന്ന 'ഗുണ കേവ്' എന്ന 'ഡെവിൾസ് കിച്ചൻ' ഗുഹ സന്ദർശിക്കാമെന്ന് അഭിപ്രായപ്പെട്ടത്. എല്ലാവരും ഇതോടെ ആവേശത്തിലായി. അവിടെയെത്തിയപ്പോൾ സമയം വൈകിട്ട് മൂന്നായിരുന്നു. മുകളിൽ നിന്ന് ഗുണ ഗുഹയുടെ സ്ഥലം കണ്ടു. നേരത്തെ അവിടേക്ക് സന്ദർശകരെ അനുവദിച്ചിരുന്നെങ്കിലും കുറുക്കാലമായി അനുമതിയില്ല. അങ്ങോട്ട് പോകുന്നത് കമ്പിവേലി കെട്ടി തടഞ്ഞിരുന്നു. എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് താഴെ നിന്ന് രണ്ടു മൂന്ന് തമിഴ് യുവാക്കൾ കയറിവരുന്നത് കണ്ടത്. ഇതോടെ കമ്പി വേലി ചാടി താഴേക്ക് ചെന്നു. ഫോട്ടോ എടുക്കാനായി ഓരോരുത്തരും ഗുണ ഗുഹയുടെ കുഴിക്ക് മുകളിലൂടെ അപ്പുറത്തേയ്ക്ക് ചാടിക്കടന്നു. എന്നാൽ സുഭാഷ് ചാടിയപ്പോൾ പാറയിൽ തട്ടി കുഴിയിൽ വീണു.

survivor-of-manjummel-incident-in-qatar-carries-emotional-scars
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

എല്ലാവരും ഞെട്ടിത്തരിച്ചു. കുറേനേരം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിന്നു. പൊലീസിലും വനംഅധികൃതർക്കും വിവരമറിയിക്കണമെന്ന് ആരോ നിർദേശിച്ചതനുസരിച്ച് കൃഷ്ണകുമാർ, ജിൻസൺ, പ്രസാദ്, സിക്സൺ എന്നിവർ മുകളിലേക്ക് ഓടി. 

survivor-of-manjummel-incident-in-qatar-carries-emotional-scars
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

അവിടുത്തെ ഒരു ചായക്കടക്കാരനോട് കാര്യം പറഞ്ഞു. ഇനി നോക്കേണ്ടതില്ല, അവനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു അയാളുടെ മറുപടി. എങ്കിലും തുടർന്ന് മൂന്ന് പേരും ചേർന്ന് പ്രസാദിനെയും കൂട്ടി വാഹനത്തിൽ പൊലീസ് സ്റ്റേഷനിലെത്തി. സംഭവമറിഞ്ഞതോടെ, അനുവദനീയമല്ലാത്ത സ്ഥലത്ത് പോയി അപകടത്തിൽപ്പെട്ടതിന് നല്ല ചീത്ത വിളിയായിരുന്നു പൊലീസുകാരുടെ ഭാഗത്ത് നിന്ന് ആദ്യമുണ്ടായത്. മാത്രമല്ല, എല്ലാവരും ചേർന്ന് സുഭാഷിനെ കൊന്നതാണെന്നും അതു മറയ്ക്കാൻ വേണ്ടി പൊലീസിൽ വന്ന് പരാതിപ്പെടുകയാണെന്നും പറഞ്ഞ് തല്ലുകയും ചെയ്തു. നിസ്സഹായവസ്ഥ പൊലീസിനെ കൃത്യമായി പറഞ്ഞു മനസിലാക്കാൻ തമിഴ് അറിയാത്തതും തടസ്സമായി. ഒടുവിൽ കുറേ നേരം അവിടെ ഇരുത്തിയ ശേഷം സംഭവസ്ഥലത്തേയ്ക്ക് പൊലീസ് കൂടെ വന്നു. വഴിയിൽ മദ്യം, സിഗററ്റ്, കയർ എന്നിവയെല്ലാം ഇവരെക്കൊണ്ട് വാങ്ങിപ്പിച്ചു. 

survivor-of-manjummel-incident-in-qatar-carries-emotional-scars
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

അവിടെയെത്തി കുറച്ച് കഴിഞ്ഞപ്പോൾ നല്ല മഴ. കുഴിയിലേയ്ക്ക് വെള്ളവും കല്ലുകളും തടിക്കഷ്ണങ്ങളും വീഴാതിരിക്കാൻ ഏറെ പരിശ്രമിച്ചു. എല്ലാവരും മാറിമാറി കുഴിക്കകത്തേയ്ക്ക് നോക്കി സുഭാഷിനെ വിളിച്ചെങ്കിലും ഒരു ഒച്ചയും വന്നില്ല. വീണ്ടും വിളിച്ചപ്പോൾ അകത്ത് നിന്ന് സുഭാഷിന്‍റെ ശബ്ദംകേട്ടു. ഇതോടെ പ്രതീക്ഷയായി. അഗ്നിശമന സേന രംഗത്തെത്തി. പക്ഷേ, ജീവനക്കാരന് ഗുഹയ്ക്കകത്തേയ്ക്ക് ഇറങ്ങാൻ ഭയം. ഇതേ തുടർന്നാണ് കുട്ടൻ എന്ന സിജു ഡേവിഡ് കുഴിയിലിറങ്ങാൻ മുന്നോട്ടു വന്നത്. പക്ഷേ, പൊലീസും അഗ്നിശമന സേന ഉദ്യോഗസ്ഥരും അത് കുട്ടന്‍റെ ജീവന് തന്നെ ഭീഷണിയാണെന്നും പറഞ്ഞു വിലക്കി. 

survivor-of-manjummel-incident-in-qatar-carries-emotional-scars
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

എന്നാൽ, സുഭാഷിനെ കൂടാതെ ഞങ്ങൾ പോവില്ലെന്ന് എല്ലാവരും വാശി പിടിച്ചപ്പോൾ അവർ സമ്മതിച്ചു. കുട്ടൻ വടമുപയോഗിച്ച് ഗുഹയിലേയ്ക്ക് ഇറങ്ങിയപ്പോൾ മറ്റുള്ളവരെല്ലാം ചേർന്ന് അത് പിടിച്ചുനിന്നു. എന്നാൽ, വളവുതിരിവുകളും പാറക്കെട്ടുകളുമുള്ള കുഴിയായിരുന്നു അത്. അതിനാൽ വടം പലയിടത്തും പാറയിൽ കുടുങ്ങിയത് പ്രശ്നമായി. ഇതാണ് സിനിമയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 

survivor-of-manjummel-incident-in-qatar-carries-emotional-scars
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

സുഭാഷായി ശ്രീനാഥ് ഭാസിയും കുട്ടനായി സൗബിൻ ഷാഹിറുമാണ് ജാനെ മെൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം  തിരക്കഥയെഴുതി സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചത്.നടൻ സലിംകുമാറിന്‍റെ മകൻ ചന്തു, ഗണപതി, ബാലു വർഗീസ്, ജീൻ പോൾ, ഖാലിദ് റഹ്മാൻ, ദീപക് പുറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഷിൻ ശ്യാമിന്‍റെ സംഗീതവും ഷൈജു ഖാലിദിന്‍റെ ഛായാഗ്രഹണവും ചിത്രത്തിന് മുതൽക്കൂട്ടായി.

survivor-of-manjummel-incident-in-qatar-carries-emotional-scars
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙അമ്മയുടെ ഒരു നോട്ടം; അതുമതി ദഹിച്ചുപോകാൻ
സുഭാഷ് അപകടത്തിൽപ്പെട്ട കാര്യം അനിൽ ജോസഫിന്‍റെ വീട്ടിലറിഞ്ഞപ്പോൾ മമ്മി ദഹിപ്പിക്കുന്ന ഒരു നോട്ടം പായിച്ചു. അതില്‍ എല്ലാ ദേഷ്യവുമടങ്ങിയിരുന്നു. അഭിരാം രാധാകൃഷ്ണനാണ് അനിൽ ജോസഫിന്‍റെ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത്. വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം അഭിനയിച്ചുവെന്ന് അനിൽ പറയുന്നു. സിനിമ 99% യഥാർഥ സംഭവത്തോട് നീതി പുലർത്തിയെങ്കിലും അനുഭവിച്ചതിന്‍റെ പകുതിയേ സിനിമയിൽ കാണാൻ കഴിഞ്ഞുള്ളൂ എന്നും അനിൽ പറയുന്നു.

ഇടയ്ക്ക് നാട്ടിൽ പോകുമ്പോഴൊക്കെ പഴയ കൂട്ടുകാരുമായി ഒത്തുകൂടും. പഴയ കഥകളോർത്ത് വീണ്ടും നടുങ്ങും. എന്നാൽ, സിനിമ ഇറങ്ങിയ ശേഷം മഞ്ഞുമ്മൽ ബോയ്സ് സിനിമാ പ്രേമികളുടെ ഇടയിലും നാട്ടിലും ഹീറോ ആയി വിലസുമ്പോൾ, ഖത്തർ എയർവേയ്സിൽ ജീവനക്കാരനായ അനിലിനും പൂനെയിൽ ജോലി ചെയ്യുന്ന മറ്റൊരംഗമായ ജിൻസണും ഇതിലൊന്നിലും പങ്കെടുക്കാനാകാത്തതിന്‍റെ നിരാശയുണ്ട്. വൈകാതെ നാട്ടിലേക്ക് പോയി എല്ലാവരോടൊപ്പം ഒന്നുകൂടി സിനിമ കാണാനുള്ള ഒരുക്കത്തിലാണ് ഇരുവരും.

English Summary:

Real-Life Event Behind 'Manjummel Boys' Still Haunts One Survivor in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com