‘പ്രത്യേക ബ്ലോക്കുകളാകുന്നത് അപകട സൂചന; ലക്ഷ്യത്തിലെത്തുക കഠിനം’
Mail This Article
അബുദാബി ∙ ആഗോള സമ്പദ്‌വ്യവസ്ഥ പ്രത്യേക ബ്ലോക്കുകളായി വിഘടിക്കുന്നതിന്റെ സൂചന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കില്ലെന്ന് ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ ഇവാല. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച ഡബ്ല്യുടിഒ 13ാം മന്ത്രിതല സമ്മേളനത്തിൽ (എംസി13) പ്രസംഗിക്കുകയായിരുന്നു അവർ.
വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സമ്മേളനം നടക്കുന്നത്. രാജ്യാന്തര വ്യാപാര നിയമങ്ങളും ചട്ടങ്ങളും ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ 166 അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്കു പുറമെ സ്വകാര്യമേഖലാ നേതാക്കൾ, എൻജിഒകൾ, സിവിൽ സൊസൈറ്റി പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
വ്യാപാര വെല്ലുവിളികൾ നേരിടാനും നിയമങ്ങൾ പരിഷ്കരിക്കാനും ആഗോള വ്യാപാര നയത്തിന്റെ അജൻഡ നിശ്ചയിക്കാനും മന്ത്രിതല സമ്മേളനത്തിൽ കാര്യക്ഷമവും സുസ്ഥിരവുമായ വ്യാപാര സംവിധാനത്തിന് അരങ്ങൊരുങ്ങുമെന്നാണ് പ്രതീക്ഷ. വികസ്വര രാജ്യങ്ങളുടെയും അവികസിത രാജ്യങ്ങളുടെയും പ്രവേശനം, ബൗദ്ധിക സ്വത്ത്, ഡബ്ല്യുടിഒ തർക്ക പരിഹാര സംവിധാനങ്ങൾ എന്നിവയിൽ ഊന്നിയായിരിക്കും എംസി13 ചർച്ചകൾ നടക്കുക. വ്യാപാര നയങ്ങളുടെയും പരിപാടികളുടെയും ഫലപ്രാപ്തി വർധിപ്പിക്കുന്നതിനു സർക്കാരിതര സംഘടനകൾ, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റി എന്നിവയുമായുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചയുണ്ടാകും. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കൊമോറോസ്, ടിമോർ ലെസ്റ്റ് എന്നീ രണ്ടു രാജ്യങ്ങൾ കൂടി അംഗത്വം സ്വീകരിച്ചു.