ADVERTISEMENT

അജ്മാൻ ∙ കഴിഞ്ഞ എട്ടു മാസമായി വീൽചെയറിൽ ജീവിതം തള്ളി നീക്കിയ മലയാളി യുവാവ് നാലു വർഷത്തിന് ശേഷം നാട്ടിലേക്കു യാത്ര തിരിക്കുന്നു. ജോലിക്കിടെ സ്കഫോൾഡിങ്ങിൽ നിന്ന് വീണ് ഇടതുകാലിന് ബലക്ഷയയമുണ്ടാവുകയും തൊഴിൽ നഷ്ടപ്പെട്ടതോടെ മുഴുപ്പട്ടിണിയിലാവുകയും തൊഴിലുടമ ചതിച്ചതിനെ തുടർന്ന് 8 മാസത്തെ ജയിൽ വാസം അനുഭവിക്കുകയും ചെയ്ത,   എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ള തിരുവനന്തപുരം ഭരതന്നൂർ സ്വദേശി രാജേഷ് നായരാണ് (40) സാമൂഹിക പ്രവർത്തകരുടേയും നിയമവിദഗ്ധരുടെയും സഹായത്തോടെ പ്രശ്നങ്ങളിൽ നിന്നെല്ലാം മോചനം നേടി നാട്ടിലേയ്ക്ക് തിരിക്കുന്നത്. പറക്കമുറ്റാത്ത മക്കളുടെ അടുത്ത് എത്രയും പെട്ടെന്ന് എത്തി അവർക്ക് തണലേകുക– ഇതാണ് കഴിഞ്ഞ 17 വർഷമായി യുഎഇയിൽ ജോലി ചെയ്ത ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഏക ലക്ഷ്യം. 

അജ്മാനിലെ വികാസ് കൾചറൽ സെന്റർ(വിസിസി) ഭാരവാഹികളായ ഹരി, ഗിരീഷ്, വിനോദ് എന്നിവരുടെ പിന്തുണയോടെ യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീതാ ശ്രീറാം മാധവ് നടത്തിയ പ്രയത്നമാണ് രാജേഷിനെ നാട്ടിലെത്തിക്കാനുള്ള അനുമതി ലഭിച്ചതിന് പിന്നിൽ. വീസ കാലാവധി കഴിഞ്ഞതിനുള്ള പിഴ ഒഴിവാക്കുകയും കേസുകളിൽ നിന്ന് അധികൃതർ മുക്തരാക്കുകയും ചെയ്തു. ഔട്ട് പാസ് ലഭിച്ചു കഴിഞ്ഞാലുടൻ ഇദ്ദേഹം നാട്ടിലേക്കു പറക്കും.

expatriate-malayali-rajesh-who-lived-a-miserable-life-in-uae-returned-home
വികാസ് കൾചറൽ സെന്റർ ഭാരവാഹികള്‍ക്കൊപ്പം രാജേഷ്

∙ പ്രവാസ ജീവിതം സംഭവബഹുലം 
സംഭവ ബഹുലമാണ് രാജേഷിന്റെ പ്രവാസ ജീവിതം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ  നേടിയ ശേഷം 1999ൽ ഹോട്ടൽ മാനേജ്മെന്റിൽ ബിരുദവും നേടി. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന കമ്പനിയുടെ ഭാഗമായി നേവൽ ഒാഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 വർഷം ജോലി ചെയ്തു. 2006ലാണ് യുഎഇയിലെത്തിയത്. ദുബായിലെ ഒരു ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ലഭിച്ചു. വൈകാതെ വിവാഹിതനായി. 2 മക്കളും ജനിച്ചു. ഇതിനിടെ സിവിൽ ഡിഫൻസിന്റെ അപ്രൂവൽ കാർഡും സ്വന്തമാക്കി. ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടെയായിരുന്നു എല്ലാം തകിടം മറിഞ്ഞത്.

∙ കോവിഡ്19 ദുരന്തത്തിനിടെ വീഴ്ച
നാട്ടിൽ വാർഷികാവധിക്ക് പോയി കോവിഡ്19ന് തൊട്ടു മുൻപ് യുഎഇയില്‍ തിരിച്ചെത്തിയ ശേഷയിരുന്നു കാര്യങ്ങളെല്ലാം കൈവിട്ടുപോയ സംഭവങ്ങൾ അരങ്ങേറുന്നത്. ലോകം കോവിഡ് മുക്തമായ ശേഷം ദുബായിലെ ഒരു ഇൗജിപ്ഷ്യൻ കമ്പനിയിൽ മികച്ച ശമ്പളത്തിന് എൻജിനീയറായി ജോലി ലഭിച്ചപ്പോൾ അങ്ങോട്ട് മാറാൻ തീരുമാനിച്ചു. വീസ പതിക്കാൻ പാസ്പോർട്ട് കൈമാറുകയും ചെയ്തു. എന്നാൽ, ഏതോ 2 കേസുകളിൽപ്പെട്ട തൊഴിലുടമ ജാമ്യത്തിന് രാജേഷിന്റെ പാസ്പോർട്ടാണ് കോടതിയിൽ നൽകിയത്. വൈകാതെ എടുത്തു തരാമെന്നായിരുന്നു വാഗ്ദാനം. ദുബായ് ഹിൽസ് മാളില്‍ സ്കഫോൾഡിങ്ങിൽ നിന്ന് ജോലി ചെയ്യവേ 2 മീറ്റർ ഉയരത്തിൽ നിന്ന് താഴെ വീണു. ഉടൻ റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും കാലിന് ബലക്ഷയമുണ്ടായി, നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ സാധിച്ചില്ല. അതേസമയം, ആശുപത്രിയിലെത്തിച്ച ശേഷം തൊഴിലുടമ തിരിഞ്ഞുനോക്കിയതുമില്ല. മാത്രമല്ല, പുതിയ ജോലിയും വീസയുമെല്ലാം സ്വപ്നം മാത്രമായി.

ദുബായ് ചാരിറ്റി സമ്മാനിച്ച വീൽചെയറിലായിരുന്നു തുടർജീവിതം. സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ നിന്ന് അജ്മാനിലെ താമസ സ്ഥലത്തെത്തി. എന്നാൽ, ഭക്ഷണത്തിനോ മുറി വാടക നൽകാനോ വകയുണ്ടായിരുന്നില്ല. കുറേക്കാലം സുഹൃത്തുക്കൾ സഹായിച്ചെങ്കിലും അവർക്ക് ബുദ്ധിമുട്ടാകേണ്ടെന്ന് കരുതി പലപ്പോഴും പട്ടിണിയിൽ കഴിഞ്ഞു. ചിലർ നിർബന്ധിച്ച് നൽകുന്ന പണം മുറി വാടകയായി നൽകും. രാവിലെ വീൽചെയറിൽ മുറിവിട്ടിറങ്ങും. കടകളുടെ അരികിൽ വെറുതെ ഇരിക്കും. തന്റെ സ്വകാര്യ ദുഃഖം ആരും കാണാതെ കരഞ്ഞു തീർക്കുമായിരുന്നുവെന്ന് രാജേഷ് മനോരമ ഒാൺലൈനോട് പറഞ്ഞു.

expatriate-malayali-rajesh-who-lived-a-miserable-life-in-uae-returned-home
അഡ്വ.പ്രീത ശ്രീറാം, ഹരി എന്നിവരോടൊപ്പം രാജേഷ്

∙ സഹായഹസ്തം നീട്ടി വിസിസിയും അഡ്വ.പ്രീതാ ശ്രീറാം മാധവും
വീൽചെയറില്‍ നാളുകൾ എണ്ണിക്കഴിയവേയാണ് അജ്മാനിൽ റസ്റ്ററന്റ് നടത്തുന്ന തൃശൂർ സ്വദേശി ഹരി, രാജേഷിനെ ശ്രദ്ധിച്ചു തുടങ്ങിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സംഘടനയിലെ മറ്റു ഭാരവാഹികളായ ഗിരീഷ്, വിനോദ് എന്നിവരുമായി ആലോചിച്ച് രാജേഷിനെ പ്രശ്നങ്ങളിൽ നിന്ന് മുക്തനാക്കി നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടെ രാജേഷിന്റെ വീസ കാലാവധി കഴിഞ്ഞ് ഏറെ മാസങ്ങളായിരുന്നു. എട്ട് മാസം മുൻപ് ഒരു ദിവസം വീസയും എമിറേറ്റ്സ് െഎഡിയുമടക്കമുള്ള താമസ രേഖകൾ പുതുക്കാത്തതിന്റെ പേരിൽ രാജേഷിനെ അജ്മാൻ പൊലീസിലെ സി െഎഡി വിഭാഗം പിടികൂടി ജയിലിലടച്ചു. ഇതിന് ശേഷമാണ് വിസിസി ഭാരവാഹികൾ അഡ്വ.പ്രീതാ ശ്രീറാം മാധവിന്റെ സഹായം തേടിയത്. 

expatriate-malayali-rajesh-who-lived-a-miserable-life-in-uae-returned-home
അഡ്വ.പ്രീത ശ്രീറാം, ഹരി എന്നിവരോടൊപ്പം രാജേഷ്

∙ റാഷിദിയ്യ പൊലീസിന് ഒരു കൈയ്യടി
റാഷിദിയ്യ പൊലീസ് സ്റ്റേഷനിലായിരുന്നു ഇൗജിപ്ഷ്യൻ തൊഴിലുടമ കാരണം രാജേഷിന്റെ പേരിൽ ചുമത്തപ്പെട്ട കേസ് ഉണ്ടായിരുന്നത്. രാജേഷിന്റെ ജീവിത കഥ വ്യക്തമായി പൊലീസിനെ പറഞ്ഞ് മനസിലാക്കിയതോടെ അവർ പരാതി പിൻവലിക്കുകയും രാജേഷിനെ ജയിൽ മോചിതനാക്കുകയും ചെയ്തു. കൂടാതെ, ഇൗജിപ്ഷ്യന്റെ പേരിലേയ്ക്ക് തന്നെ കേസുകൾ മാറ്റുകയുമുണ്ടായി. ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ നന്മയും ദയാവായ്പും എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് അഡ്വ.പ്രീത പറയുന്നു. കാര്യങ്ങളെല്ലാം മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ രാജേഷിന് നാട്ടിലേയ്ക്ക് പോകാനുള്ള വഴിയൊരുക്കിക്കൊടുക്കാനും മുന്നിൽ നിന്നു.

തുടർന്ന് അജ്മാൻ എമിഗ്രേഷനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമാക്കിയതോടെ വീസാ കാലാവധി കഴിഞ്ഞതിനുള്ള പിഴയിലും ഇളവ് നൽകി. ഇതോടെ നാട്ടിലേയ്ക്ക് പോകാനുള്ള വഴിയും തെളിഞ്ഞു. ഇന്ത്യൻ കോൺസുലേറ്റുമായി നേരത്തെ ബന്ധപ്പെട്ടപ്പോൾ യാതൊരു സഹായവും ലഭിച്ചിരുന്നില്ലെന്നും പിന്നീട് പ്രശ്നങ്ങളിൽ നിന്നെല്ലാം മോചിതനായപ്പോൾ ഔട്ട് പാസിനുള്ള സഹായം ലഭിച്ചുവെന്നും ഹരി പറഞ്ഞു. നേരത്തെ വീൽ ചെയറിൽ കോൺസുലേറ്റ് വരെയെത്തി ഒരു ദിവസം മുഴുവൻ അവിടെ കാത്തിരുന്ന താൻ ഒടുവിൽ നിരാശനായി മടങ്ങുകയാണുണ്ടായതെന്ന് രാജേഷ് പറഞ്ഞു. 

expatriate-malayali-rajesh-who-lived-a-miserable-life-in-uae-returned-home
രാജേഷ്

'വിദഗ്ധ ചികിത്സ നൽകിയാൽ കാലിന്റെ ബലക്ഷയം ഭേദമാക്കാമെന്നാണ് യുഎഇയിലെ ഡോക്ടർമാർ പറഞ്ഞത്. നാട്ടിലെത്തിയ ശേഷം എങ്ങനെയെങ്കിലും ചികിത്സ നേടണം. തുടർന്ന് എന്തെങ്കിലും ജോലി ചെയ്ത് മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം' – പ്രതീക്ഷകൾക്ക് മേൽ കരിമ്പടം വീണിട്ടും രാജേഷിന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ വെള്ളിവെളിച്ചം. ഫോൺ:+971 56 9242895 (രാജേഷ്), +919645164388 (അമ്മ). 

അമ്മയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

Name: CHANDRIKA.M, 

Bank: SBI PANGOD BRANCH, 

A/C No. 67166363106, 

IFC: SBIN0070546.

English Summary:

Expatriate Malayali Rajesh Nair who Lived a Miserable Life in UAE Returned Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com