റെക്കോർഡ് നേട്ടം സ്വന്തമാക്കി മാക്‌സ് വെർസ്റ്റാപ്പൻ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ വിജയിയായി

Mail This Article
മനാമ ∙ 20-ാം വാർഷിക ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ 2024ൽ മാക്‌സ് വെർസ്റ്റാപ്പൻ വിജയകിരീടം ചൂടി. ഇന്നലെ വൈകിട്ട് നടന്ന ബഹ്‌റൈൻ ഗ്രാൻഡ് പ്രീ അവസാനിച്ചപ്പോൾ ആയിരങ്ങൾ തിങ്ങി നിറഞ്ഞ സർക്യൂട്ടിൽ വെടിക്കെട്ടുകളുടെയും വിജയാരവങ്ങളുടെയും നടുവിൽ വെർസ്റ്റാപ്പൻ കരിയറിലെ 55-ാം വിജയവും ഫോർമുല വണിൽ തുടർച്ചയായ രണ്ടാമത്തെ വിജയവുമായിരുന്നു ആഘോഷിച്ചത്.

എതിരാളിയായ റെഡ് ബുൾ ടീമംഗം സെർജിയോ പെരസിനെ 22 സെക്കന്‍റിന് പിന്നിലാക്കിയാണ് വെർസ്റ്റാപ്പൻ വിജയം സ്വന്തമാക്കിയത്. ബഹ്‌റൈൻ രാജാവിന്‍റെ യുവജന കാര്യ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയിൽ നിന്ന് മാക്‌സ് വെർസ്റ്റാപ്പൻ തന്‍റെ വിജയകിരീടം ഏറ്റുവാങ്ങി. എഫ്ഐഎ പ്രസിഡന്‍റ് മുഹമ്മദ് ബെൻ സുലായം റെഡ്ബുൾ വിജയതാരത്തിന് എഫ്ഐഎ പ്രസിഡന്‍റിന്‍റെ മെഡലും സമ്മാനിച്ചു. ഒരു മണിക്കൂർ 31 മിനിറ്റ് 44.742 സെക്കൻഡായിരുന്നു വെർസ്റ്റാപ്പന്‍റെ ആകെ വിജയ സമയം.


ഗ്രിഡിൽ അഞ്ചാം സ്ഥാനത്ത് നിന്ന് തുടങ്ങിയ പെരസിന് മത്സരത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ മുന്നിലുള്ള മറ്റുള്ളവരെ മറികടന്ന് രണ്ടാം സ്‌ഥാനത്ത് എത്താൻ കഴിഞ്ഞു. മൂന്നാമത് ഗ്രിഡിൽ നിന്ന് തുടങ്ങിയ ജോർജ് റസ്സൽ 46.788 സെക്കൻഡിൽ അഞ്ചാം സ്ഥാനത്തെത്തി. മെഴ്‌സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൺ (+50.324 സെ), മക്‌ലാരന്‍റെ ഓസ്‌കാർ പിയാസ്‌ട്രി (+56.082 സെ), ഫെർണാണ്ടോ അലോൻസോയുടെ ആസ്റ്റൺ മാർട്ടിൻ ജോഡി (+1:14.887) . ലാൻസ് സ്‌ട്രോൾ (+1:33.216).