‘വ്രതം സാമൂഹിക മാറ്റത്തിന്റെ ചാലകശക്തി’
Mail This Article
ദുബായ് ∙ സര്‍വ്വമേഖലകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് റമസാന്‍ വ്രതാനുഷ്ഠാനത്തിന്‍റെ സവിശേഷതയെന്ന് പ്രഭാഷകന്‍ ഉനൈസ് പാപ്പിനിശ്ശേരി പറഞ്ഞു. സമൂഹത്തില്‍ വേരൂന്നിയ വിവിധ അസമത്വങ്ങളെ നിരാകരിച്ചുകൊണ്ട് സാമൂഹിക മാറ്റങ്ങളുടെ ചാലകശക്തിയായി റമസാന്‍ നിലകൊള്ളുന്നു.ദുബായ് മതകാര്യ വകുപ്പിന്‍റെ സഹകരണത്തോടെ അൽഖൂസ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്‍റര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ‘അഹ്ലന് റമസാന്‍’ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിശ്വാസികളോട് പകല്‍ സമയത്ത് അന്നപാനീയങ്ങളും ദേഹേച്ചകളും ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കാന്‍ കല്പിച്ചതിന്‍റെ ലക്ഷ്യമായി പറഞ്ഞിട്ടുള്ളത് ജീവിതത്തില്‍ സൂക്ഷ്മത പാലിക്കുന്നവരാവാന്‍ വേണ്ടിയെന്നാണ്. സൂക്ഷ്മത ജീവിതത്തില്‍ നിലനിര്‍ത്തുന്നതിനായി വിശ്വാസം സുദൃഢമാക്കുക. ഖുര്‍ആനുമായുള്ള ബന്ധം വര്‍ധിപ്പിക്കുക, ക്ഷമ കൈകൊള്ളുക, സത്യസന്ധത നിലനിര്‍ത്തുക, യഥാര്‍ഥ ഭക്തിയുള്ളവനാവുക, ദൈവമാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഉദ്ബോധിപ്പിച്ചു. യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി പി.എ. ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ ബറാമി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി.കെ. സകരിയ്യ, എം. നസീര്‍, റിനാസ് മാഹി എന്നിവർ പ്രസംഗിച്ചു. ഹനീഫ് സ്വലാഹി പുലാമന്തോള്‍ പരിപാടി നിയന്ത്രിച്ചു.