ADVERTISEMENT

ദുബായ് ∙ കുടുംബത്തിന് കൈത്താങ്ങാകണമെന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് ഷെമീറ അബ്ദുള്‍ റസാഖ് യുഎഇയിലെത്തുന്നത്. ബിരുദാനന്തര ബിരുദധാരിയാണെങ്കിലും ജോലി ലഭിക്കുമോയെന്നുളള ആശങ്കയോടെയായിരുന്നു യാത്ര. എങ്ങനെയെങ്കിലും ഒരു ജോലി തരപ്പെടുത്തുകയെന്നുളളത് മാത്രമായിരുന്നു ആഗ്രഹം. എംബിഎ പൂർത്തിയാക്കി ആ മേഖലയില്‍ ജോലി ചെയ്യുമ്പോഴും കൃഷിയായിരുന്നു മനസ്സ് നിറയെ. പ്രതീക്ഷ കൈവിട്ടില്ല അതിനായി ശ്രമം തുടർന്നു. പൂക്കളും ചെടികളുമെല്ലാം എങ്ങനെ പ്രഫഷനലായി സുന്ദരമായി വളർത്താമെന്ന് കാണിച്ചുതരുന്ന ലാൻഡ്‌സ്കേപ് എൻജിനീയർ എന്ന തസ്തികയിലാണിപ്പോള്‍ ഷെമീറ.  ദുബായിലെ സ്വകാര്യ കമ്പനിക്ക് കീഴില്‍ മാജിദ് അല്‍ ഫുത്തൈമിന്‍റെ പുതിയ പ്രൊജക്ടിന്‍റെ ഭാഗമായി ജോലി തുടരുകയാണ്.

തൃശൂർ പാവറട്ടിയ്ക്കടുത്തുള്ള തൊയക്കാവ് എന്ന ഗ്രാമത്തിലാണ് ജനിച്ചതും പഠിച്ചതും. സാമ്പത്തികമായി അത്ര സുരക്ഷിതമായ കുടുംബമൊന്നുമായിരുന്നില്ല ഷെമീറയുടേത്. ഉപ്പ മൊയ്തൂട്ടിയ്ക്ക് സഹായമാകുകയെന്നുളളത് മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ ഷെമീറയും സഹോദരന്‍ നുഹാസും പഠിച്ചു. സെന്‍റ് തോമസ് കോളേജിൽ നിന്ന് ബിരുദം എടുത്ത ഷമീറ കൊച്ചിയിലെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന്  ബിരുദാനന്തരബിരുദമെടുത്തു. 2003 ലായിരുന്നു വിവാഹം. ഭർത്താവ് അബ്ദുള്‍ റസാഖ് അജ്മാനില്‍ ജോലി ചെയ്യുകയായിരുന്നു ആ സമയത്ത്. എന്നാല്‍ ജോലിയില്‍ പ്രശ്നങ്ങള്‍ വന്നതോടെ നാട്ടിലേക്ക് തിരിച്ചെത്തി. ഇതോടെ സാമ്പത്തികമായി തളർന്നു. മക്കളുടെ പഠനം മാത്രമായിരുന്നു അന്നും ഇന്നും മുന്നിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് ജോലിയെന്ന സ്വപ്നവുമായി ഷെമീറ കടല്‍ കടന്നത്. 

ഒറ്റയ്ക്ക് ഇവിടെയത്തിയതിന് ശേഷം എന്നെയോർത്ത് ഉമ്മ ഐഷാബി കരയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല

∙ വീട്ടുജോലിയെങ്കിലും തരപ്പെടുത്തണം, മക്കളെ പഠിപ്പിക്കണം 
മക്കളെ മാതാപിതാക്കളെ ഏല്‍പിച്ച് ഷമീറ 2016ല്‍ യുഎഇയിലെത്തി. ഒട്ടും എളുപ്പമല്ലായിരുന്നു പ്രവാസ ജീവിതത്തിലെ ഷെമീറയുടെ യാത്ര, ഒറ്റയ്ക്ക് മുന്നോട്ടുപോവുകയെന്നുളളത് വെല്ലുവിളിയായിരുന്നു. കുറ്റം പറയാനും നിരുത്സാഹപ്പെടുത്താനും നിരവധി പേരുണ്ടായിരുന്നു.

from-house-wife-to-landscape-engineer-shameera-life-story
ഷെമീറയും കുടുംബവും.

സ്വഭാവഹത്യയെന്നതായിരുന്നു അടുപ്പമുളളവർ പോലും തളർത്താനെടുത്ത ആയുധം. ഒന്നിലും തളർന്നില്ല. വീട്ടുജോലിയെങ്കിലും ചെയ്ത് പിടിച്ചുനില്‍ക്കണമെന്ന തരത്തില്‍ മനസിനെ പാകപ്പെടുത്തി. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ഇഷ്ടമേഖലയിലേക്ക് ഷമീറ എത്തിപ്പെടുകയായിരുന്നു. സമൂഹ മാധ്യമത്തിലെ വയലും വീടും എന്ന കൂട്ടായ്മയില്‍ അംഗമായിരുന്നു. ആ ഗ്രൂപ്പിന്‍റെ ഒത്തുചേരല്‍ അജ്മാനില്‍ സംഘടിപ്പിച്ചപ്പോള്‍ വയനാട്ടിലെ ചെറുവയല്‍ രാമന്‍റെ സെമിനാർ കാണുകയും കൃഷിയെ കുറിച്ചുളള തന്‍റെ അറിവ് കൂട്ടായ്മയില്‍ പങ്കുവയ്ക്കുകയും ചെയ്തു. അത് വഴിത്തിരിവായി. അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളിൽ ഫാം കോ ഓഡിനേറ്ററായി ജോലിയില്‍ പ്രവേശിച്ചു. കുട്ടികള്‍ക്ക് കൃഷിയുടെ ബാലപാഠങ്ങള്‍ അറിഞ്ഞുവളരാന്‍ വഴിയൊരുക്കുകയെന്നുളളതായിരുന്നു സ്കൂളിന്‍റെ ലക്ഷ്യം. സ്കൂള്‍ മുറ്റത്ത് ഒരുക്കിയ പൂന്തോട്ടത്തില്‍ മുന്തിരിവരെ വിളയിപ്പിച്ചു. ഇതിനിടയിലും പഠനം തുടർന്നു. കൃഷി പ്രഫഷനലായി ചെയ്യാന്‍ ഉതകുന്ന കോഴ്സുകള്‍ പൂർത്തിയാക്കി.  ഇതിനിടെ ഉപ്പയേയും ഉമ്മയേയും സഹോദരൻ യുഎഇയിലേക്ക് കൊണ്ടുവന്നു. തന്‍റെ ജോലിയും സാഹചര്യങ്ങളേയും കുറിച്ചു ഹാബിറ്റാറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ ഹംസ കൊല്ലത്ത് മാതാപിതാക്കള്‍ക്ക് വിശദീകരിച്ചുനല്‍കി, അപ്പോഴാണ് മാതാപിതാക്കള്‍ക്ക് സമാധാനമായതെന്നും ഷെമീറ പറയുന്നു.

∙ കൃഷിയോടുളള ഇഷ്ടം തുണയായി
കുടുംബത്തില്‍ എല്ലാവർക്കും കൃഷി ഇഷ്ടമാണ്. ഉമ്മയുടെ കുടുംബത്തില്‍ നിന്നാണ് കൃഷിയോടുളള താല്‍പര്യമുണ്ടാകുന്നത്. പാടവും കൊയ്ത്തുമെല്ലാം കണ്ടു വളർന്ന ഷെമീറ കൃഷിയുടെ ബാലപാഠങ്ങള്‍ പഠിച്ചത് അവിടെനിന്നാണ്. മണ്ണുത്തി യൂണിവേഴ്സിറ്റിയിൽ നിന്ന് കൃഷിയുമായി ബന്ധപ്പെട്ട് കൂടുതൽ അറിവ് നേടുവാൻ കഴിഞ്ഞത് മുന്നോട്ടുള്ള യാത്രയിൽ സഹായമായി. കേരള സർക്കാരിന്‍റെ മികച്ച കർഷകപുരസ്കാരം നേടിയിട്ടുണ്ട് ഷെമീറ. മൂന്ന് മക്കള്‍ക്കും കൃഷിയില്‍ താല്‍പര്യമുണ്ട്. ബിടെകിന് പഠിക്കുന്ന മകന്‍ യാസീൻ നേരത്തെ ബെസ്റ്റ് സ്റ്റുഡന്‍റ് ഫാർമർ പുരസ്കാരം നേടിയിരുന്നു. നാട്ടിൽ കൃഷിത്തോട്ടമൊരുക്കുന്നതിലും പൂന്തോട്ടനിർമ്മാണവും പരിചരണവുമൊക്കെയായി മകനും ഉമ്മയുടെ പാത പിൻപറ്റി കൂടെയുണ്ട്.

from-house-wife-to-landscape-engineer-shameera-life-story
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

യുഎഇയില്‍ പൂന്തോട്ടമൊരുക്കുകയെന്നുളളത് അത്ര എളുപ്പമല്ല. ഉപ്പുരസമുളള മണ്ണാണ് ഇവിടെ. മണ്ണിനെ കൃഷിക്കായി ഒരുക്കിയെടുക്കുകയെന്നുളളതാണ് ആദ്യ ജോലി. പിന്നീട് കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ചുള്ള കൃഷി തെരഞ്ഞെടുപ്പും പരിചരണവും, കുഞ്ഞിനെയെന്നപോലെ പരിപാലിച്ചാല്‍ മാത്രമെ കൃഷി വിജയിക്കുകയുളളൂ എന്ന് ഷെമീറയുടെ വിലയിരുത്തൽ. നന്നായി പരിപാലിച്ചാല്‍ എല്ലാം വളരും. ഷെമീറ മേല്‍നോട്ടം വഹിച്ച കൃഷിയിടങ്ങള്‍ തന്നെ അതിന് സാക്ഷ്യം. ഇന്ന് യുഎഇയിലെ പല സ്വദേശികൾക്കും വിദേശികൾക്കും അടുക്കളതോട്ടമൊരുക്കുന്നതിലും പൂന്തോട്ട പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ എടുത്തുകൊടുക്കുന്നതിലും സജീവമാണിപ്പോള്‍ ഈ തൃശൂർക്കാരി. 

∙ തുടക്കത്തില്‍ ഭാഷ വെല്ലുവിളി
യുഎഇയിലെത്തിയപ്പോള്‍ ഭാഷ വെല്ലുവിളിയായിരുന്നു. എന്നാല്‍ അന്യഭാഷക്കാരുമായി അടുത്ത് ഇടപഴകിയപ്പോള്‍ ആദ്യമുണ്ടായ ബുദ്ധിമുട്ടുകള്‍ മറികടന്ന് ഭാഷ വഴങ്ങി. ഇപ്പോള്‍ ഇംഗ്ലിഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യും. ചുരുങ്ങിയ കാലം കൊണ്ട് യുഎഇയിലെ നിരവധി ലാൻഡ് സ്കേപിംഗ് പ്രൊജക്ടുകളുടെ ഭാഗമാകുവാനും ഷെമീറക്ക് കഴിഞ്ഞു. ഇതിനിടയിൽ വുമൺ ഓഫ് ദ ഇയർ അവാർഡും ഷെമീറയെ തേടിയെത്തി.

∙ നഷ്ടപ്പെട്ട വീടും സ്ഥലവും തിരിച്ചുപിടിക്കണം
കണക്കും സയന്‍സുമൊന്നും പഠിക്കാതെ ഉമ്മ എൻജിനീയറായെന്ന് മകന്‍ തമാശ പറയുമെന്ന് ഷെമീറ. ബിടെക് പഠനം പൂർത്തിയാക്കി അവനെത്തിയാല്‍ തനിക്കൊരു കൈത്താങ്ങാകുമെന്നതാണ് ഷെമീറയുടെ പ്രതീക്ഷ. രണ്ടരവർഷം മുന്‍പ് ഭർത്താവും യുഎഇയിലെത്തി, ഇപ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. നല്ല ജോലി കിട്ടിയപ്പോള്‍ കൂടെ ഉപ്പയില്ലെന്നുളളത് മാത്രമാണ് സങ്കടം. പ്രതിസന്ധികളുണ്ടാകുമ്പോള്‍ തളരാതെ ക്ഷമയോടെ കാത്തിരുന്നു ലക്ഷ്യത്തിലേക്കുള്ള കഠിനാധ്വാനം ചെയ്യുക. വൈകിയാണെങ്കിലും  ലക്ഷ്യസ്ഥാനത്തെത്തുക തന്നെ ചെയ്യുമെന്ന വിശ്വാസത്തില്‍ മരുഭൂമിയെ  ഹരിത മനോഹരമാക്കുവാനുള്ള യാത്ര തുടരുകയാണ് ഷെമീറ.

English Summary:

Women's Day Special: From House Wife to Landscape Engineer, Meet Pravasi Malayali Shameera, Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com