ADVERTISEMENT

ദുബായ് ∙ ഭിക്ഷാടനത്തിനിറങ്ങിയ മോഡലിനെയും സമ്പന്നനെ വിവാഹം കഴിക്കാൻ ഭിക്ഷയാചിച്ച യുവതിയെയും പിടികൂടിയ ശേഷം ഇതാ, സ്ത്രീ വേഷം ധരിച്ച് യാചന നടത്തിയ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സഹതാപത്തിലൂടെ നേട്ടം കൊയ്യാനായിരുന്നു ഇയാൾ സ്ത്രീകളുടെ വേഷം ധരിച്ചത്. ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്‌പെക്ട്‌സ് ആൻഡ് ക്രിമിനൽ വിഭാഗമാണ് ഒരു പള്ളിക്ക് സമീപം അബായ (പർദ്ദ)യും നിഖാബും (ശിരോവസ്ത്രം) ധരിച്ച അറബ് ഭിക്ഷാടകനെ അറസ്റ്റ് ചെയ്തത്. ഭിക്ഷാടനം എന്ന കുറ്റകൃത്യത്തെ ചെറുക്കുന്നതിന് ദുബായ് പൊലീസ് ആരംഭിച്ച ക്യാംപെയ്ന്റെ ഭാഗമാണ് അറസ്റ്റ്.  

∙ സ്ത്രീകളോട് സഹതാപം കൂടും; സംഭാവനയും
റമസാനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സ്ത്രീ ഭിക്ഷാടകരെയാണ്. ഇവർ പ്രയാസങ്ങൾ അഭിനയിച്ച് മുന്നിൽ കൈനീട്ടുമ്പോൾ സമൂഹം കൂടുതൽ സഹതാപം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ പുരുഷ ഭിക്ഷാടകരേക്കാൾ സമ്പാദിക്കുന്നതും സ്ത്രീകൾ തന്നെ. സ്ത്രീ ഭിക്ഷാടകർക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സഹതാപം ലഭിക്കുന്നുവെന്ന് തോന്നിയതുകൊണ്ടാണ് താൻ വേഷം മാറിയതെന്ന് അറസ്റ്റിലായയാൾ പൊലീസിനോ‌ട് പറഞ്ഞു. 

ഈ കാര്യങ്ങളിൽ പൊതുജന സഹകരണത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ഒരു വ്യക്തി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസിന് മുന്നറിയിപ്പ് നൽകിയതാണ് അറസ്റ്റ് സുഗമമാക്കിയതെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങളുടെ നന്മ ചൂഷണം ചെയ്യാൻ യാചകർ എത്രത്തോളം പോകുമെന്ന് ഇത് തെളിയിക്കുന്നുവെന്ന് ഡയറക്ടർ ബ്രി. അലി സലേം അൽ ഷംസി പറഞ്ഞു. 

സംഭാവന നൽകാൻ നിയമാനുസൃത മാർഗങ്ങൾ
യാചകർക്ക് പണം നൽകുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും അൽ ഷംസി ഊന്നിപ്പറഞ്ഞു. യഥാർഥ ആവശ്യക്കാർക്ക് സഹായം തേടാൻ സ്ഥാപിതവും നിയമാനുസൃതവുമായ മാർഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. 2018-ലെ 9-ാം നമ്പർ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം ക്രിമിനൽ കുറ്റമാണെന്ന് അദേഹം ഓർമിപ്പിച്ചു. സമൂഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഭിക്ഷാടനത്തിന്റെ ദോഷഫലങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. മാത്രമല്ല, യാചകരുടെ അപേക്ഷകളോട് പ്രതികരിക്കരുതെന്നും സഹതാപത്തിന്റെ അടിസ്ഥാനത്തിൽ അവരുമായി ഇടപഴകരുതെന്നും ഉപദേശിച്ചു. 

ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പിലെ കോൺടാക്ട് സെന്റർ (901) അല്ലെങ്കിൽ പൊലീസ് ഐ ("Police Eye"), Dubai Police's smart App സേവനം വഴി യാചകരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാം.  സോഷ്യൽ മീഡിയയിലെ യാചകരിൽ നിന്നുള്ള അനുഭാവപൂർണമായ ഓൺലൈൻ സന്ദേശങ്ങൾക്കും കെട്ടിച്ചമച്ച കഥകൾ ഉൾക്കൊള്ളുന്ന ഇമെയിലുകൾക്കും ഇരയാകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ അൽ ഷംസി അത്തരം സന്ദേശങ്ങൾ അവഗണിച്ച് www.ecrime.ae-ൽ റിപോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

English Summary:

Dubai: Man Disguised as Woman Arrested for Begging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com