ബാങ്കിങ് നിയമനങ്ങളിൽ പ്രതിവർഷം 2.1% വളർച്ച

Mail This Article
ദുബായ് ∙ കോവിഡിനു ശേഷം കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്തെ ബാങ്കുകളിലെ തൊഴിൽ വളർച്ച 14% ആയി. സെൻട്രൽ ബാങ്കിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കോവിഡാനന്തരം 4800 പുതിയ നിയമനങ്ങൾ ബാങ്കുകൾ പൂർത്തിയാക്കി. 2023 അവസാനിക്കുമ്പോൾ രാജ്യത്തെ 61 ബാങ്കുകളിൽ 38,200 ജോലിക്കാരുണ്ട്. 2020ൽ ഉദ്യോഗസ്ഥരുടെ എണ്ണം 33,400 മാത്രമായിരുന്നു. പ്രതിവർഷം 2.1% വളർച്ചയാണ് നിയമനങ്ങളിൽ രേഖപ്പെടുത്തിയത്.
22 ദേശീയ ബാങ്കുകളാണ് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. 39 വിദേശ ബാങ്കുകൾ 300 പുതിയ നിയമനങ്ങളാണ് 2020നു ശേഷം നടത്തിയത്. ഈ ബാങ്കുകളിൽ ഇപ്പോൾ 7300 ജീവനക്കാരുണ്ട്. മൊത്തം ബാങ്ക് ജീവനക്കാരിൽ 19 % ആണിത്. ഡിജിറ്റൽ ബാങ്കിങ് രീതിയിലേക്ക് മാറുന്നത് ബാങ്കുകൾ വിപുലപ്പെടുത്തുന്നുണ്ടെങ്കിലും തൊഴിൽ നിയമനത്തെ ഇതു ബാധിച്ചില്ല. എന്നാൽ 2020ൽ വിവിധ ബാങ്കുകൾക്ക് 614 ശാഖകൾ ഉണ്ടായിരുന്നത് 2023 ൽ 561 ആയി ചുരുങ്ങി. ഇതിൽ 489 ശാഖകൾ ദേശീയ ബാങ്കുകളുടേതും 72 ശാഖകൾ വിദേശ ബാങ്കുകളുടേതുമാണ്. അതേസമയം, ഇലക്ട്രോണിക് ബാങ്കിങ് യൂണിറ്റുകളിൽ വർധനയുണ്ട്. 2022 ൽ 33 യൂണിറ്റുകൾ ഉണ്ടായിരുന്നത് 2023ൽ 46 ഇ- യൂണിറ്റുകളായി ഉയർന്നു.