ADVERTISEMENT

ദുബായ് ∙ "കൂടാരത്തിനടുത്തെത്തിയപ്പോൾ അതിൽ നിന്ന് മറ്റൊരു അർബാബ് അറബിവേഷത്തിൽ ഇറങ്ങിവന്നു. ശരിക്കും പുരാതന അറബിക്കഥയിൽ നിന്ന് ഇറങ്ങി വന്നപോലെ ഒരു കുറുകിയ അർബാബ്. വേഷവും മണവുമെല്ലാം എന്റെ സ്വന്തം അർബാബിനേക്കാൾ മോശം''– 'ആടുജീവിതം' എന്ന നോവലിൽ ബെന്യാമിൻ പരിചയപ്പെടുത്തുന്ന ഇൗ ജൂനിയർ അർബാബിനെ സിനിമയിൽ അവതരിപ്പിക്കുന്നത് കഴിഞ്ഞ 44 വർഷമായി യുഎഇയിലുള്ള സുഡാൻ പൗരനായ നടൻ റിക് അബെ ആണ്.  സിനിമ പുറത്തിറങ്ങുന്നതിലൂടെ തിരക്കേറിയ നടനായി മാറുമെന്നാണ്  ഇദ്ദേഹത്തിന്റെ പ്രതീക്ഷ. കഥാപാത്രത്തക്കുറിച്ചും സിനിമാ ചിത്രീകരണത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ മനോരമ ഒാൺലൈനുമായി  റിക് പങ്കുവയ്ക്കുന്നു :

∙ ജീവിതം മാറ്റിമറിച്ചു
ജൂനിയർ ജാസർ എന്ന കഥാപാത്രത്തെയാണ് റിക് ആടുജീവിതത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ആദ്യം മനസ്സിൽ വിചാരിച്ചത് കൊള്ളാം, ഇതുവരെ ഞാൻ ചെയ്തിട്ടില്ലാത്ത കഥാപാത്രം എന്നായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഒരു നോവലിനെ അടിസ്ഥാനമാക്കിയുള്ള ബയോ പിക്കിൽ അഭിനയിക്കുക പുതിയ അനുഭവമായിരിക്കും. അപ്പോൾ ഞാൻ സുഡാനിലെ എന്റെ കുടുംബ വീടിന്റെ പഴയ സ്ഥലത്തിനടുത്തായി ഇരിക്കുന്നതൊക്കെ ഓർമവന്നു. എന്റെ സുഹൃത്തും ഐവർ ഗ്രേഷ്യസിന്റെ നിർമാതാവും കാസ്റ്റിങ് ഡയറക്ടറുമാണ് എന്നെ ഇൗ പ്രൊജക്ടിനായി ആദ്യം സമീപിച്ചത്. എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന ഒരു കഥാപാത്രത്തെ തരാൻ പോകുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് എന്നിൽ ഏറെ താൽപര്യമുണർത്തി. ജീവിതത്തിൽ ഇതുവരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കാമ്പുള്ള സ്‌ക്രിപ്റ്റ് ഇതാണെന്ന് തോന്നി. അതിന്റെ ഭാഗമാകണമെന്ന് ഏറെ ആഗ്രഹിച്ചു. 2017 മുതൽ ഞാൻ അതിനായി ശ്രമിക്കുകയും ആവേശം തോന്നുകയും ചെയ്തു. 2019 ൽ ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് വരെ അത് എന്റെ പേര് പോലെ അറിയാമായിരുന്നു. പിന്നെ, യുഎഇയിലെ സിനിമാ പ്രവർത്തകയും നടിയുമായ എന്റെ മാനേജർ ഉർസുല മൻവാട്ട്കറോടൊപ്പം ബ്ലെസിയെയും അദ്ദേഹത്തിന്റെ ടീമിനെയും സന്ദർശിച്ചു. ഓഡിയോ ലോഞ്ചിങ്ങിലും ഉർസുല എന്നോടൊപ്പം ഉണ്ടായിരുന്നു. ആ സമയം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ജോർദാനിലേക്കു പറക്കാനുള്ള വിളി വരുന്നതുവരെ ഞാനത് സ്വയം ദൃശ്യവൽക്കരിക്കുകയും സ്വപ്നം കാണുകയും ചെയ്തു. ചിത്രത്തിൽ ഞാനുണ്ടാകുമെന്ന് സ്വയം ഉറപ്പിക്കുകയും ചെയ്തു.

ചിത്രം–സ്പെഷ്യൽ അറേഞ്ച്മെന്റ്.
റിക് അബെ സംവിധായകൻ ബ്ലെസിയോടൊപ്പം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

എന്റെ എല്ലാ രംഗങ്ങളും ജോർദാനിലെ വാദി റം എന്ന സ്ഥലത്താണ് ചിത്രീകരിച്ചത്. എങ്കിലും, കേരളത്തിലും അൾജീരിയയിലും ടീമിന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. 2019-ൽ എന്റെ ആദ്യ ഷെഡ്യൂൾ രണ്ടാഴ്ചത്തേയ്ക്കായിരുന്നു. പിയേഴ്‌സ് ബ്രോസ്‌നൻ, അക്കാദമി അവാർഡ് ജേതാവ് ടിം റോത്ത്, നിക്ക് കാനൻ എന്നിവർ അഭിനയിച്ച എന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രമായ "ദ് മിസ്‌ഫിറ്റ്‌സി"ന്റെ  രംഗങ്ങൾ ചിത്രീകരിക്കാൻ ഞാൻ ഒരു വാരാന്ത്യത്തിൽ അവിടെ നിന്ന് അബുദാബിയിലേയ്ക്ക് വന്നു. റെന്നി ഹാർലിൻ ആണ് ആ ചിത്രം സംവിധാനം ചെയ്തത്. ശേഷം തിരികെ പറന്ന് ആടുജീവിതത്തിലെ എന്റെ ഷെഡ്യൂൾ പൂർത്തിയാക്കി.  

രണ്ടു മാസം വാദി റമ്മിൽ താമസിച്ചെങ്കിലും 2 ദിവസം മാത്രമേ ചിത്രീകരണമുണ്ടായിരുന്നുള്ളൂ. എല്ലാവരും പോയിക്കഴിഞ്ഞതിന് ശേഷം യുഎഇയിലേക്ക് മടങ്ങാനുള്ള ക്ലിയറൻസിനായി ഞാൻ 3 മാസം ഇർബിഡിൽ താമസിച്ചു. കോവിഡ്19 സമയത്ത്  ഷെഡ്യൂൾ പൂർത്തിയാക്കുന്ന ലോകത്തിലെ രണ്ടാമത്തെ സിനിമ ഞങ്ങളുടേതായിരുന്നു.

ജോർദാനിലെ ആടുജീവിതം ചിത്രീകരണത്തിനിടെ റിക് അബെ സംവിധായകൻ ബ്ലെസിയോടൊപ്പം. ചിത്രം–സ്പെഷ്യൽ അറേഞ്ച്മെന്റ്.
ആടുജീവിതം ചിത്രീകരണത്തിനിടെ റിക് അബെ സംവിധായകൻ ബ്ലെസിയോടൊപ്പം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ ജീവിത യാത്രയിലെ ഒരു പ്രധാന ഭാഗം
ആടുജീവിതത്തിലെ വേഷം തന്റെ ജീവിതത്തിലെ യാത്രയുടെ പ്രധാനഭാഗമാണെന്ന് റിക് പറയുന്നു. ഈ സിനിമയുടെ സർഗാത്മകതയും ഇതിൽ പറയുന്ന ജീവിതവും വേറൊരു തലത്തിലാണ്. സെറ്റിൽ വച്ച് കോവിഡ് വരാതിരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. എന്ത് സംഭവിച്ചാലും ഞാൻ മുന്നോട്ട് പോകുമെന്ന് യുഎഇയിൽ എന്നെ പരിചയമുള്ളവർക്ക് അറിയാം. ഈ പ്രോജക്ടിലേക്കു വരുമ്പോൾ എനിക്ക് എന്റെ കായികശേഷി കുറഞ്ഞുവെന്ന് ഞാൻ കരുതി. എന്നാൽ  ദഹനപ്രശ്നം ഉണ്ടായിരുന്നിട്ടും ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ എനിക്ക് പാൽ കുടിക്കേണ്ടി വന്നതടക്കം ഒട്ടേറെ പരീക്ഷണങ്ങൾ നേരിട്ടു. ഞാൻ അര ലീറ്ററിലധികം പാൽ കുടിച്ച് സെറ്റിൽ  മയങ്ങുന്ന സമയത്ത് മെയ്ക്കപ്പ് അസിസ്റ്റന്റ് റാഫേൽ എനിക്ക് മെയ്ക്കപ്പ് ചെയ്തിട്ടുണ്ട്.  തീരെ വയ്യാത്ത സമയത്ത് മെഡിക്കൽ ടെന്റിലേക്കു പോയി ഒരു ബൂസ്റ്റർ ഷോട്ട് എടുത്തു. ഇതൊക്കെ ചെയ്യേണ്ടി വരുന്നതിൽ എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നുകയും ദേഷ്യം വരികയും ചെയ്തു. ഞാൻ യുഎഇയെയും സുഡാനെയും പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. അതിനാൽ എനിക്ക് പാതിവഴിയിൽ ഉപേക്ഷിച്ച് പോകാൻ കഴിയില്ല. എന്റെ നിരാശയോട് പകരം വീട്ടാൻ ഞാൻ കഠിനാധ്വാനം ചെയ്ത് രംഗങ്ങൾ പൂർത്തിയാക്കി. വ്യത്യസ്‌ത ഷൂട്ടിങ് ഷെഡ്യൂളുകളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. കാരണം സിനിമയുടെ എല്ലാ മേഖലകളിലും ഏറ്റവും മികച്ചതായിരുന്നു ഞാൻ കണ്ടത്. അതിനാൽ എനിക്ക് എന്റെ ഭാഗം കൂടുതൽ നന്നാക്കേണ്ടതുണ്ടായിരുന്നു. തീക്കനൽ വായുവിലേക്ക് പറന്നുയരുന്ന ഒരു സീനിൽ എന്റെ കാൽവിരലിന് പൊള്ളലേറ്റു. എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. തുടർന്ന് വേദന കുറയും വരെ കാത്തിരുന്നാണ് രംഗം പൂർത്തിയാക്കിയത്. എല്ലാവരിൽ നിന്നും മികച്ച പരിചരണവും പ്രഫഷണലിസവും ആയിരുന്നു ഞാനവിടെ കണ്ടത്.  ആത്മാർഥതയുടെ ഏറ്റവും ഉയർന്ന തലമാണ് എല്ലാവരും പ്രകടിപ്പിച്ചിരുന്നത്. തീപ്പൊള്ളലേൽക്കാനുണ്ടായ എന്റെ അശ്രദ്ധയ്ക്ക് ഞാൻ ക്ഷമാപണം നടത്തുകയും ചെയ്തു. പക്ഷേ ഈ ചിത്രത്തിനായി ഞാൻ സന്തോഷത്തോടെ എന്റെ വിരൽ ത്യജിച്ചെങ്കിലും ചെയ്യേണ്ടത് ചെയ്തു എന്ന സംതൃപ്തിയുണ്ട്. ഞങ്ങളുടെ ക്യാപ്റ്റൻ  ബ്ലെസിക്കൊപ്പം മുന്നോട്ടുപോകാൻ പഠിക്കുകയും ചെയ്തു. എല്ലാം ലളിതമായി നിലനിർത്താൻ ബാലൻസ് കണ്ടെത്തുക എന്നത് വെല്ലുവിളിയായിരുന്നു. 

അണിയറപ്രവർത്തകരോടൊപ്പം റിക് അബെ. ചിത്രം–സ്പെഷ്യൽ അറേഞ്ച്മെന്റ്.
അണിയറപ്രവർത്തകരോടൊപ്പം റിക് അബെ. ചിത്രം–സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ പൃഥ്വിരാജിനൊപ്പം എക്കാലത്തെയും മികച്ച ചിത്രത്തിൽ
പൃഥ്വിരാജിനൊപ്പം അദ്ദേഹം കണ്ട എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നിലേക്ക് മുൻനിര ഇരിപ്പിടം ലഭിക്കുന്നത് പോലെയാണ് അഭിനയിക്കുമ്പോഴെല്ലാം എനിക്ക് തോന്നിയത്. ജോലിസ്ഥലത്ത് അദ്ദേഹത്തിന്റെ പരിശീലകനും ഡയറ്റീഷ്യനുമായ അജിത് ബാബുവിനോടൊപ്പം ചെലവഴിക്കുക എന്നത് അറിവ് നേടുന്നതിന് മാത്രമല്ല, വിനോദപ്രദവുമായിരുന്നു. മെയ്ക്കപ്പ് ആർടിസ്റ്റ് രഞ്ജിത്തും ഏറെ സഹായിച്ചു. സ്പെഷ്യൽ ഇഫക്റ്റ് ടീമംഗം ഗോകുൽ, ഒമാനി നടൻ  ഡോ. താലിബ് അൽ ബലൂഷി, ഞങ്ങളുടെ ഭാഷാസഹായിയും ഉപദേഷ്ടാവുമായ പ്രഫ. മൂസ, സുസിൽ, തോമസ്, റോബിൻ തുടങ്ങി നിരവധി പേരെ നന്ദിയോടെ ഒാർക്കുന്നു. ഞങ്ങളുടെ കഴിവും 8 വർഷത്തെ  പ്രയത്നവും  ഉപയോഗിച്ച് മികച്ചൊരു ചിത്രമാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

അണിയറപ്രവർത്തകരോടൊപ്പം റിക് അബെ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
സിനിമ ചിത്രീകരണത്തിനിടെ റിക് അബെ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ ആടുജീവിതം വായിച്ചില്ല, കാത്തിരിക്കുന്നു
എന്റെ അന്വേഷണത്തിൽ ദക്ഷിണേന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും ഏറെ ശ്രദ്ധിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്ത നോവലാണ് ആടുജീവിതം എന്ന് മനസിലായിരുന്നു. ഒാൺലൈനിൽ അന്ന് പുസ്തകം തിരഞ്ഞപ്പോൾ ലഭിച്ചത് മലയാളം പതിപ്പ് മാത്രമാണ്. അതിനാൽ ബെന്യാമിന്റെ നോവലിന് ബ്ലെസി ചലച്ചിത്രാവിഷ്കാരം നൽകും വരെ  ഞാൻ തിരക്കഥ വായിച്ചുകൊണ്ടേയിരുന്നു. എന്റെ കഥാപാത്രമായ ജൂനിയർ ജാസറിന്റെ പിന്നാമ്പുറക്കഥകൾ അദ്ദേഹവുമായി ചർച്ച ചെയ്തത് ഞാൻ ഓർക്കുന്നു. അത് സമയമാകുംവരെ കാത്തിരിക്കാനും അഭിനിവേശം കെടാതെ സൂക്ഷിക്കാനുമുള്ള പ്രചോദനമായി. ബ്ലെസിക്കും ബെന്യാമിനും നന്ദി. പിന്നീട് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ (ഗോട് ലൈഫ്) പുറത്തിറങ്ങിയെങ്കിലും ഇതുവരെ വായിക്കാൻ കഴിഞ്ഞില്ല. 

∙ മമ്മുട്ടിയെയും മോഹൻലാലിനെയും അറിയാം
മലയാള സിനിമയുടെ സ്വാധീനം ഗൾഫിൽ എല്ലായിടത്തും കാണപ്പെടുന്നു. കേരളത്തിലെ ജനങ്ങളുടെ വിജയഗാഥകൾ ഉള്ള ഏറ്റവും വലിയ മേഖലകളിലൊന്നാണ് യുഎഇ. ടാറ്റ, ലുലു, കെ.ജി. ഏബ്രഹാം എന്നിങ്ങനെ ആ പട്ടിക നീളുന്നു. മോഹൻലാലും മമ്മൂട്ടിയും കേരളത്തിന്റെ ഐക്കണുകളെപ്പോലെയാണെന്ന് അറിയാം. അവർ കേരളത്തിന്റെ നേതാക്കന്മാരാണെന്ന് ഞാനാദ്യം കരുതി. കാരണം, എല്ലായിടത്തും അവരുടെ ഫോട്ടോകൾ കാണാം.  

അണിയറപ്രവർത്തകരോടൊപ്പം റിക് അബെ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
റിക് അബെ(വലത് ). ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ രണ്ട് ഒാസ്കാർ പ്രതിഭകളുടെ കൂടെ
മലയാള സിനിമയിൽ ഇത്രമാത്രം അതിശയിപ്പിക്കുന്ന കഥകളും ദൃശ്യങ്ങളും ഉണ്ടെന്ന് മാത്രം എനിക്കറിയില്ലായിരുന്നു. "സ്ലം ഡോഗ് മില്യനയർ" പുറത്തുവരുന്നത് വരെ ഇന്ത്യൻ സിനിമയെക്കുറിച്ചും മനസിലാക്കിയിരുന്നില്ല. ഓസ്‌കാർ സ്വന്തമാക്കിയ "ജയ് ഹോ" എന്ന ഗാനത്തിലൂടെ എ.ആർ. റഹ്മാൻ ആരാധകരുടെ തരംഗത്തിന്റെ ഭാഗമായിരുന്നു ഞാൻ. മൊസാർട്ട് ഓഫ് മദ്രാസ് എന്ന് അറിയപ്പെടുന്ന എ.ആർ.റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നീ രണ്ട് അക്കാദമി അവാർഡ് ജേതാക്കൾക്കൊപ്പമാണ് ഞാൻ പ്രവർത്തിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. തുടർന്ന് ഹോളിവുഡിലും ആഗോളതലത്തിലും ചരിത്രം സൃഷ്ടിച്ച ബാഹുബലി  നായകൻ പ്രഭാസിനൊപ്പം  "സാഹോ" യിൽ പ്രവർത്തിക്കാനും കഴിഞ്ഞു. അന്തരിച്ച ഇർഫാൻ ഖാനെക്കുറിച്ചും ഞാനേറെ കേട്ടിരുന്നു.

∙ മലയാള സിനിമാ പ്രവർത്തകർ സ്വപ്നവ്യാപാരികൾ
മലയാള സിനിമാ പ്രവർത്തകർ പ്രതിഭകള്‍ മാത്രമല്ല, അവർ സ്വപ്നങ്ങൾ നെയ്തെടുക്കുന്നവരാണ്. അവരെ സ്പർശിക്കുക എന്നത് എനിക്ക് സങ്കൽപിക്കാൻ പോലുമായിരുന്നില്ല. കാരണം ഞാൻ ഒരിക്കലും അവരുടെ തലത്തിലേക്കും ലോകത്തിലേക്കും എത്തില്ലെന്ന് വിശ്വസിക്കുന്നു. പിന്നീട് നടൻ അശ്വിൻ കുമാറിനെ കണ്ടുമുട്ടി.  അദ്ദേഹത്തിന് പൃഥ്വിരാജിനെക്കുറിച്ച് പറയാൻ നൂറുനാക്കാണ്. യുഎഇയിലെ അറിയപ്പെടുന്ന മലയാളി ബാലതാരവും മോഡലുമായ ഇസിൻ ഹാഷിമിനെയും അദ്ദേഹത്തിന്റെ പിതാവ് ഹാഷിനെയും കണ്ടുമുട്ടിയതും സഹായകമായി. 

ആടുജീവിതം ചിത്രീകരണത്തിനിടെ റിക് അബെ സംവിധായകൻ ബ്ലെസിയോടൊപ്പം. ചിത്രം–സ്പെഷ്യൽ അറേഞ്ച്മെന്റ്.
ആടുജീവിതം ചിത്രീകരണത്തിനിടെ റിക് അബെ സംവിധായകൻ ബ്ലെസിയോടൊപ്പം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ ബ്ലെസി ഒരു മാസ്റ്റർ ക്ലാസ് 
വളരെ മൃദുവായി സംസാരക്കുന്നയാളാണ് സംവിധായകൻ ബ്ലെസി. അദ്ദേഹം നമ്മെ വളരെയധികം സ്വാധീനിക്കും. നിങ്ങൾക്ക് ഒരിക്കലും അറിയാത്ത കഴിവുകൾ പുറത്തുകൊണ്ടുവരും. അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും സഹാനുഭൂതിയും കലാസൃഷ്ടിയിൽ മാത്രമല്ല, സഹജീവികളോട് എങ്ങനെ പെരുമാറണം എന്നതിലും ഒരു മാസ്റ്റർ ക്ലാസ് ആണ്. കോവിഡ് സമയത്ത് അദ്ദേഹം എന്നെ ബന്ധപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരു കാന്തത്തെപ്പോലെ അദ്ദേഹത്തിലേക്ക് ഞാൻ ആകർഷിക്കപ്പെട്ടു. ബ്ലെസി അഭിനേതാക്കളിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഹൃദയാവർജകമായി അനുഭവപ്പെടുന്നു.

∙ പൃഥ്വിരാജ്: ഒറ്റവാക്കിൽ പറഞ്ഞാൽ വിസ്മയം
വിസ്മയം–ഇതാണ് പൃഥ്വിരാജിനെക്കുറിച്ച് ഒറ്റവാക്കിൽ വിശേഷിപ്പിക്കാനുള്ളത്. ആടുജീവിതത്തിലെ നായക കഥാപാത്രമായ നജീബിനെ അദ്ദേഹം അവതരിപ്പിച്ചത് മറ്റുള്ളവർക്ക് ഒരു പാഠമാണ്. അദ്ദേഹത്തിന്‍റെ നർമബോധമാണ് എന്നെ ആകർഷിച്ച മറ്റൊരു ഘടകം. തീവ്രമായ ഒരു സീനിൽ നിന്ന് തന്റെ യഥാർഥ സ്വത്വത്തിലേയ്ക്ക് മാറാൻ  ഒരു വിരൽ ഞൊടിയിടയിൽ അദ്ദേഹത്തിന് കഴിയും. മറ്റാർക്കും നജീബിനെ അദ്ദേഹത്തെപ്പോലെ അവതരിക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. യഥാർഥ നജീബിനെ കണ്ടുമുട്ടിയാൽ നിങ്ങൾക്കത് മനസിലാകും. പൃഥ്വിരാജിലൂടെ നജീബിന്റെ പ്രതിഫലനമാണ് ഉണ്ടായിട്ടുള്ളത്. റെക്കോർഡ് സമയത്തിനുള്ളിൽ പൃഥ്വി തന്റെ ജോലി ചെയ്യുന്നു. അദ്ദേഹവും ബ്ലെസിയും സംതൃപ്തരാകുന്നതുവരെ എണ്ണമറ്റ പ്രാവശ്യം ഒരു സീൻ അതേ ഊർജം ഉപയോഗിച്ച്  ആവർത്തിക്കാനും മടിയില്ല. എന്നാൽ മികച്ച അഭിനേതാവായതിനാൽ പൃഥ്വിരാജിന് ഏറെ ടേക്കുകൾ വേണ്ടിവന്നിട്ടില്ല. മിക്കവാറും ടേക്കുകൾക്ക് ശേഷം എല്ലാവരും എണീറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട്. അദ്ദേഹം ശാരീരികമായും വളരെ സംതൃപ്തനായിരുന്നു. എന്റെ ജീവിതത്തിൽ ഇതുവരെ അദ്ദേഹത്തെ പോലൊരാളെ കണ്ടിട്ടില്ല. തന്നെ ആടുജീവിതത്തിലേയ്ക്ക് തിരഞ്ഞെടുത്തതിൽ പൃഥ്വിരാജിന്റെ ഇടപെടൽ ഉണ്ടെന്നാണു കരുതുന്നത്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്.

അണിയറപ്രവർത്തകരോടൊപ്പം റിക് അബെ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
അണിയറപ്രവർത്തകരോടൊപ്പം റിക് അബെ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ അവസരം ലഭിച്ചാൽ ഇനിയും മലയാളത്തിൽ
അവസരം ലഭിച്ചാൽ ഇനിയും മലയാളത്തിൽ അഭിനയിക്കുമോ എന്ന് ചോദിച്ചാൽ അതെ എന്ന് രണ്ടുതവണ ചിന്തിക്കാതെ പറയും. പുതുമയുള്ള ആശയങ്ങളും ഉത്സാഹികളായ സംവിധായകരുമുണ്ടെങ്കിൽ ഒരു കലാകാരനെന്ന നിലയിൽ മാത്രമല്ല മനുഷ്യനെന്ന നിലയിലും നമുക്ക് നമ്മെ പുതുക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള തൊഴിൽ അന്തരീക്ഷമുണ്ടാകും. എന്റെ ജീവിതത്തിന്റെയും കരിയറിന്റെയും പ്രധാന ഘട്ടമാണ് മലയാളം സിനിമാ വ്യവസായത്തിലൂടെ തേടിയെത്തിയത്. ഇന്ത്യൻ വിഭവമായ പനീർ ദോശയടക്കമുള്ള ഭക്ഷണമാണ് ഇന്ത്യൻ സിനിമകളിലേക്കുള്ള ആകർഷണത്തിന്റെ മറ്റൊരു പ്രധാന ഹേതു.

അണിയറപ്രവർത്തകരോടൊപ്പം റിക് അബെ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.
അണിയറപ്രവർത്തകരോടൊപ്പം റിക് അബെ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാം
കഥപറച്ചിലിലും മെയ്ക്കിങ്ങിലും ആടുജീവിതം ഫുൾ മാർക്ക് നേടുന്നു. വിവിധ പ്രായത്തിലുള്ളവരെ ആകർഷിക്കുന്ന കാലാതീതമായ ഒരു ക്ലാസിക് പ്രേക്ഷകർക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. നാടകം, പ്രണയം, കോമഡി, ഫാന്റസി എന്നിവയെല്ലാം ഒത്തിണങ്ങിയ അതിമനോഹരമായ സിനിമ എന്ന് ആടുജീവിതം ചരിത്രത്തിൽ അടയാളപ്പെടുത്തും.  

∙ ആകാശമാണ് അതിരുകൾ; ഇനിയും പറക്കാനുണ്ട്
കഴിഞ്ഞ 23 വർഷമായി യുഎഇയിൽ മെത്തഡ് ആക്ടിങ് ചെയ്യുന്ന റിക്, തനിക്ക് കൂടുതൽ അംഗീകാരങ്ങൾ സ്വന്തമാക്കാനുള്ള മികച്ച ലോഞ്ച്പാഡാണ് ആടുജീവിതം എന്നു വിശ്വസിക്കുന്നു. ഇൗ ചിത്രം ഹോളിവുഡ്, മോളിവുഡ് എന്നിവിടങ്ങളിലും മറ്റ് പ്രാദേശിക സിനിമാ വ്യവസായങ്ങളിലും സജീവമാകാൻ കാരണമായേക്കും. 2002-ൽ നടന്ന എമിറേറ്റ്‌സ് ചലച്ചിത്രോത്സവത്തിൽ എമിറാത്തി ഡയറക്ടർ ഫാദൽ അൽ മുഹൈരിക്കൊപ്പം "റബൂബ്" (ദ് സ്റ്റോം) എന്ന ചിത്രമാണ് ആദ്യത്തെ സ്വതന്ത്ര സിനിമ. ആ ചിത്രം 'ജൂറിസ് ചോയ്സ്' അവാർഡ് നേടി. പിന്നീട് യൂണിവേ‌ഴ്സിറ്റി സഹപാഠികളായ മൻസൂർ അൽ ഫീലി, ജമാൽ സലേം, അബ്ദുല്ല സെയ്ദ്, ജുമാ അലി, ഡോ. ഹബീബ് ഗുലൂം എന്നിവരോടൊപ്പം 'റോയൽ ലവ്' എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു. നൈജീരിയൻ സംവിധായകനും തിരക്കഥാകൃത്തുമായ ജമാൽ സലേമിനൊപ്പം ചേർത്തത് മൻസൂർ ആയിരുന്നു. അതിനുശേഷം ധാരാളം അവാർഡുകൾ നേടാനും  ഒരുപാട് ജോലികൾ ചെയ്യാനും ഒരുപാട് കഥകൾ പറയാനും കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു.

English Summary:

Actor Rick Abe, who Plays Junior Arbaba in Aadujeevitham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com