ADVERTISEMENT

അബുദാബി/കുവൈത്ത് സിറ്റി ∙ ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർപ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നു. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിയമലംഘകരെ പിടികൂടാൻ എളുപ്പമാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഒരു രാജ്യത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടുന്നവരെ പിടികൂടാൻ ഈ സംവിധാനം വഴി സാധിക്കും. വ്യാജ പാസ്പോർട്ടുമായും ശസ്ത്രക്രിയിലൂടെ വിരലടയാളത്തിൽ കൃത്രിമം നടത്തിയും ജിസിസി രാജ്യങ്ങളിലേക്കു വരുന്നവരെ പിടികൂടാനും ഇതുവഴി സാധിക്കും. 

ഇരട്ട പൗരത്വമുള്ളവരെ തിരിച്ചറിയാനും വിരലടയാളം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. സാമ്പത്തിക ക്രമക്കേടു നടത്തി മുങ്ങുന്നവരെയും പിടികൂടാം. ഇന്റർപോൾ വഴി പ്രതികളെ കൈമാറുകയും ചെയ്യാം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ബയോമെട്രിക് സംവിധാനം നിലവിലുണ്ട്. കുവൈത്തിൽ മാർച്ച് ഒന്നിന് ആരംഭിച്ച നിർബന്ധിത ബയോമെട്രിക് സംവിധാനം 3 മാസത്തിനകം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

48 ലക്ഷം ജനസംഖ്യയുള്ള കുവൈത്തിൽ 17 ലക്ഷം ആളുകളുടെ വിരലടയാളം ശേഖരിച്ചുകഴിഞ്ഞു. വിരലടയാളം രേഖപ്പെടുത്തുന്നതിന് അതിർത്തി കവാടങ്ങൾക്കു പുറമേ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുവൈത്തിൽ റജിസ്ട്രേഷന് സൗകര്യം
കുവൈത്തിലെ കര, നാവിക, വ്യോമ അതിർത്തി കവാടങ്ങൾക്കു പുറമെ ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ കബീർ, അൽജഹ്റ (സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും) എന്നീ ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലും പഴ്സനൽ ഇൻവെസ്റ്റിഗേറ്റിങ് ഡി‌പാർട്ട്മെന്റ്, അലിസബാഹ് അ‍ൽ സാലിം വിരലടയാള കേന്ദ്രം, അൽജഹ്റയിലെ പഴ്സനൽ ഐഡന്റിഫിക്കേഷൻ ഫിങ്കർ പ്രിന്റിങ് കമ്പനി (വിദേശികൾക്കു മാത്രം), ദ് അവന്യു മാൾ, 360 മാൾ, അൽഖൂത് മാൾ, ദ് കാപിറ്റൽ മാൾ, ദ് മിനിസ്ട്രീസ് കോംപ്ലസക്സ് എന്നിവിടങ്ങളിൽ വിരലടയാളം രേഖപ്പെടുത്താൻ സൗകര്യമുണ്ട്. സർക്കാരിന്റെ സേവന ആപ്പ് ആയ സാഹൽ വഴി ബുക്ക് ചെയ്ത് നിശ്ചിത ദിവസം കേന്ദ്രത്തിൽ എത്തിയാൽ തിരക്കില്ലാതെ വിരലടയാളം രേഖപ്പെടുത്താം.

English Summary:

GCC to implement unified fingerprint system among the Gulf countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com