ADVERTISEMENT

ഷാർജ∙ ദുരിതപർവം താണ്ടിയ മുൻ മലയാളി സൈനികൻ ഒടുവിൽ നാട്ടിലേക്ക് മടങ്ങി. മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് സാമ്പത്തികമായി പ്രതിസന്ധിയിലായി വർഷങ്ങളായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന കൊല്ലം കൊട്ടാരക്കര  പവിത്രേശ്വരം സ്വദേശി  തോമസുകുട്ടി ഐസക്കി (56) നെ യുഎഇ ഗവൺമെന്‍റും സുമനുസ്സുകളും ബാധ്യത തുകയായ  1,62,238 ദിർഹം (40 ലക്ഷം രൂപ) നൽകി സഹായിച്ചത് മൂലമാണ്  പ്രശ്നം പരിഹരിച്ച് നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിച്ചത്.   

22 വർഷത്തോളം ഇന്ത്യയിൽ അതിർത്തിരക്ഷാ സേനയിൽ ജോലി ചെയ്‌ത തോമസുകുട്ടി  2009 ൽ വിരമിക്കുകയും തുടർന്ന് 2015 ൽ യുഎഇയിൽ എത്തുകയുമായിരുന്നു. 2015 ഡിസംബര്‍ 10  ന് തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ സ്‌ക്രാപിങ് കമ്പനിയില്‍ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. കമ്പനിയില്‍ വീസ എടുക്കുമ്പോൾ നിയമപരമായ രേഖകൾക്കൊപ്പം ജീവനക്കാർക്ക് താമസിക്കുവാനായി സജയിൽ എടുത്ത ഫ്ലാറ്റിന്‍റെ വാടക കരാറിലും തോമസുകുട്ടിയെ  കൊണ്ട് ഒപ്പിടീച്ചു. ഒരു വർഷത്തിന് ശേഷം തോമസ് ആ ജോലിയുപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങി. തുടർന്ന് 2017 ല്‍ തിരികെയെത്തി അബുദാബിയിലെ മറ്റൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. 2022 ഫെബ്രുവരി 27 ന് ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങവേ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് തന്‍റെ പേരിൽ കേസും യാത്രാ വിലക്കും ഉണ്ടെന്ന് ഇദ്ദേഹം അറിയുന്നത്. ഇതിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് സ്‌ക്രാപ്പിങ് കമ്പനി ഉടമയുടെ ചതി മനസിലാകുന്നത്. തന്‍റെ പേരിൽ കമ്പനി ഉടമ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കുകയും മൂന്നു വര്‍ഷമായി വാടക നൽകാത്തതിനാൽ ഷാര്‍ജ മുനിസിപ്പാലിറ്റിയിൽ തനിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണെന്നും വാടക കുടിശ്ശികയായ 1,62,238 ദിര്‍ഹം അടച്ചാലേ കേസില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂ എന്നും തോമസ് മനസിലാക്കി. ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ഇദ്ദേഹം പല നിയമസ്ഥാപനങ്ങളെയും അഭിഭാഷകരെയും സാമൂഹിക പ്രവർത്തകരെയും സമീപിച്ചെങ്കിലും ആരും തന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ല.

malayali-who-was-cheated-in-uae-and-in-financial-crisis-returned-home

ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായ തോമസുകുട്ടി  ഷാർജ വർഷിപ്പ് സെന്‍ററിലെ റവ. ഡോ.വിൽസൺ ജോസഫിനെ സമീപിക്കുകയായിരുന്നു. തുടർന്ന്  ഈ പ്രശ്നത്തിന്  പരിഹാരം കാണുന്നതിന് വേണ്ടി റവ. ഡോ.വിൽസൺ ജോസഫിന്‍റെ നേതൃത്വത്തിൽ ശ്രമമാരംഭിച്ചു. യുഎഇയിലെ യാബ് ലീഗൽ സർവീസസ് വഴി കേസ് കൊടുത്തവരുമായി ബന്ധപ്പെട്ടെങ്കിലും മുഴുവൻ തുകയും  അടച്ചു തീർക്കാതെ ക്ലിയറൻസ് നൽകില്ലെന്നാണ് അവരുടെ ഭാഗത്തു നിന്നും അറിയിച്ചത്.നാട്ടിൽ ഉൾപ്പടെ സാമ്പത്തിക പ്രതിസന്ധിയിലായ തോമസുകുട്ടിക്ക് പണമടച്ചു തീർക്കാൻ യാതൊരു നിർവാഹവുമില്ല. പ്രശ്ന പരിഹാരമെന്നോണം റവ. ഡോ. വിൽസൺ,  സലാം പാപ്പിനിശ്ശേരി എന്നിവർ ചേർന്ന് സുമനസുകളിൽ നിന്നും യുഎഇ ഗവൺമെന്‍റുമായി ബന്ധപ്പെട്ട ചാരിറ്റി സംഘടനകളിൽ നിന്നും സഹായം സ്വീകരിച്ചു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു. നാട്ടിലേക്ക് മടങ്ങും മുൻപ് തോമസ് കുട്ടി സഹായം നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു.

English Summary:

Malayali who was Cheated in UAE and in Financial Crisis Returned Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com