ADVERTISEMENT

ദുബായ് ∙ പ്രവാസത്തിന്റെ ആദ്യകാലത്ത് യുഎഇയിലെത്തി അരനൂറ്റാണ്ടു പൂർത്തിയാക്കിയ ദുബായ് അൽ ബസ്റ ഗ്രൂപ്പ്‌ സ്ഥാപകനും ചെയർമാനുമായ മലയാളി വ്യവസായി  സൈദ് അലി കുട്ടിയെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ കമ്പനി ജീവനക്കാരും സുഹൃത്തുക്കളും ചേർന്നാണ്  'സൈദ് അലി കുട്ടിയുടെ പ്രവാസം - അര നൂറ്റാണ്ട്'  എന്ന പേരിൽ നാളെ (31) ദുബായ് ദെയ്റ ക്രൗൺ പ്ലാസ ഹോട്ടലിൽ വൈകിട്ട് നോമ്പുതുറയ്ക്ക് ശേഷം ആഘോഷം സംഘടിപ്പിക്കുന്നത്. ഷാർജ  ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ഹുമൈത് സഈദ് ബിൻ സഹു അൽ സുവൈദി ഉദ്ഘാടനം ചെയ്യും.

പ്രമുഖ സ്വദേശി യുവ സംരംഭകൻ ഡോ. ബു അബ്‌ദുല്ല, യുട്യൂബറും പ്രഭാഷകനുമായ റിയാസ് ഹക്കിം തുടങ്ങിയവർ സംബന്ധിക്കും. അൽ ബസ്റ ഗ്രൂപ്പ്‌ ജീവനക്കാരുടെ സ്നേഹോപഹാരം സൈദ് അലി കുട്ടിക്ക് സമർപ്പിക്കും. മലയാളികളുടെ ഗൾഫ് കുടിയേറ്റത്തിന് താങ്ങും തണലുമായി നിൽക്കുകയും കരുണയും കരുതലും കൊണ്ട് ഒരു കൂട്ടം പ്രവാസികളെ ചേർത്തു പിടിക്കുകയും ചെയ്യുന്ന മനുഷ്യ സ്നേഹിയായ സംരംഭകനാണ് സൈദ് അലി കുട്ടിയെന്ന് അൽ ബസ്റ ഇലക്ട്രിക്കൽ ആന്‍ഡ് സാനിറ്ററി കോൺട്രാക്ടിങ് കമ്പനി ഡയറക്ടർ അബ്ദുൽ റഷീദ് പറഞ്ഞു.

സൈദ്‌അലി കുട്ടി
സൈദ്‌അലി കുട്ടി

600 ദിർഹം ശമ്പളത്തിൽ തുടങ്ങി; ഇന്ന് വ്യവസായപ്രമുഖൻ
ഗൾഫ് നാടുകളിലേക്ക് ഉപജീവനം തേടിയെത്തിയ ആദ്യകാല മലയാളികളിൽ പ്രമുഖനാണ് സൈദ് അലി കുട്ടി. 1974  മാർച്ച്‌ 31 ന് 20 വയസ്സുള്ളപ്പോഴാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി കഞ്ഞിപ്പുര എന്ന ഗ്രാമത്തിൽ നിന്ന് അന്നത്തെ ബോംബെയിലെത്തി അവിടെ നിന്ന് കപ്പൽ മാർഗം അദ്ദേഹം യുഎഇയിലെത്തി. അബുദാബിയിൽ ഒരു സ്ഥാപനത്തിൽ 600 ദിർഹം ശമ്പളത്തിന് ജോലിയിൽ പ്രവേശിച്ചു. ഏറെ പ്രയാസത്തോടെയാണെങ്കിലും പ്രതീക്ഷയോടെയാണ്  ഒരോ ചുവടും മുന്നോട്ടു വച്ചത്. ഏതാണ്ട് 11 വർഷത്തോളം ഒരേ കമ്പനിയിൽ ബഹ്‌റൈൻ, ഇറാഖ്, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളിലായി ജോലി ചെയ്തു.

സ്വന്തമായി ഒരു സംരംഭകനായി മാറി അതിലൂടെ കുറച്ചു ആളുകൾക്കെങ്കിലും ജോലി നൽകുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. 1984 ലാണ് ഇലക്ട്രിക്കൽ, മെക്കാനിക്കൽ മെയിന്റെനൻസ് ജോലികൾ ചെയ്യുന്ന അൽ ബസ്റ എന്ന സ്ഥാപനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും ഒപ്പം കഠിനധ്വാനവും കൊണ്ട് ഇന്ന്  അബുദാബി, ദുബായ്, ഫുജൈറ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന അൽ ബസ്റ ഗ്രൂപ്പിൽ  മുന്നൂറോളം പേർ ജോലിചെയ്യുന്നു. കേരളത്തിലുടനീളം ടൈൽസ്, ലൈറ്റ് വിതരണ രംഗത്ത്  'സിൽവാൻ ടൈൽസ്' എന്ന പേരിൽ 22 ഔട്ട്ലറ്റ്കളുണ്ട്.

വാർത്താ സമ്മേളനത്തിൽ നിന്ന്

കേരളത്തിൽ ബേബി ഫുഡ്‌ നിർമാണ വിതരണ രംഗത്ത് 'ബേബി വിറ്റാ' എന്ന പേരിൽ   ആരംഭിച്ച പുതിയ സംരംഭവും വിജയം കൈവരിച്ചു. കേരളത്തിലും മുന്നൂറ് പേർ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ജീവനക്കാരോടെല്ലാം തന്റെ കുടുംബാഗത്തെ പോലെയാണ് ഇദ്ദേഹം പെരുമാറുന്നതെന്ന് ജീവനക്കാരനായ ദാസ് വയലാർ പറഞ്ഞു. ജീവകാരുണ്യ മേഖലയിലും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അദ്ദേഹത്തിന് ഭാര്യയും നാലു മക്കളുമുണ്ട്. മക്കളെല്ലാവരും പിതാവിന്റെ പാത പിന്തുടർന്ന് ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നു.

കമ്പനിയുടെ ഡയറക്ടറായ സാബിർ, നാസർ കോക്കൂർ, ചിൽട്ടൺ മാത്യു തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

English Summary:

Malayali Businessman Zaid Ali Kutty is Honored in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com