പാസ്പോർട്ട് മറന്നു; യുവതിക്ക് റിയാദ് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നത് 24 മണിക്കൂറിലേറെ
Mail This Article
റിയാദ് ∙ ചെറിയ അശ്രദ്ധയോ ഓർമക്കുറവോ മതിയാവും യാത്രയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ. പാസ്പോർട്ട് മറന്ന് റിയാദ് രാജ്യാന്തര വിമാനത്താവളത്തിന് പുറത്തിറങ്ങാനാവാതെ കഴിഞ്ഞ മലയാളി യുവതിയുടെ അനുഭവം പങ്കുവയ്ക്കുകയാണ് റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്. ഈ മാസം 24-ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ റിയാദിലേക്കെത്തിയ യുവതിക്കായിരുന്നു അബദ്ധം മൂലം 24 മണിക്കൂറിലേറെ റിയാദ് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നത്. അവധിക്കാലം ആഘോഷിക്കാൻ സൗദിയിലേക്ക് പുറപ്പെട്ട 8 അംഗ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു യുവതി. വിമാനം പറന്നു തുടങ്ങിയതിനു ശേഷം പാസ്പോർട്ടും യാത്രാരേഖകളും ഹാൻഡ്ബാഗിൽ എണ്ണി അടുക്കുമ്പോഴാണ് സ്വന്തം പാസ്പോർട്ട് കൈവശം ഇല്ലെന്ന് തിരിച്ചറിയുന്നത്. കൂട്ടത്തിൽ ഉള്ളവരോടൊക്കെ തിരക്കിയിട്ടും കണ്ടെത്താനായില്ല. ഒടുവിൽ വിമാനജീവനക്കാരെ വിവരം അറിയിച്ചു. വിമാനം പാതി വഴിയിലേറെ പിന്നിട്ടതിനാൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് ബന്ധപ്പെടുവാനും കഴിഞ്ഞില്ല.
പിന്നീട്, കാണാതായ പാസ്പോർട്ട് കരിപ്പൂർ വിമാനത്താവളത്തിൽ ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം, മൊബൈലിലെ ചിത്രം സഹിതം അധികൃതരെ അറിയിച്ചു. എന്നാൽ യുവതിക്ക് ഇമിഗ്രേഷനിലേക്ക് കടക്കാനായില്ല. പാസ്പോർട്ട് റിയാദിലെത്താതെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. തനിച്ച് വിമാനത്താവളത്തിൽ കഴിയുന്നതിനുള്ള ബുദ്ധിമുട്ട് ബോധ്യപ്പെടുത്തിയതോടെ സഹോദരിക്ക് ഒപ്പം നിൽക്കാൻ അധികൃതർ അനുമതി നൽകി. നടപടികൾ പൂർത്തിയാക്കി പുറത്തെത്തിയ ബാക്കിയുള്ള കുടുംബാംഗങ്ങൾ സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിച്ച് സഹായം തേടി.
കരിപ്പൂര് നിന്നും അടുത്ത വിമാനത്തിൽ എത്തിച്ച പാസ്പോർട്ട് യുവതിക്ക് അധികൃതർ കൈമാറി. തുടർന്ന് ഇമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ച് യുവതി സഹോദരിക്കൊപ്പം ആശ്വാസത്തോടെ പുറത്തിറങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ബോർഡിങ് പാസ് കൈപ്പറ്റി എമിഗ്രേഷൻ നടപടികള്‍ പൂർത്തീകരിച്ച് ദേഹസുരക്ഷാ പരിശോധനയ്ക്ക് എത്തും വരെയും പാസ്പോർട്ട് യുവതിയുടെ കൈവശമുണ്ടായിരുന്നു. സുരക്ഷാ പരിശോധനയ്ക്കു ശേഷം 8 പേരുടേയും പാസ്പോർട്ടുകൾ തിരികെ വാങ്ങുമ്പോൾ ധൃതിയിൽ എണ്ണി തിട്ടപ്പെടുത്താതെ പോയതാവാം ഇത്തരത്തിൽ നഷ്ടപ്പെടാൻ ഇടയായതെന്നു ബന്ധുക്കള്‍ പറയുന്നു.
എത്ര തിരക്കുണ്ടെങ്കിലും പരിശോധനകൾക്ക് ശേഷം തിരികെ ലഭിക്കുമ്പോൾ യാത്രരേഖകളും പാസ്പോർട്ടും ശ്രദ്ധപൂർവം പരിശോധിച്ച് സൂക്ഷിക്കണം. അങ്ങനെ ഇത്തരം സാഹചര്യം ഒഴിവാക്കാനാകും. പാസ്പോർട്ട് മറന്ന സമാനമായ സാഹചര്യം ഇതിന് മുൻപ് ഉണ്ടായപ്പോൾ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി ശിഹാബ് കൊട്ടുകാടിനെ ചിലർ ബന്ധപ്പെട്ടിരുന്നു. തുടർന്ന് എംബസി അധികൃതരെ ബന്ധപ്പെട്ട് രേഖകൾ ശരിയാക്കാനുള്ള അവസാനവട്ട നടപടികൾക്കിടയിൽ പാസ്പോർട്ട് തിരികെ കിട്ടിയെന്ന വിവരം ലഭിച്ചു.
യാത്ര പുറപ്പെട്ടതിനു ശേഷം പാസ്പോർട്ട് കാണാതാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നവർക്ക് യാത്രചെയ്യാനുള്ള താൽക്കാലിക പാസ്പോർട്ട് എംബസി മുഖാന്തിരം മാത്രമേ ലഭ്യമാകു. അത് ഉപയോഗിച്ച് തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങി പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാം.