യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് രാഷ്ട്രത്തിന്റെ സ്മരണാഞ്ജലി
Mail This Article
അബുദാബി∙ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് രാഷ്ട്രത്തിന്റെ സ്മരണാഞ്ജലി. മരുഭൂമിയിലെ യുഗപുരുഷൻ വിടവാങ്ങിയിട്ട് 20 വർഷം പൂർത്തിയായി. 2004 റമസാൻ 19ന് (അന്നത്തെ നവംബർ രണ്ടിന്) ആയിരുന്നു ഷെയ്ഖ് സായിദിന്റെ ദേഹവിയോഗം.
അബുദാബിയുടെ കിഴക്കൻ മേഖലയിൽ ഭരണാധികാരിയുടെ പ്രതിനിധിയായി 1946 മുതൽ 1966 വരെ പ്രവർത്തിച്ച ഷെയ്ഖ് സായിദിന്രെ ഭരണവൈദഗ്ധ്യമാണ് തുടർന്നുള്ള പദവികൾ അദ്ദേഹത്തെ തേടിയെത്തിയത്. 66 മുതൽ 2004 വരെ അബുദാബി ഭരണാധികാരിയായി. 1971 ഡിസംബർ രണ്ടിന് രാഷ്ട്രം രൂപീകരിച്ചതു മുതൽ മരണം വരെ യുഎഇയുടെ പ്രസിഡന്റ് പദവിയിൽ തുടർന്നു. ഈ കാലയളവിലാണ് രാജ്യം സുവർണ പാതയിൽ ബഹുദൂരം മുന്നേറിയത്. ലോകത്തിന്റെ നെറുകിലേക്ക് യുഎഇയെ കൈപിടിച്ചുയർത്തിയത് ഷെയ്ഖ് സായിദ് ആയിരുന്നു. ഇന്നു ബഹിരാകാശത്തോളം ഉയർന്ന രാജ്യത്തിന്റെ നേട്ടത്തിനു പിന്നിൽ ഷെയ്ഖ് സായിദിന്റെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനമുണ്ട്. ഷെയ്ഖ് സായിദിന്റെ സ്വപ്ന സാഫല്യമാണ് സുൽത്താൻ അൽ നെയാദിയിലൂടെയും ഹസ്സ അൽ മൻസൂരിയിലൂടെയും യുഎഇ ബഹിരാകാശത്ത് നേടിയ വിജയങ്ങൾ. ചന്ദ്രനിലേക്കും ചൊവ്വയിലേക്ക് ഉൾപ്പെടെ യുഎഇയുടെ പുതിയ കുതിപ്പുകൾക്കു പിന്നിലെല്ലാം ആ ദീർഘദർശിയുടെ കരസ്പർശമുണ്ടെന്ന് ഭരണാധികാരികൾ സമ്മതിക്കുന്നു.
പട്ടിണിയാണ് ഏറ്റവും വലിയ ദുരന്തമെന്നു മനസ്സിലാക്കിയ ഷെയ്ഖ് സായിദ് ലോകത്തിന്റെ വിശപ്പടക്കാൻ ഒട്ടേറെ വികസന പദ്ധതികളാണ് അവതരിപ്പിച്ച് നടപ്പാക്കിയത്. ആ പാത പിന്തുടർന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2000 കോടി ദിർഹത്തിന്റെ കാരുണ്യ പദ്ധതി പ്രഖ്യാപിച്ചത് ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണം മാത്രം.
സമത്വവും സ്വാതന്ത്ര്യവും സാധ്യതകളുമുള്ള രാജ്യമെന്ന ഖ്യാതി നേടിയതോടെ വിദേശ നിക്ഷേപകരുടെയും തൊഴിലന്വേഷകരുടെയും പ്രവാഹമായി. ആശുപത്രികൾ, നിർമാണ മേഖലകൾ എന്നിവയിലടക്കം യുഎഇ കൈവരിച്ച നേട്ടങ്ങൾ എക്കാലത്തെയും ആത്മസുഹൃത്തുക്കളായ ഇന്ത്യക്കാർക്കും ഒട്ടേറെ സൗഭാഗ്യങ്ങൾ സമ്മാനിച്ചു. നഴ്സുമാർക്കും അധ്യാപകർക്കും ഐടി സാങ്കേതിക വിദഗ്ധർക്കും യുഎഇയിൽ തൊഴിലവസരങ്ങൾ തുറന്നു കിട്ടി. കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇതു വൻ മാറ്റത്തിനു വഴിയൊരുക്കിയത് ചരിത്രം.
അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നടന്ന സായിദ് മാനുഷിക ദിനാചരണത്തിൽ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് ആണ് അനുസ്മരണം സംഘടിപ്പിച്ചത്.