ജിമ്മി ജോർജ് വോളിബോൾ കിരീടം എൽഎൽഎച്ചിന്
Mail This Article
അബുദാബി ∙ കേരള സോഷ്യൽ സെന്റർ (കെഎസ്‍സി) സംഘടിപ്പിച്ച ജിമ്മി ജോർജ് സ്മാരക വോളിബോൾ ടൂർണമെന്റിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ ജേതാക്കളായി. അബുദാബി അൽജസീറ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനലിൽ നേരിട്ടുള്ള 3 സെറ്റുകൾക്ക് (25-19, 25-17, 25-21) ലിറ്റിൽ സ്കോളർ ദുബായിയെയാണ് എൽഎൽഎച്ച് പരാജയപ്പെടുത്തിയത്. ജേതാക്കൾക്ക് എൽഎൽഎച്ച് ഹോസ്പിറ്റൽ എവർ റോളിങ് ട്രോഫിയും 20,000 ദിർഹമും മെഡലും സമ്മാനിച്ചു. റണ്ണേഴ്സപ്പായ ലിറ്റിൽ സ്കോളർ ദുബായിക്ക് 15,000 ദിർഹവും ട്രോഫിയും മെഡലും കൈമാറി.
മികച്ച കളിക്കാരൻ (അശ്വിൻ റായ്), ഒഫെൻഡർ (മൊറാദ്), ബ്ലോക്കർ (അപ്പോൺസ), സെറ്റർ (മുത്തുസ്വാമി), ലിബറോ (ആനന്ദ്), ഭാവി വാഗ്ദാനം (സന്തോഷ്), സെർവ് (ചിരാഗ് യാദവ്) എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സമാപന ചടങ്ങിൽ വോളിബാൾ താരവും എംഎൽഎയുമായ മാണി സി കാപ്പന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു.
ഇന്ത്യ, യുഎഇ, ഈജിപ്ത്, ബ്രസീൽ, കാമറൂൺ, സെനഗൽ കൊളംബിയ, ലെബനൻ, ക്യൂബ, റഷ്യ, സെർബിയ, യുഎസ്, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ, രാജ്യാന്തര താരങ്ങൾ വിവിധ ടീമുകൾക്കായി മത്സരിച്ചിരുന്നു. എൽഎൽഎച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്.
ഡോ. നരേന്ദ്ര (റീജനൽ ഡയറക്ടർ, ബുർജീൽ ഹോൾഡിങ്സ്), ഡോ. പത്മനാഭൻ (ഡയറക്ടർ, ക്ലിനിക്കൽ എക്സലന്റ്), വി. നന്ദകുമാർ (ഡയറക്ടർ, മാർക്കറ്റിങ് കമ്യൂണിക്കേഷൻ, ലുലു ഗ്രൂപ്പ്), കെഎസ്‍സി പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി കെ. സത്യൻ, സ്പോർട്സ് സെക്രട്ടറി റഷീദ് അയിരൂർ, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി സുഭാഷ്, ടൂർണമെന്റ് കൺവീനർ സലിം ചിറക്കൽ എന്നിവർ പങ്കെടുത്തു. സമാപന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.