സാഹോദര്യം കൂട്ടിയിണക്കി ദോഹ റമസാൻ മീറ്റ്
Mail This Article
ദോഹ ∙ സാഹോദര്യത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും വിളംബര വേദിയായി ദോഹ റമസാൻ മീറ്റ്. പരസ്പര ബഹുമാനവും സഹിഷ്ണുതയും കൈമുതലാക്കി മാനവികതയ്ക്ക് വേണ്ടി നിലകൊള്ളണമെന്നും വർധിച്ചുവരുന്ന അസമത്വവും വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ദോഹ റമദാൻ മീറ്റ് ആഹ്വാനം ചെയ്തു.
ദോഹ രാജ്യാന്തര മതാന്തര സംവാദ കേന്ദ്രവുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമസാൻ മീറ്റ് ഡി. ഐ. സി. ഐ. ഡി. മേധാവി മുഹമ്മദ് അൽ ഗാമിദി ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അധ്യക്ഷനായി. സമാധാനവും സ്‌നേഹവും പരസ്പര ധാരണയും കെട്ടിപ്പടുക്കാനുള്ള വലിയ അവസരങ്ങളാണ് ഇഫ്താർ സംഗമങ്ങളെന്ന് മുഹമ്മദ് അൽ ഗാമിദി പറഞ്ഞു.
അന്തരിച്ച കെ. സി. അബ്ദുർ റഹ്മാനെ അനുസ്മരിച്ച് കൊണ്ടാണ് അൽ ഗാമിദി പ്രസംഗം ആരംഭിച്ചത്. മാനുഷിക പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നാം ജീവിക്കുന്ന സമൂഹത്തിന്റെ വളർച്ചയിൽ ശ്രദ്ധ ചെലുത്തേണ്ടതും സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് ഖത്തർ ചാരിറ്റി ലോക്കൽ പ്രോജക്ട്‌സ് ഡിപ്പാർട്മെന്റ് മേധാവി ഫരീദ് ഖലീൽ അൽ സിദ്ദീഖി പറഞ്ഞു. ക്രിസ്റ്റ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജ്യൻ ആൻഡ് സൊസൈറ്റി തലവൻ റവ. ഡോ. വൈ. ടി. വിനയരാജ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രതിനിധിസഭാംഗം ഡോ. നഹാസ് മാള, യൂത്ത് ഫോറം രക്ഷാധികാരിയും സി. ഐ. സി പ്രസിഡന്റുമായ ടി. കെ. ഖാസിം, അസ്ലം തൗഫീഖ്, ഹബീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.