പെരുന്നാള്‍ പൊലിമയില്‍ ഒമാന്‍; ആഘോഷമാക്കി പ്രവാസികള്‍
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ ഈദുല്‍ ഫിത്ര്‍ ആഘോഷത്തിലലിഞ്ഞ് വിശ്വാസികള്‍. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന്റെ പകലുകളിലും ആരാധനകളില്‍ മുഴുകിയ രാവുകളിലും നേടിയ ആത്മ സായൂജ്യം ഒട്ടും ചോരാതെയായിരുന്നു ആഘോഷം. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മസ്‌കത്തിലെ സീബ് വിലായത്തിലുള്ള സയ്യിദ ഫാത്തിമ ബിന്‍ത് അലി മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ മസ്‌കത്തിലും സലാലയിലും നടന്ന ഈദ് നിസ്‌കാരങ്ങളില്‍ പങ്കെടുത്തു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സുല്‍ത്താന്‍ ഖാബൂസ് ആശംസകള്‍ നേര്‍ന്നു.
നിസ്‌കാരത്തിനുശേഷം വിശ്വാസികള്‍ പരസ്പരം കെട്ടിപ്പിടിച്ച് ഈദ് ആശംസകള്‍ കൈമാറി. ഊഷ്മള സ്‌നേഹത്തിന്റെ മഹനീയ മാതൃകയൊരുക്കുന്ന കാഴ്ചയായിരുന്നു പള്ളിമുറ്റങ്ങളില്‍.മസ്ജിദുകളിലെ കൂടിച്ചേരലുകളും പെരുന്നാള്‍ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കൂട്ടായ്മകളും വിനോദയാത്രകളും നടത്തിയാണ് പ്രവാസികള്‍ പെരുന്നാള്‍ ആഘോഷിച്ചത്.
∙ ആഘോഷമാക്കി പ്രവാസികള്‍
ഈദ് നിസ്‌കാര ശേഷം വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി പ്രവാസികളും ആഘോഷം കേമമാക്കി. സന്ദേശങ്ങള്‍ കൈമാറിയും സന്ദര്‍ശനങ്ങള്‍ നടത്തിയും ആഘോഷത്തിന്റെ ചൈതന്യം പടര്‍ത്തി. വിവിധ സാംസ്‌കാരിക സംഘടനകള്‍ ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങള്‍ വാരാന്ത്യം കഴിയും വരെ തുടരും. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുക.
നാട്ടിലെ പെരുന്നാള്‍ സ്മൃതികളുടെ ഓര്‍മച്ചെപ്പ് തുറന്ന് നിര്‍വൃതി കൊള്ളുകയാണ് പ്രവാസിയുടെ പെരുന്നാളിന്റെ പ്രത്യേകത. കൂട്ടുകാര്‍ക്കൊപ്പം ചെറിയ യാത്രകളും ഒന്നിച്ചുള്ള ഭക്ഷണം പാകം ചെയ്യലും നാട്ടിലേക്കുള്ള ഫോണ്‍ വിളികളും അവധി ദിവസത്തെ സുഖമായ ഉറക്കവുമാകുന്നതോടെ മിക്ക പ്രവാസികളുടെയും പെരുന്നാള്‍ ആഘോഷം തീരുന്നു.