ക്ഷാമമില്ല; പ്രവാസികൾക്ക് അരി ഉറപ്പാക്കി ഇന്ത്യൻ കമ്പനികൾ
Mail This Article
ദുബായ് ∙ പ്രവാസികൾക്ക് അരി ഉറപ്പാക്കി യുഎഇയിലെ വ്യാപാര മേഖല. ഇന്ത്യൻ അരിയുടെ കയറ്റുമതി നിയന്ത്രണം നിലനിൽക്കെ പൊതുവിപണിയിൽ അരിക്കു ക്ഷാമം നേരിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 93 കമ്പനികളാണ് യുഎഇയിൽ അരി എത്തിക്കുന്നത്. ദുബായ്, ഷാർജ എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ സർവേ പ്രകാരം ഇന്ത്യൻ കമ്പനികളാണ് അരി എത്തിക്കുന്നതിൽ മുന്നിൽ. ഇന്ത്യ കഴിഞ്ഞാൽ പാക്കിസ്ഥാൻ, വിയറ്റ്നാം, തായ്‌ലൻഡ്, ഓസ്ട്രേലിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ അരിക്കാണ് പ്രാദേശിക വിപണികളിൽ മേൽക്കോയ്മ.
കൊറിയ, ജപ്പാൻ, ഇറ്റലി, ജപ്പാൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അരി ഇറക്കുമതി ചെയ്യുന്നുണ്ട്. ബസ്മതി, മട്ട, ജാസ്മിൻ, ഈജിപ്ഷ്യൻ എന്നിവയാണ് വിപണിയിൽ ലഭ്യമായ ഇനങ്ങൾ. ബസ്മതിയിൽ തന്നെ ചെറുത്, വലുത്, ഇടത്തരം എന്നിങ്ങനെ ലഭ്യമാണ്. ബസ്മതി ഉൽപാദനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തായ്‌ലൻഡും വിയറ്റ്നാമുമാണ് താരങ്ങൾ. മണവും രുചിയുമാണ് ഇവയെ ജനപ്രിയമാക്കുന്നത്. നിലവാരം അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്.
താരമായി ജൈവ അരി
ജൈവ അരിക്കാണ് കൂടുതൽ വില. 300 ഗ്രാം ജാപ്പനീസ് ജൈവ അരിക്ക് 41.50 ദിർഹമാണ് വില. ജൈവ അരിക്ക് കാലറി കുറവാണ്. പഞ്ചസാര, കൊഴുപ്പ്, ഗ്ലൂട്ടൻ എന്നിവയുടെ അളവും ഈ അരിയിൽ കുറവായിരിക്കും. പ്രമേഹ രോഗികളെ ലക്ഷ്യമിട്ടാണ് ഇവ വിപണിയിലിറക്കുന്നത്. നോമ്പുകാലത്ത് അരി വിൽപനയിൽ വൻ കുതിപ്പാണുണ്ടായത്. മറ്റു മാസങ്ങളെ അപേക്ഷിച്ച് റമസാനിൽ 60 മുതൽ 70 ശതമാനം വരെ അധികം അരി വിൽപനയുണ്ടായി.