മഴ: കരിപ്പൂരിൽ നിന്ന് പുറപ്പെട്ട 184 യാത്രക്കാർ അൽമക്തും വിമാനത്താവളത്തിൽ കുടുങ്ങി
Mail This Article
ദുബായ് ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച രാത്രി പത്തരയ്ക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ 184 യാത്രക്കാർ ദുബായ് വേൾഡ് സെൻട്രൽ അൽമക്തും ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങി. സ്ത്രീകളും കുട്ടികളും വീസ കാലാവധി കഴിയുന്നവരും ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണംപോലും യഥാസമയം ലഭിച്ചില്ല.
കനത്ത മഴമൂലം ബുധൻ പുലർച്ചെ 12.40 ന് ദുബായിൽ ഇറങ്ങേണ്ട ഇൻഡിഗോ വിമാനം അൽമക്തും വിമാനത്താവളത്തിലേക്കു തിരിച്ചുവിടുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ എത്തിയെങ്കിലും യാത്രക്കാരെ രാവിലെ 6 വരെ വിമാനത്തിൽതന്നെ ഇരുത്തി.
ദുബായ് വിമാനത്താവളത്തിൽ എത്തിക്കുമെന്ന് അറിയിച്ചെങ്കിലും മണിക്കൂറുകൾക്കുശേഷം അൽമക്തും വിമാനത്താവളത്തിൽതന്നെ ഇറക്കി. എന്നാൽ ലഗേജ് വിട്ടുനൽകിയില്ല. യുഎഇ വീസയുള്ളവർക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയെങ്കിലും ചുറ്റും വെള്ളക്കെട്ട് ആയതിനാൽ വാഹനസൗകര്യം ഇല്ലായിരുന്നു. സാങ്കേതിക പ്രശ്നംമൂലമാണ് യാത്രക്കാരെ പുറത്തിറക്കാത്തതെന്ന് അറിയിച്ച വിമാനകമ്പനി അധികൃതർ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഭക്ഷണം ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നും അറിയിച്ചു.