ADVERTISEMENT

ദുബായ് ∙ മഴ മൂലം റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരിച്ചു നൽകുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ദുബായ് വിമാനത്താവളത്തിലെ 2, 3 ടെർമിനലുകളിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചെങ്കിലും വൈകാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനകം സർവീസ് പൂർണ തോതിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിൽ വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ കൺഫേം ടിക്കറ്റുള്ള യാത്രക്കാർ നേരത്തെ  എത്തി ചെക്ക്–ഇൻ നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

ഷാർജയിൽ നിന്നുള്ള എയർ അറേബ്യയും റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുകയ്ക്കു തുല്യമായ വൗച്ചർ തിരികെ നൽകും. ഇവ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപയോഗിക്കാം. പണമായി വേണ്ടവർക്ക് അങ്ങനെ നൽകാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

∙ യാത്ര തടസ്സപ്പെട്ടവർ റീബുക്കിങ് നടത്തണമെന്ന് എമിറേറ്റ്സ് 
യാത്ര തടസപ്പെട്ടവർ ബന്ധപ്പെട്ട ഏജന്റുമായോ എയർലൈൻ കോൾ സെന്ററുമായോ ബന്ധപ്പെട്ട് റീബുക്കിങ് നടത്തണമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. വിമാന സർവീസുകൾ പരമാവധി വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും വൈകാൻ സാധ്യത ഉള്ളതിനാൽ എയർപോർട്ടിലേക്കു പുറപ്പെടും മുൻപ് വെബ്സൈറ്റ് സന്ദർശിച്ച് പുതുക്കിയ സമയം മനസ്സിലാക്കി എത്തിയാൽ മതിയെന്നും അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.

∙ ദുബായ് വിമാനത്താവളത്തിൽ പ്രവേശനത്തിന് നിയന്ത്രണം
വിമാനയാത്ര സ്ഥിരീകരിച്ചവർക്ക് മാത്രമാകും എയർപോർട്ടിലേക്കു പ്രവേശനമെന്ന് ദുബായ് എയർപോർട്ട് അധികൃതർ അറിയിച്ചു. തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളുമായി യാത്രക്കാർ സഹകരിക്കണമെന്നും അഭ്യർഥിച്ചു.  പുതുക്കിയ വിമാന സമയം അറിയാനും റീബുക്കിങ്ങിനുമായി യാത്രക്കാർ എയർപോർട്ടിലേക്കു നേരിട്ടു വരരുതെന്നും ബന്ധപ്പെട്ട എയർലൈനുകളിലേക്കോ ട്രാവൽ ഏജന്റിനെയോ വിളിക്കണമെന്നും പറഞ്ഞു. അതത് എയർലൈനുകളുടെ വെബ്സൈറ്റിലൂടെയും പുതുക്കിയ സമയം അറിയാം.

English Summary:

UAE Rain : Airlines will refund the ticket price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com